2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ദൈവത്തിന്റെ ചിറകിൻകീഴിൻ

സങ്കീർത്തനം 57

1. എന്നോടു കൃപയുണ്ടാകണമേ!
    ദൈവമേ എന്നോടു കൃപ തോന്നേണമേ!
    അങ്ങയിലാണ് ഞാൻ അഭയം
                തേടുന്നത്;
   വിനാശത്തിന്റെ കൊടുങ്കാറ്റ്
                    കടന്നുപോകുവോളം
   ഞാൻ അങ്ങയുടെ ചിറകിൻകീഴിൻ
               ശരണം പ്രാപിക്കുന്നു.
2.    അത്യുന്നതനായ ദൈവത്തെ ഞാൻ
                   വിളിച്ചപേക്ഷിക്കുന്നു;
       എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന
                   ദൈവത്തെത്തന്നെ.
3. അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് സഹായമയച്ച്
                       എന്നെ രക്ഷിക്കും;
    എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്ന്
                           ലജ്ജിപ്പിക്കും;
    ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും
                            അയയ്ക്കും.
4.       മനുഷ്യമക്കളെ ആർത്തിയോടെ വിഴുങ്ങുന്ന
                              സിംഹങ്ങളുടെ നടുവിലാണു ഞാൻ;
          അവയുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്;
          അവയുടെ നാവുകൾ മൂർച്ചയുള്ള വാളുകളും.
5. ദൈവമേ, അങ്ങ് ആകാശത്തിനു മേൽ
                                       ഉയർന്നുനിൽക്കണമേ!
    അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

6.      അവർ എന്റെ കാലടികൾക്കു വല വിരിച്ചു;
                 എന്റെ മനസ്സിടിഞ്ഞുപോയി;
        അവർ എന്റെ വഴിയിൽ കുഴി കുഴിച്ചു;
        അവർ തന്നെ അതിൽ പതിച്ചു.
7. എന്റെ ഹൃദയം അചഞ്ചലമാണ്;
    ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്;
    ഞാനങ്ങയെ പാടി സ്തുതിക്കും.

8.      എന്റെ ഹൃദയമേ, ഉണരുക;
          വീണയും കിന്നരവും ഉണരട്ടെ!
          ഞാൻ പ്രഭാതത്തെ ഉണർത്തും.
9. കർത്താവേ, ജനതകളുടെ മദ്ധ്യത്തിൽ ഞാനങ്ങേയ്ക്കു
                      കൃതജ്ഞതയർപ്പിക്കും.
    ജനതകളുടെ ഇടയിൽ ഞാനങ്ങയെ
                                            പാടിപ്പുകഴ്ത്തും.
10.      അങ്ങയുടെ കാരുണ്യം ആകാശത്തോളവും
           അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും
                                    വലുതാണ്.
11. ദൈവമേ, അങ്ങ് ആകാശത്തിനു മേൽ
               ഉയർന്നുനിൽക്കണമേ!
      അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഞാൻ നിർഭയനായി ദൈവത്തിൽ ആശ്രയിക്കും

