2011, ജൂലൈ 28, വ്യാഴാഴ്‌ച

സങ്കീർത്തനം 36 - ജീവന്റെ ഉറവ

1. ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തോട്
                        പാപം മന്ത്രിക്കുന്നു;
    അവന്റെ നോട്ടത്തിൽ ദൈവഭയത്തിനു
                                                സ്ഥാനമില്ല.
2.       തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ 

                    വെറുക്കപ്പെടുകയോ  ഇല്ലെന്ന് 
                                അവൻ അഹങ്കരിക്കുന്നു.
3. അവന്റെ വായിൽ നിന്നു വരുന്ന വാക്ക്
                       ദുഷ്ക്കർമ്മവും വഞ്ചനയുമാണ്;
    വിവേകവും നന്മയും അവന്റെ 

                    പ്രവൃത്തികളിൽ നിന്ന്
                          അപ്രത്യക്ഷമായിരിക്കുന്നു.
4.          കിടക്കയിൽ അവൻ ദ്രോഹാലോചന 

                            നടത്തുന്നു;
             അവൻ ദുർമാർഗ്ഗത്തിൽ ചരിക്കുന്നു;
             തിന്മയെ അവൻ വെറുക്കുന്നില്ല.
5. കർത്താവേ! അങ്ങയുടെ കാരുണ്യം
                   ആകാശത്തോളം എത്തുന്നു;
    വിശ്വസ്തത മേഘങ്ങൾ വരെയും.
6.         അങ്ങയുടെ നീതി ഗിരിശൃംഗങ്ങൾ പോലെയും
            അങ്ങയുടെ വിധികൾ അത്യഗാധങ്ങൾ
                                      പോലെയുമാണ്.
            കർത്താവേ, മനുഷ്യനെയും മൃഗത്തേയും
                                            അവിടുന്ന് രക്ഷിക്കുന്നു.
7. ദൈവമേ, അങ്ങയുടെ  കാരുണ്യം
                                        എത്ര അമൂല്യം!
    മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ
                      തണലിൽ അഭയം തേടുന്നു.
8.        അവർ അങ്ങയുടെ ഭവനത്തിലെ
                                   സമൃദ്ധിയിൽ നിന്നു
           വിരുന്നുണ്ട് തൃപ്തിയടയുന്നു;
            അവിടുത്തെ ആനന്ദധാരയിൽ നിന്ന്
                        അവർ പാനം ചെയ്യുന്നു.
9. അങ്ങിലാണ് ജീവന്റെ ഉറവ; അങ്ങയുടെ
          പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം.
10.        അങ്ങയെ അറിയുന്നവർക്ക് അങ്ങയുടെ
                      കാരുണ്യവും നിഷ്ക്കളങ്കഹൃദയർക്ക്
            അങ്ങയുടെ രക്ഷയും തുടർന്നു നൽകണമേ!
11. അഹങ്കാരത്തിന്റെ പാദങ്ങൾ എന്റെമേൽ
                                        പതിക്കാതിരിക്കട്ടെ!
        ദുഷ്ടരുടെ കൈകൾ എന്നെ
                                 ആട്ടിയോടിക്കാതിരിക്കട്ടെ!
12.         തിന്മ ചെയ്യുന്നവർ അവിടെത്തന്നെ
                                  വീണുകിടക്കുന്നു;
              എഴുന്നേൽക്കാനാവാത്ത വിധം
                      അവർ വീഴ്ത്തപ്പെട്ടിരിക്കുന്നു.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

സങ്കീർത്തനം 35 - കർത്താവേ നീതി നടത്തിത്തരേണമേ!

