2011, ഫെബ്രുവരി 26, ശനിയാഴ്‌ച

സങ്കീർത്തനം 18 - വിജയത്തിൽ കൃതജ്ഞതാസ്തോത്രം


1. കർത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ,
    ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
2.      അങ്ങാണ് എന്റെ രക്ഷാശിലയും
                                കോട്ടയും വിമോചകനും;
         എന്റെ ദൈവവും എനിക്കു് അഭയം 
                                           തരുന്ന പാറയും,
         എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3. സ്തുത്യർഹനായ കർത്താവിനെ 
                ഞാൻ വിളിച്ചപേക്ഷിക്കുന്നു;
    അവിടുന്നെന്നെ ശത്രുക്കളിൽ നിന്നു രക്ഷിക്കും.
4.       മരണപാശം എന്നെ ചുറ്റി,
         വിനാശത്തിന്റെ പ്രവാഹങ്ങൾ 
                                      എന്നെ ആക്രമിച്ചു.
5. പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി;
    മരണത്തിന്റെ കുരുക്ക് ഇതാ എന്റെ മേൽ വീഴുന്നു.
6.       കഷ്ടതയിൽ ഞാൻ  കർത്താവിനെ വിളിച്ചപേക്ഷിച്ചു;
          എന്റെ ദൈവത്തോട്  ഞാൻ  സഹായത്തിനായി
                                                                 നിലവിളിച്ചു;
          അവിടുന്ന് തന്റെ ആലയത്തിൽനിന്ന്
                                          എന്റെ അപേക്ഷ കേട്ടു;
          എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7. കർത്താവിന്റെ കോപത്തിൽ ഭൂമി ഞെട്ടിവിറച്ചു;
    മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
 8.        അവിടുത്തെ  നാസികയിൽനിന്ന് 
                                              ധൂമപടലമുയർന്നു;
           വായിൽ നിന്നു  സംഹാരാഗ്നി പുറപ്പെട്ടു;
           കനലുകൾ കത്തിജ്ജ്വലിച്ചു.
9. ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു;
    കൂരിരുട്ടിന്മേൽ അവിടുന്ന്  പാദം ഉറപ്പിച്ചു.
10.       കെരൂബിനെ വാഹനമാക്കി
                                       അവിടുന്ന്  പറന്നു;
            കാറ്റിന്റെ ചിറകുകളിൽ 
                                അവിടുന്ന് പാഞ്ഞുവന്നു.
11. അന്ധകാരം കൊണ്ട് അവിടുന്ന്  
                                    ആവരണം ചമച്ചു;
     ജലം നിറഞ്ഞ കാർമേഘങ്ങൾ കൊണ്ട്
                                                  വിതാനമൊരുക്കി
12.        അവിടുത്തെ മുമ്പിൽ ജ്വലിക്കുന്ന 
                                                 തേജസ്സിൽനിന്ന്
             കന്മഴയും തീക്കനലും മേഘങ്ങൾ ഭേദിച്ച്
                                      ഭൂമിയിൽ പതിച്ചു.
13. കർത്താവ് ആകാശത്തിൽ ഇടിമുഴക്കി;
      അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു;
      കന്മഴയും തീക്കനലും പൊഴിഞ്ഞു.
14.         അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു;
              മിന്നൽപ്പിണർ കൊണ്ട് അവരെ പായിച്ചു.
15. കർത്താവേ, അങ്ങയുടെ ശാസനയാൽ
      അങ്ങയുടെ  നാസികയിൽനിന്ന്
                          പുറപ്പെട്ട നിശ്വാസത്താൽ
      സമുദ്രത്തിലെ അന്തഃപ്രവാഹങ്ങൾ കാണപ്പെട്ടു;
      ഭൂമിയുടെ അടിസ്ഥാനങ്ങൾ  അനാവൃതമായി.
16.         ഉന്നമനത്തിൽനിന്നു കൈനീട്ടി
                                അവിടുന്ന് എന്നെ  പിടിച്ചു;
             പെരുവെള്ളത്തിൽ നിന്ന്
                           അവിടുന്ന് എന്നെ പോക്കിയെടുത്തു.
17. പ്രബലനായ ശത്രുവിൽനിന്നും
                     എന്നെ വെറുത്തവരിൽനിന്നും
      അവിടുന്ന് എന്നെ രക്ഷിച്ചു; അവർ
                             എന്റെ ശക്തിക്കതീതരായിരുന്നു.
18.       അനർത്ഥകാലത്ത് അവർ എന്റെമേൽ ചാടിവീണു;
            കർത്താവ്  എനിക്കഭയമായിരുന്നു.
19. അവിടുന്ന്എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു;
      എന്നിൽ പ്രസാദിച്ചതിനാൽ എന്നെ വിമോചിപ്പിച്ചു.
20.      എന്റെ നീതിക്കൊത്തവിധം കർത്താവ്
                                        എനിക്കു പ്രതിഫലം നൽകി;
          എന്റെ കൈകളുടെ നിർമ്മലതയ്ക്കു ചേർന്നവിധം
                                 എനിക്കു പകരം തന്നു.
21. കർത്താവിന്റെ  മാർഗ്ഗത്തിൽ ഞാൻ   ഉറച്ചനിന്നു;
      തിന്മചെയ്ത് എന്റെ ദൈവത്തിൽ നിന്ന്
                                   ഞാൻ   അകന്നുപോയില്ല.
22.      അവിടുത്തെ കൽപ്പനകൾ എന്റെ 
                                    കൺമുമ്പിലുണ്ടായിരുന്നു;
          അവിടുത്തെ  നിയമങ്ങൾ ഞാൻ ലംഘിച്ചില്ല.
23. അവിടുത്തെ മുമ്പിൽ ഞാൻ നിർമ്മലനായിരുന്നു;
     കുറ്റങ്ങളിൽനിന്നു ഞാൻ അകന്നുനിന്നു.
24.      എന്റെ നീതിയും കൈകളുടെ  