സങ്കീർത്തനം 56

1. ദൈവമേ, എന്നോടു കരുണ തോന്നേണമേ!
                       മനുഷ്യർ എന്നെ ചവിട്ടി മെതിക്കുന്നു;
   ദിവസം മുഴുവനും ശത്രുക്കൾ എന്നെ പീഡിപ്പിക്കുന്നു.
2.     ദിവസം മുഴുവനും എന്റെ ശത്രുക്കൾ എന്നെ
                          ചവിട്ടി മെതിക്കുന്നു;
        അനേകർ എന്നോടു ഗർവോടെ യുദ്ധം ചെയ്യുന്നു.
3. ഭയമുണ്ടാകുമ്പോൾ ഞാൻ അങ്ങയിൽ
                                                    ആശ്രയിക്കും.
4.     ആരുടെ വചനത്തെ ഞാൻ പ്രകീർത്തിക്കുന്നുവോ,
        ആ ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.
        മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
5. ദിവസം മുഴുവനും അവർ എന്നെ 
                       ദ്രോഹിക്കാൻ നോക്കുന്നു;
    അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ
                 ഉപദ്രവിക്കാമെന്നാണ്.
6.     അവർ കൂട്ടംകൂടി പതിയിരിക്കുന്നു;
        അവർ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന്
             എന്റെ കാലടികളെ നിരീക്ഷിക്കുന്നു.
7. അവരുടെ അകൃത്യത്തിനു തക്ക പ്രതിഫലം നൽകണമേ!
    ദൈവമേ, ക്രോധത്തോടെ ജനതകളെ തകർക്കണമേ!
8.     അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്;
        എന്റെ കണ്ണീർക്കണങ്ങൾ അങ്ങ്
                        കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്;
        അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
9. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ
                               എന്റെ ശത്രുക്കൾ പിന്തിരിയും;
    ദൈവം എന്റെ പക്ഷത്താണെന്ന് ഞാനറിയുന്നു.
10.    ഞാൻ ആരുടെ വചനം കീർത്തിക്കുന്നുവോ
                            ആ ദൈവത്തിൽ,
         ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ
11. ആ കർത്താവിൽ നിർഭയനായി ഞാൻ ആശ്രയിക്കും;
     മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
12.     ദൈവമേ, അങ്ങേയ്ക്കുള്ള നേർച്ചകൾ നിറവേറ്റാൻ
                      ഞാൻ കടപ്പെട്ടിരിക്കുന്നു;
          ഞാൻ അങ്ങേയ്ക്ക് കൃതജ്ഞതാബലി അർപ്പിക്കും.
13. ഞാൻ ദൈവസന്നിധിയിൽ,
         ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്,
      അവിടുന്ന് എന്റെ ജീവനെ മരണത്തിൽ നിന്നും
         എന്റെ പാദങ്ങളെ വീഴ്ചയിൽ നിന്നും
                                                രക്ഷിച്ചിരിക്കുന്നു.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

സ്നേഹിതനാൽ വഞ്ചിക്കപ്പെട്ടവൻ

sankeerthanam  55 

1. ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ യാചനകൾ നിരസിക്കരുതേ!
2.     എന്റെ പ്രാർത്ഥന കേട്ട് എനിക്കുത്തരമരുളണമേ!
        കഷ്ടതകൾ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3. ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും
                  ഞാൻ പരിഭ്രാന്തനായിരിക്കുന്നു!
    അവർ എന്നോടു് ദ്രോഹം ചെയ്യുന്നു;
    കോപത്തോടെ എനിക്കെതിരേ ശത്രുത
                    പുലർത്തുന്നു.
4.     എന്റെ ഹൃദയം വേദന കൊണ്ടു പിടയുന്നു;
        മരണഭീതി എന്റെമേൽ നിപതിച്ചിരിക്കുന്നു.
5. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു;
    പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6.      ഞാൻ പറഞ്ഞു: പ്രാവിനെപ്പോലെ

              ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ പറന്നു പോയി
                             വിശ്രമിക്കുമായിരുന്നു.
7. ഞാൻ വിദൂരങ്ങളിൽ ചുറ്റിത്തിരിയുമായിരുന്നു;
    വിജനതയിൽ ഞാൻ വസിക്കുമായിരുന്നു.
8.      കൊടുങ്കാറ്റിൽ നിന്നും ചുഴലിക്കാറ്റിൽ നിന്നും
                 ബദ്ധപ്പെട്ട് അകന്ന് സങ്കേതം
                          തേടുമായിരുന്നു.
9. കർത്താവേ, അവരുടെ ഉദ്യമങ്ങളെ
                             പരാജയപ്പെടുത്തണമേ!
    അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ!
    നഗരത്തിൽ ഞാൻ അക്രമവും കലഹവും
                         കാണുന്നു.
10.      രാവും  പകലും അവർ അതിന്റെ
           മതിലുകളിൽ ചുറ്റിനടക്കുന്നു;
           അതിന്റെ ഉള്ളിൽ ഉപജാപങ്ങളും
                         കുഴപ്പങ്ങളുമാണ്.
11. അതിന്റെ മദ്ധ്യേ വിനാശം കുടികൊള്ളുന്നു;
      അതിന്റെ തെരുവുകളിൽ നിന്ന് മർദ്ദനവും
               വഞ്ചനയും വിട്ടുമാറുന്നില്ല.
12.      ശത്രുവല്ല എന്നെ നിന്ദിക്കുന്നത്;
           ആയിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു.
           എതിരാളിയല്ല എന്നോടു ധിക്കാരപൂർവ്വം
                പെരുമാറുന്നത്; ആയിരുന്നെങ്കിൽ  ഞാൻ
                      അവനിൽ നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13. എന്നാൽ എന്റെ സഹചരനും ചങ്ങാതിയും
                ഉറ്റസ്നേഹിതനുമായിരുന്ന
      നീ തന്നെയാണ് അതു ചെയ്തത്.
14.     നമ്മൾ ഉള്ളുതുറന്ന് സംസാരിക്കുമായിരുന്നു;
          നമ്മളൊന്നിച്ച് ദേവാലയത്തിൽ കൂട്ടായ്മ
                     ആചരിക്കുമായിരുന്നു.
15. അവരെ മരണം പിടികൂടട്ടെ!
      ജീവനോടെ അവർ പാതാളത്തിൽ പതിക്കട്ടെ!
      അവരുടെ ഭവനത്തിൽ, അവരുടെ ഹൃദയത്തിൽ
                        തിന്മ കുടികൊള്ളുന്നു.
16. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു;
             കർത്താവ് എന്നെ രക്ഷിക്കും.