1. കർത്താവേ, എന്നിൽ കുറ്റമാരോപിക്കുന്നവരിൽ
           അങ്ങ് കുറ്റം ആരോപിക്കണമേ!
    എന്നോട് പൊരുതുന്നവനോട് അങ്ങ്
                   പൊരുതണമേ!
2.         കവചവും പരിചയും ധരിച്ച് 
                    എന്റെ സഹായത്തിനു വരണമേ.
3. എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു
                                                     തടയണമേ!
    ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട്
                     അരുളിച്ചെയ്യണമേ!
4.         എന്റെ ജീവൻ വേട്ടയാടുന്നവരെ ലജ്ജിതരും
                         അപമാനിതരുമാക്കണമേ!
            എനിക്കെതിരെ അനർത്ഥം നിരൂപിക്കുന്നവർ
                            ഭ്രമിച്ചു പിന്തിരിയട്ടെ!
5. അവരെ കർത്താവിന്റെ ദൂതൻ ആട്ടിപ്പായിക്കട്ടെ!
    അവർ കാറ്റിൽപ്പെട്ട പതിരു പോലെയാകട്ടെ!
6.         കർത്താവിന്റെ ദൂതൻ അവരെ 
                               അനുധാവനം ചെയ്യട്ടെ!
            അവരുടെ വഴി അന്ധകാരപൂർണ്ണവും
                                     തെന്നിവീഴുന്നതുമാകട്ടെ!
7. അകാരണമായി അവർ എനിക്കു വലവിരിച്ചു;
    കാരണം കൂടാതെ അവർ എന്നെ വീഴ്ത്താൻ 
                                 കുഴി കുഴിച്ചു.
8.         അപ്രതീക്ഷിതമായി നാശം അവരുടെ മേൽ
                                    പതിക്കട്ടെ;
            തങ്ങൾ വിരിച്ച വലയിൽ അവർ തന്നെ
                                  കുടുങ്ങട്ടെ!
            അവർ അതിൽ വീണു നശിക്കട്ടെ!
9. അപ്പോൾ ഞാൻ കർത്താവിൽ ആനന്ദിക്കും; 
    അവിടുത്തെ രക്ഷയിൽ ആനന്ദിച്ചുല്ലസിക്കും.
10.       കർത്താവേ, എന്റെ അസ്ഥികൾ പ്രഘോഷിക്കും;
            അങ്ങേയ്ക്കു തുല്യനായി ആരുണ്ട്?
            ബലഹീനനെ ശക്തരിൽ നിന്നും ദുർബ്ബലനും 
                ദരിദ്രനുമായവനെ കവർച്ചക്കാരിൽ നിന്നും
                             അങ്ങ് രക്ഷിക്കുന്നു.
11. നീചസാക്ഷികൾ എഴുന്നേൽക്കുന്നു;
      ഞാനറിയാത്ത കാര്യങ്ങൾ അവർ 
                         എന്നോടു ചോദിക്കുന്നു.
12.      നന്മയ്ക്കു പ്രതിഫലമായി അവർ എനിക്ക്
                                 തിന്മ തരുന്നു;
           ഞാൻ നിസ്സഹായനായിരിക്കുന്നു.
13. എന്നാൽ, അവർ രോഗികളായിരുന്നപ്പോൾ
           ഞാൻ ചാക്കുടുത്ത് ഉപവസിച്ച് ആത്മപീഡനമേറ്റു;
      ശിരസ്സു നമിച്ച് ഞാൻ  പ്രാർത്ഥിച്ചു.
14.      സുഹൃത്തിനെയോ സഹോദരനെയോ ഓർത്തു
                   ദുഃഖിക്കുന്നവനെപ്പോലെ ഞാൻ പ്രാർത്ഥിച്ചു;
           അമ്മയെ ഓർത്തു വിലപിക്കുന്നവനെപ്പോലെ
                                   കരഞ്ഞുകൊണ്ട് തലകുനിച്ചു നടന്നു.
15. എന്നാൽ, അവർ എന്റെ വീഴ്ചയിൽ കൂട്ടംകൂടി 
                             ആഹ്ളാദിച്ചു;
      ഞാനറിയാത്ത മുടന്തന്മാർ നിർത്താതെ എന്നെ
                              പരിഹസിച്ചു.
16.       അവർ  എന്നെ ക്രൂരമായി പരിഹസിച്ചു;
            എന്റെ നേരെ പല്ലിറുമ്മി.
17. കർത്താവേ, അങ്ങ് എത്രനാൾ ഇതു
                                         നോക്കിനിൽക്കും?
     അവരുടെ  ആക്രമണങ്ങളിൽ നിന്ന്
                                എന്നെ രക്ഷിക്കണമേ!
     ഈ സിംഹങ്ങളിൽ നിന്ന് എന്റെ ജീവനെ
                                             രക്ഷിക്കണമേ!
18.        അപ്പോൾ ഞാൻ മഹാസഭയിൽ അങ്ങേയ്ക്കു
                                 നന്ദി പ്രകാശിപ്പിക്കും;
            ജനസമൂഹത്തിൽ ഞാനങ്ങയെ സ്തുതിക്കും.