                                   നിഷ്കളങ്കതയും കണ്ട്
           കർത്താവ് എനിക്കു പ്രതിഫലം നൽകി.
25. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു.
     നിഷ്കളങ്കനോട് നിഷ്കളങ്കമായി പെരുമാറുന്നു.
26.      നിർമ്മലനോടു നിർമ്മലമായും
           ദുഷ്ടനോട് ക്രൂരമായും അങ്ങ് പെരുമാറുന്നു.
27. വിനീതരെ അങ്ങ് വിടുവിക്കുന്നു;
      അഹങ്കാരികളെ അങ്ങ്  വീഴ്ത്തുന്നു.
28.      അങ്ങ്  എന്റെ ദീപം കൊളുത്തുന്നു;
          എന്റെ ദൈവമായ കർത്താവ്
                      എന്റെ അന്ധകാരം അകറ്റുന്നു.
29. അവിടുത്തെ സഹായത്താൽ ഞാൻ
                                  സൈന്യനിരയെ ഭേദിക്കും;
     എന്റെ ദൈവത്തിന്റെ സഹായത്താൽ
                                   ഞാൻ കോട്ട ചാടിക്കടക്കും.
30.       ദൈവത്തിന്റെ  മാർഗ്ഗം അവികലമാണ്;
           കർത്താവിന്റെ വാഗ്ദാനം നിറവേറും;
           തന്നിൽ അഭയം തേടുന്നവർക്ക്
                           അവിടുന്ന് പരിചയാണ്.
31. കർത്താവല്ലാതെ ദൈവമാരുണ്ട്?
      നമ്മുടെ ദൈവമല്ലാതെ രക്ഷാശില 
                                                  എവിടെയുണ്ട്?
32.       അവിടുന്ന് ശക്തി കൊണ്ട്
                                എന്റെ അരമുറുക്കുന്നു;
            എന്റെ മാർഗ്ഗം സുരക്ഷിതമാക്കുന്നു.
33. അവിടുന്ന്  എന്റെ കാലുകൾക്ക് 
                       മാൻപേടയുടെ വേഗം നൽകി;
      ഉന്നതഗിരികളിൽ എന്നെ 
                                 സുരക്ഷിതനായി നിർത്തി.
34.      എന്റെ കൈകളെ അവിടുന്ന് 
                                      യുദ്ധമുറ അഭ്യസിപ്പിച്ചു;
          എന്റെ കരങ്ങൾക്ക് പിച്ചളവില്ല് 
                                           കുലയ്ക്കാൻ കഴിയും.
35. അങ്ങ് എനിക്കു് രക്ഷയുടെ പരിച നൽകി;
      അവിടുത്തെ  വലതുകൈ എന്നെ താങ്ങിനിർത്തി.
      അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.
36.       എന്റെ പാത അങ്ങ്   വിശാലമാക്കി;
            എന്റെ കാലുകൾ വഴുതിയില്ല.
37. എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു;          
      അവരെ സംഹരിക്കുവോളം ഞാൻ പിൻവാങ്ങിയില്ല.
38.        എഴുന്നൽക്കാനാവാത്ത വിധം
                             അവരെ ഞാൻ  തകർത്തു;
             അവർ എന്റെ കാൽക്കീഴിൽ ഞെരിഞ്ഞു.
39. യുദ്ധത്തിനായി ശക്തി  കൊണ്ട് 
                       അങ്ങ് എന്റെ അരമുറുക്കി;
     എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്കു്
                                           അധീനമാക്കി.
40.         എന്റെ ശത്രുക്കളെ അങ്ങ്  പലായനം ചെയ്യിച്ചു;
              എന്നെ വെറുത്തവരെ ഞാൻ നശിപ്പിച്ചു.
41. സഹായത്തിനു വേണ്ടി അവർ നിലവിളിച്ചു;
      രക്ഷിക്കാനാരുമുണ്ടായിരുന്നില്ല.
      കർത്താവിനോടു് അവർ  നിലവിളിച്ചു;
      അവിടുന്ന് ഉത്തരമരുളിയില്ല.
42.         കാറ്റിൽ പറക്കുന്ന ധൂളിപോലെ
                             ഞാൻ അവരെ പൊടിച്ചു.
             തെരുവിലെ ചെളി പോലെ കോരിക്കളഞ്ഞു.
43. ജനത്തിന്റെ കലഹത്തിൽ നിന്ന്
                                    അങ്ങെന്നെ രക്ഷിച്ചു;
     അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി.
     എനിക്കു് അപരിചിതമായിരുന്ന ജനത
                                                  എന്നെ സേവിച്ചു.
44.        എന്നെക്കുറിച്ചു കേട്ടമാത്രയിൽ അവർ
                                       എന്നെ അനുസരിച്ചു;
             അന്യജനതകൾ എന്നോടു് കേണിരന്നു.
45. അന്യജനതകൾക്ക് ധൈര്യമറ്റു;  കോട്ടകളിൽ നിന്ന്
                      വിറയലോടെ അവർ പുറത്തുവന്നു.
46.        കർത്താവ് ജീവിക്കുന്നു; 
                     എന്റെ രക്ഷാശില  വാഴ്ത്തപ്പെടട്ടെ!
             എന്റെ രക്ഷയുടെ  ദൈവം സ്തുതിക്കപ്പെടട്ടെ!
47. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു;
                            ജനതകളെ എനിക്കധീനമാക്കി
48.        ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
             വൈരികൾക്കുമേൽ എന്നെ ഉയർത്തി;
             അക്രമികളിൽനിന്ന് അവിടുന്ന് എന്നെവിടുവിച്ചു.
49. ആകയാൽ കർത്താവേ, ജനതകളുടെ മദ്ധ്യേ
               ഞാനങ്ങേയ്ക്ക് കൃതജ്ഞതാസ്തോത്രം ആലപിക്കും;
      അങ്ങയുടെ നാമം പാടി സ്തുതിക്കും.
50.       തന്റെ രാജാവിന് അവിടുന്ന് വൻവിജയം നൽകുന്നു;
           തന്റെ അഭിഷിക്തനോട് എന്നേയ്ക്കും
                               കാരുണ്യം കാണിക്കുന്നു;
           ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