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

പാപം വർജ്ജിക്കുക

പ്രഭാഷകൻ 21

1. മകനേ, നീ പാപം ചെയ്തിട്ടുണ്ടോ?
    ഇനി ചെയ്യരുത്.
    പഴയ പാപങ്ങളിൽ നിന്നുള്ള മോചനത്തിനായി
                           പ്രാർത്ഥിക്കുക.
2.       സർപ്പത്തിൽ നിന്നെന്നപോലെ
          പാപത്തിൽ നിന്ന് ഓടിയകലുക;
          അടുത്തു ചെന്നാൽ അതു കടിക്കും;
          അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്;
          അതു ജീവൻ അപഹരിക്കും.
3. നിയമലംഘനം ഇരുവായ്ത്തലവാൾ പോലെയാണ്;
    അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല.
4.       ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു;
          അതുപോലെ അക്രമിയുടെ ഭവനം
                                        ശൂന്യമായിത്തീരുന്നു.
5. ദരിദ്രന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു;
    അവനു നീതി ലഭിക്കാൻ വൈകുകയില്ല.
6.       ശാസന വെറുക്കുന്നവൻ പാപികളുടെ
                             വഴിയിലാണ്;
          കർത്താവിനെ ഭയപ്പെടുന്നവൻ ഹൃദയം കൊണ്ടു
                               പശ്ചാത്തപിക്കുന്നു.
7. വാക് ചാതുര്യമുള്ളവൻ പ്രശസ്തി നേടുന്നു;
    ജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു.
8.       അന്യന്റെ പണം കൊണ്ടു വീടു പണിയുന്നവൻ
                 തന്റെ ശവകുടീരത്തിനു കല്ലു
                       ശേഖരിക്കുന്നവനെപ്പോലെയാണ്.
9. ദുഷ്ടരുടെ സമൂഹം ചണനാരു കൂട്ടിവെച്ചതു 

                     പോലെയാണ്;
    അവർ അഗ്നിയിൽ എരിഞ്ഞുതീരും.
10.      പാപിയുടെ പാത കല്ലുപാകി
                           മിനുസപ്പെടുത്തിയിരിക്കുന്നു;
          അതവസാനിക്കുന്നത് പാതാളത്തിലാണ്.