സങ്കീർത്തനം 34 - ദൈവത്തിന്റെ സംരക്ഷണം


1. കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും;
   അവിടുത്തെ സ്തുതികൾ എപ്പോഴും എന്റെ
                        അധരങ്ങളിൽ ഉണ്ടായിരിക്കും.
2.     കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു;
        പീഡിതർ കേട്ട് ആനന്ദിക്കട്ടെ!
3. എന്നോടൊത്ത് കർത്താവിനെ 
                           മഹത്വപ്പെടുത്തുവിൻ;
    നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
4.      ഞാൻ  കർത്താവിനെ തേടി; അവിടുന്ന്
                                        എനിക്കുത്തരമരുളി;
        സർവ്വഭയങ്ങളിലും നിന്ന് അവിടുന്ന്
                                 എന്നെ മോചിപ്പിച്ചു.
5. അവിടുത്തെ നോക്കിയവർ പ്രകാശിതരായി; 
                                     അവർ ലജ്ജിതരാവുകയില്ല.
6.      ഈ എളിയവൻ നിലവിളിച്ചു. കർത്താവ് കേട്ടു;
         എല്ലാ കഷ്ടതകളിലും നിന്ന് അവനെ
                                          രക്ഷിക്കുകയും ചെയ്തു.
7. കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ
               ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
8.        കർത്താവ്  എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ;
           അവിടുത്തെ  ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
9. കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ 
                                               ഭയപ്പെടുവിൻ;
    അവിടുത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും
                                            കുറവുണ്ടാവുകയില്ല.
10.       സിംഹക്കുട്ടികൾ ഇരകിട്ടാതെ 
                                       വിശന്നുവലഞ്ഞേക്കാം;
           കർത്താവിനെ അന്വേഷിക്കുന്നവർക്ക്
                                 ഒന്നിനും കുറവുണ്ടാവുകയില്ല.
11. മക്കളേ, ഞാൻ  പറയുന്നതു കേൾക്കുവിൻ;
     ദൈവഭക്തി ഞാൻ നിങ്ങളെ പരിശീലിപ്പിക്കാം.
12.       ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ 
                  ദീർഘായുസ്സ് അഭിലഷിക്കുകയും  ചെയ്യുന്നുവോ?
13. തിന്മയിൽ നിന്നു നാവിനെയും വ്യാജഭാഷണത്തിൽ 
                   നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിൻ.
14.       തിന്മയിൽ  നിന്നകന്നു നന്മ ചെയ്യുവിൻ;
            സമാധാനമന്വേഷിച്ച് അതിനെ 
                                               പിന്തുടരുവിൻ.
15. കർത്താവ്   നീതിമാന്മാരെ കടാക്ഷിക്കുന്നു;
      അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
16.        ദുഷ്ക്കർമ്മികളുടെ ഓർമ്മ ഭൂമിയിൽ നിന്നു
                                       വിച്ഛേദിക്കാൻ
             കർത്താവ് അവർക്കെതിരെ മുഖം തിരിക്കുന്നു.
17. നീതിമാന്മാർ സഹായത്തിനു നിലവിളിക്കുമ്പോൾ
                      കർത്താവു കേൾക്കുന്നു;
      അവരെ സകലവിധ കഷ്ടതകളിലും നിന്ന്
                          രക്ഷിക്കുന്നു.
18.        ഹൃദയം നുറുങ്ങിയവർക്ക് കർത്താവ്    
                                       സമീപസ്ഥനാണ്;
             മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.
19. നീതിമാന്റെ ക്ളേശങ്ങൾ അസംഖ്യമാണ്;
      അവയിൽ നിന്നെല്ലാം കർത്താവ് അവനെ
                         മോചിപ്പിക്കുന്നു.
20.         അവന്റെ അസ്ഥികളെ കർത്താവ്
                                          കാത്തുസൂക്ഷിക്കുന്നു;
             അവയിലൊന്നുപോലും തകർക്കപ്പെടുകയില്ല.
21. തിന്മ ദുഷ്ടരെ സംഹരിക്കും;
      നീതിമാന്മാരെ ദ്വേഷിക്കുന്നവർക്കു 
                                ശിക്ഷാവിധിയുണ്ടാകും.
22.         കർത്താവു തന്റെ ദാസരുടെ ജീവനെ
                                                             രക്ഷിക്കുന്നു;
              അവിടുത്തെ ശരണം പ്രാപിക്കുന്നവർ
                                 ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.