സങ്കീർത്തനം 17 - നിഷ്കളങ്കന്റെ പ്രതിഫലം


1. കർത്താവേ എന്റെ ന്യായം കേൾക്കേണമേ!
   എന്റെ നിലവിളി ശ്രദ്ധിക്കേണമേ!
   നിഷ്കപടമായ എന്റെ അധരങ്ങളിൽ നിന്നുള്ള 
                                     പ്രാർത്ഥന ശ്രവിക്കേണമേ! 
2.      എന്റെ വിധി അങ്ങയുടെ സന്നിധിയിൽ നിന്നു
                                                        പുറപ്പെടട്ടെ!
         അങ്ങയുടെ  കണ്ണ് ന്യായം  കാണുമാറാകട്ടെ!
3. അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാൽ,
    രാത്രിയിൽ എന്നെ സന്ദർശിച്ചാൽ,
    അങ്ങ് എന്നെ ഉരച്ചുനോക്കിയാൽ,
    എന്നിൽ തിന്മ കണ്ടെത്തുകയില്ല;
    എന്റെ അധരങ്ങൾ പ്രമാണം ലംഘിക്കുകയില്ല.
4.       മറ്റുള്ളവർ ചെയ്യുന്നതുപോലെ 
                               ഞാൻ തിന്മ പ്രവർത്തിച്ചിട്ടില്ല;
         അങ്ങയുടെ അധരങ്ങളിൽ നിന്നു
                     പുറപ്പെടുന്ന വചനം ഞാൻ അനുസരിച്ചു;
         അക്രമികളുടെ പാതയിൽനിന്നു
                                 ഞാൻ  ഒഴിഞ്ഞുനിന്നു.
5. എന്റെ കാലടികൾ അങ്ങയുടെ
                           പാതയിൽത്തന്നെ പതിഞ്ഞു;
   എന്റെ പാദങ്ങൾ വഴുതിയില്ല.
6.        ഞാൻ  അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
           ദൈവമേ, അങ്ങെനിക്ക് ഉത്തരമരുളും;
           അങ്ങ് ചെവി ചായ്ച്ച് എന്റെ വാക്കുകൾ
                                                         ശ്രവിക്കേണമേ!
7. തന്റെ വലതുകൈയിൽ  അഭയം തേടുന്നവരെ
    ശത്രുക്കളിൽ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ,
    അങ്ങയുടെ കാരുണ്യം വിസ്മയകരമായി
                                         പ്രദർശിപ്പിക്കേണമേ!
8.        കണ്ണിന്റെ കൃഷ്ണമണി പോലെ
                   എന്നെ കാത്തുകൊള്ളേണമേ!
           അങ്ങയുടെ ചിറകിന്റെ നിഴലിൽ
                         എന്നെ മറച്ചുകൊള്ളേണമേ!
9. എന്നെ ഞെരുക്കുന്ന ദുഷ്ടരിൽ നിന്നും
    എന്നെ വളഞ്ഞിരിക്കുന്ന കൊടുംശത്രുക്കളിൽനിന്നും
                                എന്നെ  രക്ഷിക്കേണമേ!
10.        അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല;
             അവരുടെ അധരങ്ങൾ വമ്പു പറയുന്നു.
11. അവർ എന്നെ അനുധാവനം ചെയ്യുന്നു;
      ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു.
      എന്നെ നിലംപതിപ്പിക്കാൻ അവർ
                        എന്റെ മേൽ കണ്ണുവച്ചിരിക്കുന്നു.
12.        കടിച്ചുചീന്താൻ വെമ്പുന്ന
                              സിംഹത്തെപ്പോലെയാണവർ;
             പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ തന്നെ.
13. കർത്താവേ, എഴുന്നറ്റ് അവരെ 
                        എതിർത്തു തോൽപ്പിക്കേണമേ!
      അങ്ങയുടെ വാൾ നീചനിൽനിന്ന് എന്നെ രക്ഷിക്കട്ടെ.
14.        ഇഹലോകജീവിതം മാത്രം ഓഹരിയായി
                                             കരുതുന്ന മർത്യരിൽനിന്ന്
            അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ!
            അങ്ങ് അവർക്കുവേണ്ടി 
                            ഒരുക്കിയിരിക്കുന്നവ കൊണ്ട്
           അവരുടെ  വയർ നിറയട്ടെ!
           അവരുടെ  സന്തതികൾക്കും 
                            സമൃദ്ധമായി ലഭിക്കട്ടെ!
           മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങൾക്കുവേണ്ടി
                                     നീക്കി വയ്ക്കട്ടെ!
15. നീതി നിമിത്തം ഞാൻ അങ്ങയുടെ മുഖം ദർശിക്കും;
     ഉണരുമ്പോൾ ഞാനങ്ങയുടെ
                                  രൂപം കണ്ടു തൃപ്തിയടയും.