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

ദൈവം എനിക്കു സഹായം

സങ്കീര്‍ത്തനം 54

1, ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ
                     രക്ഷിക്കണമേ!
   അങ്ങയുടെ ശക്തിയിൽ എനിക്കു
                     നീതി നടത്തിത്തരണമേ!
2. ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ അധരങ്ങളിൽ നിന്ന് ഉതിരുന്ന വാക്കുകൾ
                           ശ്രദ്ധിക്കണമേ!
3. അഹങ്കാരികൾ എന്നെ എതിർക്കുന്നു;
    നിർദ്ദയർ എന്നെ വേട്ടയാടുന്നു;
    അവർക്കു ദൈവചിന്തയില്ല.
4. ഇതാ, ദൈവമാണ് എന്റെ സഹായകൻ;
    കർത്താവാണ് എന്റെ ജീവൻ
                         താങ്ങിനിർത്തുന്നവൻ.
5. അവിടുന്ന് എന്റെ ശത്രുക്കളോട് തിന്മ കൊണ്ടു്
                        പകരം വീട്ടും;
   അങ്ങയുടെ വിശ്വസ്തതയാൽ അവരെ
          സംഹരിച്ചു കളയണമേ!
6. ഞാൻ അങ്ങേയ്ക്ക് ഹൃദയപൂർവ്വം
                               ബലി അർപ്പിക്കും;
   കർത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ
                     നാമത്തിനു് ഞാൻ നന്ദി പറയും.
7. അങ്ങ് എന്നെ എല്ലാ കഷ്ടതകളിലും നിന്നു
                        മോചിപ്പിച്ചു;
   ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾ കണ്ടു.

ദൈവനിഷേധകന്റെ മൗഢ്യം

സങ്കീര്‍ത്തനം 53  

1. ദൈവമില്ല എന്നു ഭോഷൻ തന്റെ
                        ഹൃദയത്തിൽ പറയുന്നു;
   മ്ളേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു;
   നന്മ ചെയ്യുന്നവരാരുമില്ല.
2.    ദൈവം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യമക്കളെ
                                നോക്കുന്നു;
       ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ
            എന്ന് അവിടുന്ന് ആരായുന്നു.
3. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി;
    നന്മ ചെയ്യുന്നവനില്ല; ഒരുവൻ പോലുമില്ല.
4.     ഈ അധർമ്മികൾക്കു ബോധമില്ലേ?
        ഇവർ എന്റെ ജനതയെ അപ്പം പോലെ
                        തിന്നൊടുക്കുന്നു;
        ഇവർ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
5. അതാ, അവർ പരിഭ്രാന്തരായിക്കഴിയുന്നു;
    ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി!
    ദൈവം അധർമ്മികളുടെ അസ്ഥികൾ
                    ചിതറിക്കും;
    അവർ ലജ്ജിതരാകും; ദൈവം അവരെ
            കൈവെടിഞ്ഞിരിക്കുന്നു.
6.     ഇസ്രായേലിന്റെ വിമോചനം സീയോനിൽ
                   നിന്നു വന്നിരുന്നെങ്കിൽ!
         ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി
                  പുനഃസ്ഥാപിക്കുമ്പോൾ
         യാക്കോബ് ആനന്ദിക്കും; ഇസ്രായേൽ
                    സന്തോഷിക്കും.

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അക്രമിയുടെ അവസാനം

സങ്കീർത്തനം 52
 1. ശക്തനായ മനുഷ്യാ, ദൈവഭക്തർക്കെതിരേ
                 ചെയ്ത ദുഷ്ടതയിൽ
    നീ എന്തിനഹങ്കരിക്കുന്നു?
2.     ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു;
        വഞ്ചകാ, നിന്റെ നാവ് മൂർച്ചയുള്ള
                      ക്ഷൗരക്കത്തി പോലെയാണ്.
3. നന്മയേക്കാൾ തിന്മയും സത്യത്തേക്കാൾ വ്യാജവും
                       നീ ഇഷ്ടപ്പെടുന്നു.
4.     വഞ്ചന നിറഞ്ഞ നാവേ, വിനാശകരമായ
                                      വാക്കുകളാണ് നിനക്കിഷ്ടം.
5. ദൈവം നിന്നെ എന്നെന്നേയ്ക്കുമായി തകർക്കും.
    നിന്റെ കൂടാരത്തിൽ നിന്ന് അവിടുന്ന് നിന്നെ
                                   വലിച്ചെടുത്ത് ചീന്തിക്കളയും;
    ജീവിക്കുന്നവരുടെ നാട്ടിൽ നിന്ന് നിന്നെ അവിടുന്ന്
                     വേരോടെ പിഴുതുകളയും.
6.     നീതിമാന്മാർ അതുകണ്ടു ഭയപ്പെടും;
        അവനെ പരിഹസിച്ചു് അവർ പറയും:
7. ഇതാ, ദൈവത്തിൽ ശരണം വയ്ക്കാത്ത മനുഷ്യൻ;
    സ്വന്തം സമ്പദ്സമൃദ്ധിയിൽ വിശ്വാസമർപ്പിച്ചവൻ;
    അക്രമത്തിൽ അഭയം തേടിയവൻ.
8. ദൈവത്തിന്റെ ഭവനത്തിൽ തഴച്ചു വളരുന്ന
                          ഒലിവുമരം പോലെയാണു ഞാൻ;
    ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേയ്ക്കും
                           ആശ്രയിക്കുന്നു.
9.      അങ്ങ് നൽകിയ അനുഗ്രഹങ്ങളെ പ്രതി ഞാൻ
                            എന്നേയ്ക്കും അവിടുത്തോടു നന്ദി പറയും;
         അങ്ങയുടെ ഭക്തരുടെ മുമ്പിൽ ഞാൻ അങ്ങയുടെ
                           നാമം പ്രകീർത്തിക്കും;
         എന്തെന്നാൽ അതു ശ്രേഷ്ഠമാണ്.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

