2013, ജൂലൈ 28, ഞായറാഴ്‌ച

പ്രവാസിയുടെ വിലാപം

സങ്കീർത്തനം 137

1. ബാബിലോൺ നദികളുടെ തീരത്തിരുന്ന്
           സീയോനെയോർത്തു ഞങ്ങൾ കരഞ്ഞു.
2. അവിടെയുള്ള അലരിവൃക്ഷങ്ങളിൽ ഞങ്ങളുടെ
                  കിന്നരം തൂക്കിയിട്ടു.

3. ഞങ്ങളെ തടവിലാക്കിയവർ
         അവിടെവച്ച് പാട്ടുപാടുവാൻ
            ഞങ്ങളോടാവശ്യപ്പെട്ടു;
   ഞങ്ങളുടെ മർദ്ദകർ സീയോനെക്കുറിച്ചുള്ള
          ഗീതങ്ങൾ ആലപിച്ച് തങ്ങളെ
       രസിപ്പിക്കാൻ ഞങ്ങളോടു പറഞ്ഞു.
4. വിദേശത്തു ഞങ്ങൾ എങ്ങനെ
       കർത്താവിന്റെ ഗാനം ആലപിക്കും?

5. ജറുസലെമേ, നിന്നെ ഞാൻ
                മറക്കുന്നെങ്കിൽ,
   എന്റെ വലതുകൈ എന്നെ മറക്കട്ടെ!

6. നിന്നെ ഞാൻ ഓർക്കുന്നില്ലെങ്കിൽ,
      ജറുസലെമിനെ എന്റെ ഏറ്റവും വലിയ
                   സന്തോഷത്തെക്കാൾ
     വിലമതിക്കുന്നില്ലെങ്കിൽ,
  എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!

 7. കർത്താവേ, ജറുസലെമിന്റെ ദിവസത്തിൽ
        ഏദോമ്യർ ചെയ്തതെന്തെന്ന് ഓർക്കണമേ!
   ഇടിച്ചുനിരത്തുവിൻ, അടിത്തറ വരെ
      ഇടിച്ചുനിരത്തുവിൻ എന്ന് അവർ പറഞ്ഞു.
8. സംഹാരിണിയായ ബാബിലോൺപുത്രീ,
      നീ ഞങ്ങളോടു ചെയ്തതു നിന്നോടു
   ചെയ്യുന്നവൻ അനുഗൃഹീതൻ.
9. നിന്റെ കുഞ്ഞുങ്ങളെപ്പിടിച്ചു
         പാറമേലടിക്കുന്നവൻ അനുഗൃഹീതൻ.

2013, ജൂലൈ 27, ശനിയാഴ്‌ച

കർത്താവിന്റെ കാരുണ്യം അനന്തമാണ്

സങ്കീർത്തനം 136
              


1. കർത്താവിനു നന്ദി പറയുവിൻ;
    അവിടുന്നു നല്ലവനാണ്.
   അവിടുത്തെ കാരുണ്യം അനന്തമാണ്.
2. ദേവന്മാരുടെ ദൈവത്തിനു നന്ദി
              പറയുവിൻ;
   അവിടുത്തെ കാരുണ്യം അനന്തമാണ്.
3. നാഥന്മാരുടെ നാഥനു നന്ദി
              പറയുവിൻ;
   അവിടുത്തെ കാരുണ്യം അനന്തമാണ്.
4. അവിടുന്നു മാത്രമാണ് അത്ഭുതങ്ങൾ
           പ്രവർത്തിക്കാൻ കഴിയുന്നവൻ;
    അവിടുത്തെ കാരുണ്യം അനന്തമാണ്.
5. ജ്ഞാനം കൊണ്ട് അവിടുന്നു്
           ആകാശത്തെ സൃഷ്ടിച്ചു;
    അവിടുത്തെ കാരുണ്യം അനന്തമാണ്.
6. അവിടുന്നു് സമുദ്രത്തിനു മേൽ
             ഭൂമിയെ വിരിച്ചു;
    അവിടുത്തെ കാരുണ്യം അനന്തമാണ്.
7. അവിടുന്നു് മഹാദീപങ്ങളെ സൃഷ്ടിച്ചു;
    അവിടുത്തെ കാരുണ്യം അനന്തമാണ്.
8. പകലിനെ ഭരിക്കാൻ അവിടുന്ന്
             സൂര്യനെ സൃഷ്ടിച്ചു;
   അവിടുത്തെ കാരുണ്യം അനന്തമാണ്.
9. രാത്രിയെ ഭരിക്കാൻ  ചന്ദ്രനെയും
      നക്ഷത്രങ്ങളെയും സൃഷ്ടിച്ചു;
    അവിടുത്തെ കാരുണ്യം അനന്തമാണ്.