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

സങ്കീർത്തനം 16 - ദൈവം എന്റെ അവകാശം


1. ദൈവമേ, എന്നെ കാത്തുകൊള്ളേണമേ!
   ഞാനങ്ങയിൽ ശരണം വച്ചിരിക്കുന്നു.
2.      അവിടുന്നാണ് എന്റെ കർത്താവ്;
         അങ്ങിൽ നിന്നല്ലാതെ എനിക്കു നന്മയില്ല
                       എന്നു ഞാൻ  കർത്താവിനോടു പറയും.
3. ലോകം വിശുദ്ധരെന്നു കരുതുന്ന 
                        ദേവന്മാർ നിസ്സാരരാണ്;
   അവരിൽ ആനന്ദം കൊള്ളുന്നവർ അഭിശപ്തരാണ്.
4.       അന്യദേവന്മാരെ അനുഗമിക്കുന്നവർ
                     തങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നു;
          ഞാൻ അവർക്കു് രക്തം കൊണ്ട് 
                       പാനീയബലി അർപ്പിക്കുകയില്ല.
          ഞാൻ  അവരുടെ നാമം ഉച്ചരിക്കുകയില്ല.
5. കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
    എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
6.      അഭികാമ്യമായ ദാനമാണ് എനിക്കു്
                                അളന്നുകിട്ടിയിരിക്കുന്നത്;
         വിശിഷ്ടമായ അവകാശം എനിക്കു
                                               ലഭിച്ചിരിക്കുന്നു.
7. എനിക്കു് ഉപദേശം നൽകുന്ന കർത്താവിനെ
                            ഞാൻ  വാഴ്ത്തുന്നു;
    രാത്രിയിലും എന്റെ അന്തരംഗത്തിൽ 
                                പ്രബോധനം നിറയുന്നു.
8.       കർത്താവ് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്;
          അവിടുന്ന് എന്റെ വലുതുഭാഗത്തുള്ളതുകൊണ്ട്
                              ഞാൻ   കുലുങ്ങുകയില്ല.
9. അതിനാൽ എന്റെ ഹൃദയം സന്തോഷിക്കുകയും
    അന്തരംഗം ആനന്ദം  കൊള്ളുകയും ചെയ്യുന്നു.
    എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
19.      അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല;
           അങ്ങയുടെ പരിശുദ്ധൻ ജീർണ്ണിക്കാൻ
                                               അനുവദിക്കുകയില്ല.
11. അങ്ങ് എനിക്കു് ജീവന്റെ മാർഗ്ഗം
                                      കാണിച്ചുതരുന്നു;
     അങ്ങയുടെ  സന്നിധിയിൽ ആനന്ദത്തിന്റെ 
                                                        പൂർണ്ണതയുണ്ട്;
    അങ്ങയുടെ   വലുതുകൈയിൽ 
                          ശാശ്വതമായ  സന്തോഷമുണ്ട്.

സങ്കീർത്തനം 15 - നീതിയുടെ മാനദണ്ഡം


1. കർത്താവേ, അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും?
   അങ്ങയുടെ വിശുദ്ധഗിരിയിൽ ആരു വാസമുറപ്പിക്കും?
2.      നിഷ്കളങ്കനായി ജീവിക്കുകയും 
                   നീതി മാത്രം പ്രവർത്തിക്കുകയും
        ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവൻ.
3. പരദൂഷണം പറയുകയോ 
               സ്നേഹിതനെ ദ്രോഹിക്കയോ
    അയൽക്കാരനെതിരെ അപവാദം 
                    പരത്തുകയോ ചെയ്യാത്തവൻ.
4.      ദുഷ്ടനെ പരിഹാസ്യനായി കരുതുകയും
                    ദൈവഭക്തനോട് ആദരം കാണിക്കുകയും
         നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും 
                                      ചെയ്യുന്നവൻ.
5. കടത്തിനു പലിശ ഈടാക്കുകയോ നിർദ്ദോഷനെതിരെ
              കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ;
     ഇങ്ങനെയുള്ളവൻ നിർഭയനായിരിക്കും.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

സങ്കീർത്തനം13 - ദുഃഖിതന്റെ പ്രാർത്ഥന


1. കർത്താവേ, എത്രനാൾ അങ്ങെന്നെ മറക്കും?
    എന്നേയ്ക്കുമായി എന്നെ വിസ്മരിക്കുമോ?
    എത്രനാൾ  അങ്ങയുടെ മുഖം
                  എന്നിൽനിന്ന് മറച്ചുപിടിക്കും?
2.        എത്രനാൾ ഞാൻ  വേദന സഹിക്കണം?
           എത്രനാൾ രാപ്പകൽ ഹൃദയവ്യഥ അനുഭവിക്കണം?
           എത്രനാൾ എന്റെ ശത്രു എന്നെ ജയിച്ചുനിൽക്കും?
3. എന്റെ ദൈവമായ കർത്താവേ,
                എന്നെ കടാക്ഷിച്ച് ഉത്തരമരുളേണമേ!
    ഞാൻ  മരണനിദ്രയിൽ വഴുതിവീഴാതിരിക്കാൻ
                എന്റെ നയനങ്ങളെ  പ്രകാശിപ്പിക്കേണമേ!
4.        ഞാനവനെ കീഴ്പ്പെടുത്തി എന്ന്
                         എന്റെ ശത്രു പറയാൻ ഇടയാക്കരുതേ!
           ഞാൻ   പരിഭ്രമിക്കുന്നതു കണ്ട് എന്റെ ശത്രു
                                   ആനന്ദിക്കാൻ ഇടവരുത്തരുതേ!
5. ഞാൻ   അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു;
    എന്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ 
                                                 ആനന്ദംകൊള്ളും.
6.        ഞാൻ കർത്താവിനെ പാടിസ്തുതിക്കും;
                അവിടുന്ന് എന്നോടു് അതിരറ്റ കരുണ
                                                    കാണിച്ചിരിക്കുന്നു.

സങ്കീർത്തനം 14 - ദൈവനിഷേധകന്റെ മൗഢ്യം


1. ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
   മ്ളേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു.
   നന്മ ചെയ്യുന്നവര്‍ ആരുമില്ല.
2.      കർത്താവ് സ്വർഗ്ഗത്തിൽനിന്നു
                        മനുഷ്യമക്കളെ നോക്കുന്നു;
        ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്
                           അവിടുന്ന് ആരായുന്നു.
3. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി;
    നന്മ ചെയ്യുന്നവനില്ല; ഒരുവൻ പോലുമില്ല.
4.     ഈ അധർമ്മികൾക്കു ബോധമില്ലേ?
        ഇവർ എന്റെ ജനത്തെ അപ്പം പോലെ
                                             തിന്നൊടുക്കുന്നു;
        ഇവർ  കർത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.
5. അവിടെ അവരെ പരിഭ്രാന്തി പിടികൂടും;
    എന്തെന്നാൽ ദൈവം നീതിമാന്മാരോടു
                                                           കൂടെയാണ്.
6.     നിങ്ങൾ  ദരിദ്രന്റെ  പ്രതീക്ഷകളെ
                                           തകർക്കാൻ നോക്കും;
       എന്നാൽ കർത്താവ്  അവന് അഭയമായുണ്ട്.
7. ഇസ്രായേലിന്റെ വിമോചനം
                 സീയോനിൽനിന്നു വന്നിരുന്നെങ്കിൽ!
   കർത്താവ്  തന്റെ  ജനതയുടെ സുസ്ഥിതി
          പുനഃസ്ഥാപിക്കുമ്പോൾ യാക്കോബ് 
                   ആനന്ദിക്കും; ഇസ്രായേൽ സന്തോഷിക്കും.