2011, ജൂലൈ 15, വെള്ളിയാഴ്‌ച

സ്രഷ്ടാവും പരിപാലകനുമായ ദൈവം

സങ്കീർത്തനം 33 

1. നീതിമാന്മാരേ കർത്താവിൽ
                                ആനന്ദിക്കുവിൻ;
   സ്തോത്രം ആലപിക്കുന്നത് നീതിമാന്മാർക്കു
                                          യുക്തമാണല്ലോ.
2.       കിന്നരം കൊണ്ടു കർത്താവിനെ സ്തുതിക്കുവിൻ;
          പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു
                                         കീർത്തനമാലപിക്കുവിൻ.
3.  കർത്താവിന് ഒരു പുതിയ  കീർത്തനമാലപിക്കുവിൻ;
    ഉച്ചത്തിൽ ആർപ്പുവിളികളോടെ
                 വിദഗ്ദ്ധമായി തന്ത്രി മീട്ടുവിൻ.
4.       കർത്താവിന്റെ വചനം സത്യമാണ്;
          അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5. അവിടുന്ന് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
    കർത്താവിന്റെ  കാരുണ്യം കൊണ്ടു ഭൂമി
                                       നിറഞ്ഞിരിക്കുന്നു.
6.        കർത്താവിന്റെ  വചനത്താൽ ആകാശം 
                                                    നിർമ്മിക്കപ്പെട്ടു;
           അവിടുത്തെ കൽപ്പനയാൽ ആകാശഗോളങ്ങളും.
7. അവിടുന്ന് സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി;
    ആഴങ്ങളെ അവിടുന്ന് കലവറകളിൽ സംഭരിച്ചു.
8.        ഭൂമി മുഴുവൻ കർത്താവിനെ കർത്താവിനെ
                                                        ഭയപ്പെടട്ടെ!
           ഭൂവാസികൾ അവിടുത്തെ മുമ്പിൽ
                                          ഭയത്തോടെ നിൽക്കട്ടെ!
9. അവിടുന്ന് അരുളിച്ചെയ്തു; ലോകം ഉണ്ടായി;
    അവിടുന്ന് കൽപ്പിച്ചു; അത് സുസ്ഥാപിതമായി.
10.      കർത്താവ് ജനതകളുടെ ആലോചനകളെ
                                                  വ്യർത്ഥമാക്കുന്നു;
           അവരുടെ പദ്ധതികളെ അവിടുന്ന് 
                                             തകർക്കുന്നു.
11. കർത്താവിന്റെ  പദ്ധതികൾ ശാശ്വതമാണ്;
      അവിടുത്തെ ചിന്തകൾ തലമുറകളോളം 
                                                   നിലനിൽക്കുന്നു.
12.       കർത്താവ് ദൈവമായുള്ള ജനവും അവിടുന്ന് 
                    തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും
                                     ഭാഗ്യമുള്ളവരാണ്.
13. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് 
                             താഴേക്കു നോക്കുന്നു;
     അവിടുന്ന് എല്ലാ മനുഷ്യരേയും കാണുന്നു.
14.          തന്റെ സിംഹാസനത്തിൽ നിന്ന് അവിടുന്ന് 
                                               ഭൂവാസികളെ വീക്ഷിക്കുന്നു;
15. അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവൻ
                     അവരുടെ  പ്രവൃത്തികളെ നിരീക്ഷിക്കുന്നു.