സങ്കീർത്തനം 51 - ദൈവമേ, കനിയണമേ!

 1.ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
        എന്നോടു ദയ തോന്നേണമേ!
   അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
           എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!
2.     എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
        എന്റെ പാപത്തിൽ നിന്ന് എന്നെ
                                    ശുദ്ധീകരിക്കണമേ!
3. എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു;
    എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
4.      അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി
                        ഞാൻ പാപം ചെയ്തു;
         അങ്ങയുടെ മുമ്പിൽ ഞാൻ തിന്മ പ്രവർത്തിച്ചു;
         അതുകൊണ്ട് അങ്ങയുടെ വിധിനിർണ്ണയത്തിൽ
                     അങ്ങ് നീതിയുക്തനാണ്;
         അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5. പാപത്തോടെയാണ് ഞാൻ പിറന്നത്;
    അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ
              ഞാൻ  പാപിയാണ്.
6. ഹൃദയപരമാർത്ഥതയാണ് അങ്ങ്
                                    ആഗ്രഹിക്കുന്നത്;
    ആകയാൽ എന്റെ അന്തരംഗത്തിൽ
            ജ്ഞാനം പകരണമേ!
7.      ഹിസോപ്പു കൊണ്ട് എന്നെ
                         പവിത്രീകരിക്കണമേ!
         ഞാൻ നിർമ്മലനാകും; എന്നെ കഴുകണമേ!
         ഞാൻ മഞ്ഞിനേക്കാൾ വെൺമയുള്ളവനാകും.


8. എന്നെ സന്തോഷഭരിതനാക്കണമേ!
    അവിടുന്ന് തകർത്ത എന്റെ അസ്ഥികൾ
                 ആനന്ദിക്കട്ടെ!

9.     എന്റെ പാപങ്ങളില്‍ നിന്ന് മുഖം മറയ്ക്കണമേ! 
        എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!
10. ദൈവമേ, നിർമ്മലമായ ഹൃദയം
                         എന്നിൽ സൃഷ്ടിക്കണമേ!
      അചഞ്ചലമായ ഒരു നവചൈതന്യം
                      എന്നിൽ നിക്ഷേപിക്കണമേ!
11.      അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ
                          തള്ളിക്കളയരുതേ!
           അങ്ങയുടെ പരിശുദ്ധാത്മാവിനെ
                   എന്നിൽനിന്ന് എടുത്തു കളയരുതേ!
12. അങ്ങയുടെ രക്ഷയുടെ സന്തോഷം
                       എനിക്കു വീണ്ടും തരണമേ!
      ഒരുക്കമുള്ള ഹൃദയം നൽകി എന്നെ
                       താങ്ങണമേ!

 13.      അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ
                               വഴി പഠിപ്പിക്കും;
            പാപികൾ അങ്ങയിലേക്കു തിരിച്ചു വരും.
14. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
     രക്തപാതകത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ!
     ഞാൻ അങ്ങയുടെ രക്ഷയെ ഉച്ചത്തിൽ
                 പ്രകീർത്തിക്കും.
15.     കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
          എന്റെ നാവ് അങ്ങയുടെ  സ്തുതികൾ ആലപിക്കും.