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

സങ്കീർത്തനം12 - കാപട്യം നിറഞ്ഞ ലോകം


1. കർത്താവേ, സഹായിക്കേണമേ;
   ദൈവഭക്തർ ഇല്ലാതായിരിക്കുന്നു;
   മനുഷ്യമക്കളിൽ വിശ്വസ്തരാരും ഇല്ലാതായി.
2.    ഓരോരുത്തരും അയൽക്കാരനോട് 
                                  അസത്യം പറയുന്നു;
      അവരുടെ അധരങ്ങളിൽ മുഖസ്തുതിയും
                      ഹൃദയത്തിൽ കാപട്യവുമാണ്.
3. മുഖസ്തുതി പറയുന്ന അധരങ്ങളെയും
                വീമ്പിളക്കുന്ന നാവിനെയും 
   കർത്താവ് ഛേദിച്ചുകളയട്ടെ.
4.     നാവുകൊണ്ടു ഞങ്ങൾ ജയിക്കും;
       അധരങ്ങൾ ഞങ്ങൾക്കു തുണയുണ്ട്;
       ആരുണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ
                               എന്ന് അവർ പറയുന്നു.
5. എന്നാൽ കർത്താവ്  അരുളിച്ചെയ്യുന്നു;
    ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു;
    പാവങ്ങൾ നെടുവീർപ്പിടുന്നു;
    അതിനാൽ അവർ ആശിക്കുന്ന അഭയം
                            ഞാൻ അവർക്കു നൽകും.
6.       കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമ്മലമാണ്;
          ഉലയിൽ ഏഴാവർത്തി ശുദ്ധി ചെയ്തെടുത്ത 
                                                 വെള്ളിയാണ്.
7. കർത്താവേ, ഞങ്ങളെ  കാത്തുകൊള്ളേണമേ!
    ഈ തലമുറയിൽ നിന്നു ഞങ്ങളെ  
                                 കാത്തുകൊള്ളേണമേ!
8.       ദുഷ്ടർ എങ്ങും പരതിനടക്കുന്നു;
          മനുഷ്യപുത്രരുടെ ഇടയിൽ
                            നീചത്വം ആദരിക്കപ്പെടുന്നു.

സങ്കീർത്തനം 11 - നീതിമാന്റെ ആശ്രയം


1. ഞാൻ കർത്താവിൽ അഭയം തേടുന്നു;
    പക്ഷിയെപ്പോലെ പർവ്വതങ്ങളിൽ പോയി 
                     ഒളിക്കുക എന്ന് നിങ്ങൾക്കെന്നോട്
                                എങ്ങനെ പറയാൻ കഴിയും?
2.      നിഷ്കളങ്കഹൃദയരെ ഇരുട്ടത്തെയ്യാൻ വേണ്ടി
                 ദുഷന്മാർ വില്ലുകുലച്ച്അമ്പു തൊടുത്തിരിക്കുന്നു.
3.അടിത്തറ തകർന്നാൽ നീതിമാൻ എന്തുചെയ്യും?
4.      കർത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്;
         അവിടുത്തെ സിംഹാസനം സ്വർഗ്ഗത്തിലാണ്.
         അവിടുത്തെ  കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു;
         അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
5. കർത്താവ് നീതിമാനെയും ദുഷ്ടനെയും 
                                      പരിശോധിക്കുന്നു;
    അക്രമം ഇഷ്ടപ്പെടുന്നവനെ
                     അവിടുന്ന് വെറുക്കുന്നു.
6.      ദുഷ്ടരുടെ മേൽ അവിടുന്ന്  തീക്കനലും 
                                   ഗന്ധകവും വർഷിക്കും;
        അവരുടെ പാനപാത്രം നിറയെ
                                   ഉഷ്ണക്കാറ്റായിരിക്കും.
7. കർത്താവ് നീതിമാനാണ്; അവിടുന്ന്
                നീതിയുക്തമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു;
   പരമാർത്ഥഹൃദയർ അവിടുത്തെ മുഖം ദർശിക്കും.