16.         സൈന്യബാഹുല്യം കൊണ്ടു മാത്രം


                                     രാജാവ് രക്ഷ നേടുന്നില്ല;
              കരുത്തുകൊണ്ടു മാത്രം യോദ്ധാവ്
                                            മോചിതനാകുന്നില്ല.
17. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ
                             വ്യർത്ഥമാണ്;
      അതിന്റെ വലിയ ശക്തികൊണ്ട് അതിനു
                                   രക്ഷിക്കാൻ കഴിയുകയില്ല.
18.         ഇതാ! തന്നെ ഭയപ്പെടുന്നവരേയും തന്റെ 
                    കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരേയും
                          കർത്താവ്  കടാക്ഷിക്കുന്നു.
19. അവിടുന്ന് അവരുടെ പ്രാണനെ 
             മരണത്തിൽനിന്നു രക്ഷിക്കുന്നു;
      ക്ഷാമത്തിൽ അവരുടെ ജീവൻ 
                                           നിലനിർത്തുന്നു.
20.         നാം കർത്താവിനു വേണ്ടി കാത്തിരിക്കുന്നു;
              അവിടുന്നാണ് നമ്മുടെ സഹായവും പരിചയും.
21. നമ്മുടെ ഹൃദയം കർത്താവിൽ 
                                   സന്തോഷിക്കുന്നു;
      എന്തെന്നാൽ നമ്മൾ അവിടുത്തെ 
                 വിശുദ്ധനാമത്തിൽ ആശ്രയിക്കുന്നു.
22.          കർത്താവേ, അങ്ങയുടെ കാരുണ്യം 
                             ഞങ്ങളുടെ മേൽ ചൊരിയണമേ!
               ഞങ്ങൾ അങ്ങയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

സങ്കീർത്തനം - 32 - മാപ്പു ലഭിച്ചവന്റെ ആനന്ദം

1. അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു
              മോചനവും ലഭിച്ചവൻ ഭാഗ്യവാൻ.
2.       കർത്താവ് കുറ്റം ചുമത്താത്തവനും
                  ഹൃദയത്തിൽ വഞ്ചനയില്ലാത്തവനും 
                                ഭാഗ്യവാൻ.
3. ഞാൻ പാപങ്ങൾ ഏറ്റുപറയാതിരുന്നപ്പോൾ
              ദിവസം മുഴുവൻ കരഞ്ഞ്
    എന്റെ ശരീരം ക്ഷയിച്ചുപോയി.
4.        രാവും പകലും അങ്ങയുടെ കരം
                        എന്റെമേൽ പതിച്ചിരുന്നു;
           വേനൽക്കാലത്തെ ചൂടു കൊണ്ടെന്നപോലെ
                  എന്റെ ശക്തി വരണ്ടുപോയി.
5. എന്റെ പാപം അവിടുത്തോട് ഞാൻ 
                                       ഏറ്റുപറഞ്ഞു;
    എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല.
    എന്റെ അതിക്രമങ്ങൾ കർത്താവിനോടു 
              ഞാൻ ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു;
    അപ്പോൾ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.

