2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

സങ്കീർത്തനം 4


ദൈവത്തിൽ ആനന്ദവും സുരക്ഷിതത്വവും

1. എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ,
    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ
    എനിക്കുത്തരമരുളേണമേ!
    ഞെരുക്കത്തിൽ അങ്ങ് 
    എനിക്ക് അഭയമരുളി;
    കാരുണ്യപൂർവ്വം എന്റെ 
    പ്രാർത്ഥന കേൾക്കണമേ!
2.     മാനവരേ, എത്രനാൾ നിങ്ങൾ
        എന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കും?
        എത്രനാൾ നിങ്ങൾ പൊള്ളവാക്കുകളിൽ 
        രസിച്ച് വ്യാജം അന്വേഷിക്കും?
3. കർത്താവ് നീതിമാന്മാരെ തനിക്കായി
    തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് 
    അറിഞ്ഞുകൊള്ളുവിൻ.
    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ
    അവിടുന്ന് കേൾക്കുന്നു.
4.    കോപിച്ചുകൊള്ളുക; എന്നാൽ
       പാപം ചെയ്യരുത്.
       നിങ്ങൾ കിടക്കയിൽവച്ചു
       ധ്യാനിച്ചു മൗനമായിരിക്കുക.
5.   ഉചിതമായ ബലികൾ അർപ്പിക്കുകയും
     കർത്താവിൽ ആശ്രയിക്കുകയും ചെയ്യുവിൻ.
6.     ആരു നമുക്ക് നന്മ ചെയ്യും?
        കർത്താവേ, അങ്ങയുടെ മുഖകാന്തി 
        ഞങ്ങളുടെമേൽ പ്രകാശിപ്പിക്കേണമേ
        എന്നു പലരും പറയാറുണ്ട്.
7. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ
    അവർക്കുണ്ടായതിലേറെ ആനന്ദം
    എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു.
8.     ഞാൻ  പ്രശാന്തമായി കിടന്നുറങ്ങും;
        എന്തെന്നാൽ കർത്താവേ,
        അങ്ങുതന്നെയാണ് എനിക്കു 
            സുരക്ഷിതത്വം നൽകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