സങ്കീർത്തനം - 10 നീതിക്കുവേണ്ടിയുള്ള പ്രാർത്ഥന


1. കർത്താവേ, എന്തുകൊണ്ടാണ് 
           അവിടുന്ന് അകന്നു നിൽക്കുന്നത്?
    ഞങ്ങളുടെ കഷ്ടകാലത്ത്
           അവിടുന്ന് മറഞ്ഞിരിക്കുന്നതെന്ത്?
2.     ദുഷ്ടർ ഗർവ്വോടെ പാവങ്ങളെ 
                            പിന്തുടർന്നു പീഡിപ്പിക്കുന്നു;
        അവർ വച്ച കെണിയിൽ
                      അവർ തന്നെ വീഴട്ടെ.
3. ദുഷ്ടൻ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു
                                    വമ്പു പറയുന്നു;
    അത്യാഗ്രഹി കർത്താവിനെ ശപിച്ചുതള്ളുന്നു.
4.      ദുഷ്ടൻ തന്റെ അഹങ്കാരത്തള്ളലാൽ 
                          അവിടുത്തെ അന്വേഷിക്കുന്നില്ല;
        ദൈവമില്ല എന്നാണ് അവന്റെ വിചാരം.
5. അവന്റെ മാർഗ്ഗങ്ങൾ എപ്പോഴും വിജയിക്കുന്നു;
   അവിടുത്തെ ന്യായവിധി അവനു
             കണ്ണെത്താത്തവിധം ഉയരത്തിലാണ്‌;
   അവൻ തന്റെ ശത്രുക്കളെ പുച്ഛിച്ചു തള്ളുന്നു.
6.     ഞാൻ കുലുങ്ങുകയില്ല;
        ഒരുകാലത്തും എനിക്ക് അനർത്ഥം 
              ഉണ്ടാവുകയില്ലെന്ന് അവൻ  ചിന്തിക്കുന്നു.
7. അവന്റെ വായ് ശാപവും വഞ്ചനയും
           ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു;
    അവന്റെ നാവിനടിയിൽ ദ്രോഹവും
                 അധർമ്മവും കുടികൊള്ളുന്നു.
8.      അവൻ ഗ്രാമങ്ങളിൽ പതിയിരിക്കുന്നു;
        ഒളിച്ചിരുന്ന് അവൻ  നിർദ്ദോഷരെ കൊലചെയ്യുന്നു;
        അവന്റെ  കണ്ണുകൾ നിസ്സഹായരെ 
                                         ഗൂഢമായി തിരയുന്നു.
9 പാവങ്ങളെ പിടിക്കാൻ അവൻ  
                       സിംഹത്തെപ്പോലെ പതിയിരിക്കുന്നു;
  പാവങ്ങളെ  വലയിൽക്കുരുക്കി
                     അവൻ   പിടിയിലമർത്തുന്നു.
10.     നിസ്സഹായർ ഞെരിഞ്ഞമർന്നുപോകുന്നു;
          ദുഷ്ടന്റെ ശക്തിയാൽ അവൻ നിലംപതിക്കുന്നു.
11. ദൈവം മറന്നിരിക്കുന്നു, അവിടുന്ന് 
                         മുഖം മറച്ചിരിക്കുകയാണ്;
      അവിടുന്ന് ഒരിക്കലുമിത് കാണുകയില്ല എന്ന്
                                          ദുഷ്ടൻ വിചാരിക്കുന്നു.
12.       കർത്താവേ, ഉണരേണമേ!
           ദൈവമേ അവിടുന്ന് കരമുയർത്തേണമേ!
                                    പീഡിതരെ മറക്കരുതേ!
13. ദുഷ്ടൻ  ദൈവത്തെ നിഷേധിക്കുന്നതും
     അവിടുന്ന്  കണക്കു ചോദിക്കയില്ലെന്ന്
                ഹൃദയത്തിൽ മന്ത്രിക്കുന്നതും എന്തുകൊണ്ട്?
14.     അങ്ങ് കാണുന്നുണ്ട്, കഷ്ടപ്പാടുകളും ക്ളേശങ്ങളും
                        അങ്ങ് തീർച്ചയായും കാണുന്നുണ്ട്;
          അങ്ങ്  അവ ഏറ്റെടുക്കും; നിസ്സഹായൻ 
                      തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു;
          അനാഥന് അവിടുന്ന്  സഹായനാണല്ലോ.
15. ദുഷ്ടന്റെയും അധർമ്മിയുടേയും ഭുജം 
                                            തകർക്കേണമേ!
     ദുഷ്ടതയ്ക്ക് അറുതി വരുന്നതുവരെ അതു 
                                തിരഞ്ഞു നശിപ്പിക്കേണമേ!
16.       കർത്താവ് എന്നേയ്ക്കും രാജാവാണ്.
            ജനതകൾ അവിടുത്തെ ദേശത്തുനിന്ന്
                                           അറ്റുപോകും.
17. കർത്താവേ, എളിയവരുടെ അഭിലാഷം
                                     അവിടുന്ന് നിറവേറ്റും;
     അവരുടെ ഹൃദയത്തിന് ധൈര്യം പകരും;
     അവിടുന്ന്   അവർക്കു് ചെവികൊടുക്കും.
18.       അനാഥർക്കും പീഡിതർക്കും അവിടുന്ന്   
                                 നീതി നടത്തിക്കൊടുക്കും;
           മണ്ണിൽ നിന്നുള്ള മനുഷ്യൻ ഇനിമേൽ
                         അവരെ ഭീഷണിപ്പെടുത്തുകയില്ല.