8.          ഞാൻ നിന്നെ ഉപദേശിക്കാം;


            നീ നടക്കേണ്ട വഴി കാണിച്ചുതരാം;
            ഞാൻ നിന്റെമേൽ ദൃഷ്ടിയുറപ്പിച്ച്
                                     നിന്നെ ഉപദേശിക്കാം.
9. നീ കുതിരയേയും കോവർകഴുതയെയും പോലെ
                           ബുദ്ധിയില്ലാത്തവനാകരുത്;
    കടിഞ്ഞാൺ കൊണ്ട് നിയന്ത്രിച്ചില്ലെങ്കിൽ 
                 അവ നിന്റെ വരുതിയിൽ നിൽക്കുകയില്ല.
10.         ദുഷ്ടർ അനുഭവിക്കേണ്ട വേദനകൾ 
                                       വളരെയാണ്;
              കർത്താവിൽ ആശ്രയിക്കുന്നവനെ 
                   അവിടുത്തെ സ്നേഹം വലയം ചെയ്യും;
11.നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ;
     പരമാർത്ഥഹൃദയരേ, ആഹ്ളാദിച്ച്
                           ആർത്തുവിളിക്കുവിൻ.

2011, ജൂലൈ 9, ശനിയാഴ്‌ച

കർത്താവ് എന്റെ സങ്കേതം


1. കർത്താവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു;
    ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ!
    നീതിമാനായ അങ്ങ്
                    എന്നെ രക്ഷിക്കണമേ!
2.     എന്റെ നേരെ ചെവി ചായിച്ച്,
                 എന്നെ അതിവേഗം വിടുവിക്കണമേ!
        അവിടുന്ന് എന്റെ അഭയശിലയും എനിക്കു
             രക്ഷ നൽകുന്ന ശക്തിദുർഗ്ഗവുമായിരിക്കണമേ!
3. അവിടുന്ന് എനിക്കു പാറയും
                              കോട്ടയുമാണ്;
    അങ്ങയുടെ നാമത്തെപ്രതി
                    എന്നെ നയിക്കണമേ!
    എനിക്കു വഴികാട്ടി ആയിരിക്കണമേ!

4.       എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന
                വയലിൽ നിന്ന് എന്നെ രക്ഷിക്കണമേ!
          അവിടുന്നാണ് എന്റെ അഭയസ്ഥാനം.
5.  അങ്ങയുടെ കരങ്ങളിൽ എന്റെ 
             ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു;
     കർത്താവേ, വിശ്വസ്തനായ ദൈവമേ,
                   അവിടുന്നെന്നെ രക്ഷിച്ചു.
6.        വ്യർത്ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ
                                  അവിടുന്ന് വെറുക്കുന്നു;
          എന്നാൽ ഞാൻ കർത്താവിൽ
                           ആശ്രയിക്കുന്നു.
7. അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ
                ഞാൻ ആനന്ദമടയും;
    അവിടുന്ന്  എന്റെ ദുരിതങ്ങൾ 
                        കണ്ടിരിക്കുന്നു;
    എന്റെ യാതനകൾ അങ്ങ് ശ്രദ്ധിച്ചിരിക്കുന്നു.
8.       ശത്രുകരങ്ങളിൽ അങ്ങെന്നെ
                         ഏൽപ്പിച്ചുകൊടുത്തില്ല;
          വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ 
                     അങ്ങ് ഉറപ്പിച്ചിരിക്കുന്നു. 
9. കർത്താവേ, എന്നോടു കരുണ 
                                   തോന്നേണമേ!
   ഞാൻ ദുരിതമനുഭവിക്കുന്നു;
   ദുഃഖംകൊണ്ട് എന്റെ നയനങ്ങൾ
                                 ക്ഷയിച്ചിരിക്കുന്നു;
   എന്റെ ജീവനും ശരീരവും തളർന്നിരിക്കുന്നു.