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

സങ്കീർത്തനം 9 - മർദ്ദിതന്റെ പ്രത്യാശ


1. പൂർണ്ണ ഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും;
   അവിടുത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ വിവരിക്കും.
2.      ഞാൻ അങ്ങയിൽ ആഹ്ളാദിച്ചുല്ലസിക്കും;
         അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു 
                                            ഞാൻ സ്തോത്രമാലപിക്കും.
3. എന്തെന്നാൽ എന്റെ എതിരാളികൾ  
            പിന്തിരിഞ്ഞോടിയപ്പോൾ   കാലിടറി വീഴുകയും
                       അങ്ങയുടെ മുമ്പിൽ നാശമടയുകയും ചെയ്തു.
4.      അങ്ങെനിക്കു നീതി നടത്തിത്തന്നിരിക്കുന്നു;
         അങ്ങ് ന്യായാസനത്തിലിരുന്ന്
                     നീതിപൂർവ്വകമായ വിധി പ്രസ്താവിച്ചു.
5. അവിടുന്ന് ജനതകളെ ശകാരിച്ചു;
    അവിടുന്ന് ദുഷ്ടരെ നശിപ്പിച്ചു;
    അവരുടെ നാമം എന്നേയ്ക്കുമായി 
                                  മായിച്ചുകളഞ്ഞു.
6.        ശത്രു നാശക്കൂമ്പാരത്തിൽ അപ്രത്യക്ഷമായിരിക്കുന്നു;
           അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനം ചെയ്തു;
           അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു
7. എന്നാൽ കർത്താവ് എന്നേയ്ക്കുമായി 
                           സിംഹാസനസ്ഥനായിരിക്കുന്നു;
    ന്യായവിധിക്കാണ് അവിടുന്ന്  സിംഹാസനം 
                                   സ്ഥാപിച്ചിരിക്കുന്നത്.
8. അവിടുന്ന്  ലോകത്തെ നീതിയോടെ വിധിക്കുന്നു;
   അവിടുന്ന് ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9.         കർത്താവ്  മർദ്ദിതരുടെ ശക്തിദുർഗ്ഗമാണ്;
            കഷ്ടകാലത്ത് അവരുടെ  അഭയസ്ഥാനവും.
10. അങ്ങയുടെ  നാമമറിയുന്നവർ
                       അങ്ങിൽ വിശ്വാസമർപ്പിക്കുന്നു;
     കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ
                              അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
11.       സീയോനിൽ വസിക്കുന്ന കർത്താവിനു 
                                       സ്തോത്രമാലപിക്കുവിൻ;
            അവിടുത്തെ പ്രവൃത്തികളെ ജനതകളുടെയിടയിൽ
                                                            പ്രഘോഷിക്കുവിൻ.
12. എന്തെന്നാൽ രക്തത്തിനു പ്രതികാരം  ചെയ്യുന്ന
                                  അവിടുന്ന് അവരെ ഓർമ്മിക്കും.
      പീഡിതരുടെ നിലവിളി അവിടുന്ന് മറക്കുന്നില്ല.
13.         കർത്താവേ! എന്നോടു കരുണ കാണിക്കേണമേ!
             മരണകവാടത്തിൽ നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,
             വൈരികൾ മൂലം ഞാൻ സഹിക്കുന്ന 
                                          പീഢകൾ കാണണമേ.
14. അങ്ങനെ ഞാൻ  അവിടുത്തെ  സ്തുതികൾ  ആലപിക്കട്ടെ!
     അങ്ങു നൽകിയ വിമോചനമോർത്ത്
15.     സീയോൻപുത്രിയുടെ കവാടങ്ങളിൽ
                                  ഞാൻ  സന്തോഷിക്കട്ടെ!
         തങ്ങൾ കുഴിച്ച കുഴിയിൽത്തന്നെ
                                     ജനതകൾ വീണടിഞ്ഞു;
         തങ്ങൾ  ഒരുക്കിയ കെണിയിൽ
                           അവരുടെ തന്നെ പാദങ്ങൾ കുരുങ്ങി.
16. കർത്താവ് തന്നെത്തന്നെ വെളിപ്പെടുത്തി,
     അവിടുന്ന് ന്യായവിധി നടത്തി,
     ദുഷ്ടർ സ്വന്തം കരവേലകളിൽ കുടുങ്ങി.
17.       ദുഷ്ടർ  പാതാളത്തിൽ പതിക്കട്ടെ!
           ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.
18. ദരിദ്രർ എന്നേയ്ക്കും വിസ്മരിക്കപ്പെടുകയില്ല;
      പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി  അസ്തമിക്കുകയില്ല.
19.      കർത്താവേ, എഴുന്നേൽക്കേണമേ!
          മനുഷ്യൻ അഹങ്കരിക്കാതിരിക്കട്ടെ!
          ജനതകൾ അങ്ങയുടെ സന്നിധിയിൽ
                                             വിധിക്കപ്പെടട്ടെ!
20. കർത്താവേ, അവരെ ഭയാധീനരാക്കേണമേ!
      തങ്ങൾ  വെറും മർത്ത്യരാണെന്നു
                       ജനതകൾ മനസ്സിലാക്കട്ടെ!

സങ്കീർത്തനം 8 - മനുഷ്യൻ സൃഷ്ടിയുടെ മകുടം


1. കർത്താവേ, ഞങ്ങളുടെ കർത്താവേ,
    ഭൂമിയിലെങ്ങും അവിടുത്തെ നാമം 
                                 എത്ര മഹനീയം!
   അങ്ങയുടെ മഹത്വം ആകാശങ്ങൾക്കുമീതെ
                            പ്രകീർത്തിക്കപ്പെടുന്നു.
2.      ശത്രുക്കളെയും രക്തദാഹികളെയും 
                                         നിശ്ശബ്ദരാക്കാൻ 
         അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന
                                              കുഞ്ഞുങ്ങളുടെയും
        അധരങ്ങൾകൊണ്ട് സുശ്ശക്തമായ കോട്ടകെട്ടി.
3. അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും
    അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു.
4.      അവിടുത്തെ  ചിന്തയിൽ വരാൻമാത്രം
                                    മർത്ത്യനെന്തു മേന്മയുണ്ട്?
         അവിടുത്തെ  പരിഗണന ലഭിക്കാൻ
                  മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?
5. എന്നിട്ടും അവിടുന്ന്  അവനെ
                    ദൈവദൂതന്മാരേക്കാൾ അൽപ്പം മാത്രം താഴ്ത്തി;
    മഹത്വവും ബഹുമാനവും കൊണ്ട്
                                അവനെ മകുടമണിയിച്ചു.
6.      അങ്ങ് സ്വന്തം കരവേലകൾക്കുമേൽ
                                    അവനു് ആധിപത്യം നൽകി;
         എല്ലാറ്റിനേയും അവന്റെ പാദത്തിൻകീഴിലാക്കി..
7. ആടുകളെയും കാളകളെയും 
                               വന്യമൃഗങ്ങളെയും
8.      ആകാശത്തിലെ പറവകളേയും
                സമുദ്രത്തിലെ മൽസ്യങ്ങളേയും
         കടലിൽ സഞ്ചരിക്കുന്ന സകലതിനെയും തന്നെ.
9. കർത്താവേ, ഞങ്ങളുടെ കർത്താവേ,
    ഭൂമിയിലെങ്ങും അവിടുത്തെ നാമം 
                                എത്ര മഹനീയം!

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

സങ്കീർത്തനം 7 - നീതിക്കുവേണ്ടിയുള്ള പ്രാർത്ഥന


1. എന്റെ ദൈവമായ കർത്താവേ,
                അങ്ങിൽ ഞാൻ അഭയം തേടുന്നു;
   എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന്
               എന്നെ രക്ഷിക്കേണമേ, മോചിപ്പിക്കേണമേ!
2.      അല്ലെങ്കിൽ സിംഹത്തെപ്പോലെ
                        അവർ എന്നെ ചീന്തിക്കീറു;
         ആരും  രക്ഷിക്കാനില്ലാതെ 
                        എന്നെ വലിച്ചിഴയ്ക്കും.
3. എന്റെ ദൈവമായ കർത്താവേ, 
                  ഞാനതു ചെയ്തിട്ടുണ്ടെങ്കിൽ,
    ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ,
4.        ഞാൻ  എന്റെ സുഹൃത്തിനു തിന്മ 
                           പ്രതിഫലം കൊടുത്തിട്ടുണ്ടെങ്കിൽ.
           അകാരണമായി ശത്രുവിനെ
                               കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ.
5. ശത്രു എന്നെ പിന്തുടർന്നു കീഴടക്കിക്കൊള്ളട്ടെ;
    എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ;
    പ്രാണനെ പൂഴിയിൽ ആഴ്ത്തിക്കൊള്ളട്ടെ.
6.        കർത്താവേ, കോപത്തോടെ 
                              എഴുന്നേൽക്കേണമേ!
          എന്റെ ശത്രുക്കളുടെ ക്രോധത്തെ
                       നേരിടാൻ എഴുന്നേൽക്കേണമേ!
          ദൈവമേ, ഉണരേണമേ!
          അവിടുന്ന് ഒരു ന്യായവിധി
                             നിശ്ചയിച്ചിട്ടുണ്ടല്ലോ.
7. ജനതകൾ അങ്ങയുടെ ചുറ്റും
                     സമ്മേളിക്കട്ടെ!
   അവർക്കു  മുകളിൽ ഒരു ഉയർന്ന സിംഹാസനത്തിൽ
               അവിടുന്ന് ഉപവിഷ്ടനാകേണമേ!
8.        കർത്താവ് ജനതകളെ വിധിക്കുന്നു;
           കർത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും
                          ഒത്തവിധം എന്നെ വിധിക്കേണമേ!
9. നീതിമാനായ ദൈവമേ, മനസ്സുകളേയും 
                    ഹൃദയങ്ങളേയും പരിശോധിക്കുന്നവനേ,
    ദുഷ്ടരുടെ തിന്മയ്ക്ക് അറുതി വരുത്തുകയും
               നീതിമാന്മാർക്ക് പ്രതിഷ്ഠ നൽകുകയും  ചെയ്യണമേ!
10.      ഹൃദയ നിഷ്കളങ്കതയുള്ളവരെ 
                   രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച.
11. ദൈവം നീതിമാനായ  ന്യായാധിപനാണ്;
     അവിടുന്ന് ദിനംപ്രതി രോഷംകൊള്ളുന്ന ദൈവമാണ്.
12.       മനുഷ്യൻ മനസ്സു തിരിയുന്നില്ലെങ്കിൽ
                  അവിടുന്ന്  വാളിനു മൂർച്ചകൂട്ടും;
           അവിടുന്ന്  വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു.
13. അവിടുന്ന്  തന്റെ ശരങ്ങളെ തീയമ്പുകളാക്കി,
     മാരകായുധങ്ങൾ സജ്ജമാക്കിയിരിക്കുന്നു.
14.      ഇതാ, ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു;
          അധർമ്മത്തെ ഉദരത്തിൽ വഹിക്കുന്നു;
          വഞ്ചനയെ പ്രസവിക്കുന്നു.
15. അവൻ കുഴികുഴിക്കുന്നു;
     താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴുന്നു.
16.     അവന്റെ ദുഷ്ടത അവന്റെ
                          തലയിൽത്തന്നെ പതിക്കുന്നു;
         അവന്റെ അക്രമം അവന്റെ 
                      നെറുകയിൽത്തന്നെ തറയുന്നു.
17. കർത്താവിന്റെ നീതിക്കൊത്ത്
                 ഞാൻ   അവിടുത്തേക്കു നന്ദിപറയും;
     അത്യുന്നതനായ കർത്താവിന്റെ  നാമത്തിനു
                                ഞാൻ സ്ത്രോത്രമാലപിക്കും.  

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

സങ്കീർത്തനം 6 - ദുഃഖിതന്റെ വിലാപം



1. കർത്താവേ,  കോപത്തോടെ

               എന്നെ ശകാരിക്കരുതേ!
   ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
2.      കർത്താവേ, ഞാൻ തളർന്നിരിക്കുന്നു,
                     എന്നോടു കരുണ തോന്നേണമേ!
        കർത്താവേ, എന്റെ അസ്ഥികൾ 
                                ഇളകിയിരിക്കുന്നു;
        എന്നെ സുഖപ്പെടുത്തേണമേ!
3. എന്റെ ആത്മാവ് അത്യന്തം 
                   അസ്വസ്ഥമായിരിക്കുന്നു;
    കർത്താവേ, ഇനിയും എത്രനാൾ!
4.         കർത്താവേ, എന്റെ ജീവൻ 
                        രക്ഷിക്കാൻ  വരേണമേ!
            അങ്ങയുടെ കാരുണ്യത്താൽ 
                           എന്നെ മോചിപ്പിക്കേണമേ!
5. മൃതരുടെ ലോകത്ത് ആരും
              അങ്ങയെ അനുസ്മരിക്കുന്നില്ല;
    പാതാളത്തിൽ ആര് അങ്ങയെ സ്തുതിക്കും?
6.         കരഞ്ഞു കരഞ്ഞ് ഞാൻ തളർന്നു;
            രാത്രിതോറും ഞാൻ  കണ്ണീരൊഴുക്കി;
            എന്റെ തലയണ കുതിർന്നു;
            കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു.
7. ദുഃഖം കൊണ്ട് എന്റെ കണ്ണു മങ്ങുന്നു;
    ശത്രുക്കൾ നിമിത്തം അതു ക്ഷയിക്കുന്നു.
8.         അധർമ്മികളേ, എന്നിൽനിന്ന്
                         അകന്നുപോകുവിൻ;
           കർത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു..
9. കർത്താവ്  എന്റെ യാചന ശ്രവിക്കുന്നു;
    അവിടുന്ന് എന്റെ പ്രാർത്ഥന കൈക്കൊള്ളുന്നു.
10.       എന്റെ സകല ശത്രുക്കളും
                         ലജ്ജിച്ചു പരിഭ്രാന്തരാകും;
            അവർ ക്ഷണത്തിൽ അപമാനിതരായി    
                                                              പിൻവാങ്ങും.