2011, ജൂലൈ 2, ശനിയാഴ്‌ച

കൃതജ്ഞതാഗാനം

1. കര്‍ത്താവേ, ഞാനങ്ങയെ 
     പാടിപ്പുകഴ്ത്തും, അവിടുന്നെന്നെ രക്ഷിച്ചു;
    എന്റെ ശത്രു എന്റെമേല്‍ 
        വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
2. എന്റെ ദൈവമായ കര്‍ത്താവേ, 
        ഞാനങ്ങയോടു നിലവിളിച്ചപേക്ഷിച്ചു
    അവിടുന്ന് എന്നെ 
                സുഖപ്പെടുത്തുകയും ചെയ്തു.
3. കര്‍ത്താവേ, അവിടുന്ന് എന്നെ
           പാതാളത്തില്‍ നിന്നു കര കയറ്റി;
    മരണഗര്‍ത്തത്തില്‍ 
                പതിച്ചവരുടെ ഇടയില്‍ നിന്ന്‌
        എന്നെ ജീവനിലേക്ക് ആനയിച്ചു.
4. കര്‍ത്താവിന്റെ വിശുദ്ധരെ, അവിടുത്തെ 
             പാടിപ്പുകഴ്ത്തുവിന്‍;
    അവിടുത്തെ പരിശുദ്ധ നാമത്തിനു 
        കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5. എന്തെന്നാല്‍ അവിടുത്തെ കോപം 
               നിമിഷ നേരത്തേക്കെ ഉള്ളു;
     അവിടുത്തെ പ്രസാദം 
        ആജീവനാന്തം നിലനില്‍ക്കുന്നു;
    രാത്രിയില്‍ വിലാപമുണ്ടായേക്കാം;
    എന്നാല്‍ പ്രഭാതത്തോടെ 
       സന്തോഷത്തിന്റെ വരവായി.
6. ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന്
        ഐശ്വര്യകാലത്ത് ഞാന്‍ പറഞ്ഞു;
7. കര്‍ത്താവേ, അങ്ങയുടെ കാരുണ്യം 
        എന്നെ ശക്തമായ പര്‍വതത്തെപ്പോലെ 
               ഉറപ്പിച്ചിരുന്നു;
    അങ്ങ് മുഖം മറച്ചപ്പോള്‍ ഞാന്‍ 
                 പരിഭ്രമിച്ചുപോയി.
8. കര്‍ത്താവേ, അങ്ങയോടു ഞാന്‍ 
                  നിലവിളിച്ചു; 
    ഞാന്‍ കര്‍ത്താവിനോടു യാചിച്ചു.
9. ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ 
       എന്റെ മരണം കൊണ്ട് എന്തുഫലം?
    ധൂളി അങ്ങയെ വാഴ്ത്തുമോ?
     അത് അങ്ങയുടെ വിശ്വസ്തതയെ 
                      പ്രഘോഷിക്കുമോ?
10. കര്‍ത്താവേ, എന്റെ യാചന കേട്ട് 
            എന്നോട് കരുണ തോന്നേണമേ!
       കര്‍ത്താവേ, അവിടുന്നെന്നെ 
                                സഹായിക്കണമേ!
11. അവിടുന്ന് എന്റെ വിലാപത്തെ 
                  ആനന്ദനൃത്തമാക്കി മാറ്റി;
      അവിടുന്നെന്നെ ചാക്കുവസ്ത്രമഴിച്ച്
                     ആനന്ദമണിയിച്ചു.
12. ഞാന്‍ മൗനം പാലിക്കാതെ 
                  അങ്ങയെ പാടിപ്പുകഴ്ത്തും;
      ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് 
             എന്നും നന്ദി പറയും.