16. ബലികളിൽ അങ്ങ് പ്രസാദിക്കുന്നില്ല;
      ഞാൻ  ദഹനബലി അർപ്പിച്ചാൽ അങ്ങ്
                സന്തുഷ്ടനാവുകയുമില്ല.
17.     ഉരുകിയ മനസ്സാണ് ദൈവത്തിനു
                                   സ്വീകാര്യമായ ബലി;
          ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ്
                          നിരസിക്കുകയില്ല.
18.  അങ്ങ് പ്രസാദിച്ച് സീയോന് നന്മ ചെയ്യണമേ!
       ജറുസലേമിന്റെ കോട്ടകൾ 

                       പുതുക്കിപ്പണിയണമേ!
19.      അപ്പോൾ അവിടുന്ന് നിർദ്ദിഷ്ട ബലികളിലും
           ദഹനബലികളിലും സമ്പൂർണ്ണ ദഹനബലികളിലും
                                    പ്രസാദിക്കും;
           അപ്പോൾ അങ്ങയുടെ  ബലിപീഠത്തിൽ കാളകൾ
                                   അർപ്പിക്കപ്പെടും.

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

കൃതജ്ഞത യഥാർത്ഥബലി

സങ്കീർത്തനം 50

1. കർത്താവായ ദൈവം, ശക്തനായവൻ
               സംസാരിക്കുന്നു;
    കിഴക്കു മുതൽ പടിഞ്ഞാറു വരെയുള്ള
         ഭൂമി മുഴുവനേയും അവിടുന്ന്
                    വിളിക്കുന്നു.


2. സൗന്ദര്യത്തികവായ സീയോനിൽ നിന്നു
             ദൈവം പ്രകാശിക്കുന്നു.
    നമ്മുടെ ദൈവം വരുന്നു;
    അവിടുന്ന് മൗനമായിരിക്കുകയില്ല.
3.    അവിടുത്തെ മുമ്പിൽ സംഹാരാഗ്നിയുണ്ട്;
       അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു.
4. തന്റെ ജനത്തെ വിധിക്കാൻ അവിടുന്ന്
          ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5.     ബലിയർപ്പണത്തോടെ എന്നോടു്
              ഉടമ്പടി ചെയ്തിട്ടുള്ള
        എന്റെ വിശ്വസ്തരെ എന്റെയടുത്തു്
                വിളിച്ചുകൂട്ടുവിൻ.
6. ആകാശം അവിടുത്തെ നീതിയെ 

                                 ഉദ്ഘോഷിക്കുന്നു;
    ദൈവം തന്നെയാണ് വിധികർത്താവ്.
7.      എന്റെ ജനമേ, കേൾക്കുവിൻ; ഞാനിതാ
                       സംസാരിക്കുന്നു;
         ഇസ്രായേലേ, ഞാൻ നിനക്കെതിരേ
                     സാക്ഷ്യം നൽകും;
                 ഞാനാണു് ദൈവം; നിന്റെ ദൈവം.
8. നിന്റെ ബലികളെക്കുറിച്ച് ഞാൻ നിന്നെ
                   ശാസിക്കുന്നില്ല;
   നിന്റെ  ദഹനബലികൾ നിരന്തരം എന്റെ
                       മുമ്പിലുണ്ട്.
9.      നിന്റെ വീട്ടിൽ നിന്ന് കാളയെയോ നിന്റെ
                 ആട്ടിൻപറ്റത്തിൽ നിന്ന് മുട്ടാടിനെയോ
                        ഞാൻ  സ്വീകരിക്കുകയില്ല.
10. വനത്തിലെ സർവമൃഗങ്ങളും കുന്നുകളിലെ
       ആയിരക്കണക്കിനു കന്നുകാലികളും 

                         എന്റേതാണ്.
11.     ആകാശത്തിലെ പറവകളെ ഞാൻ  

                            അറിയുന്നു;
         വയലിൽ ചരിക്കുന്നവയെല്ലാം 

                       എന്റേതാണ്.
12. എനിക്കു വിശന്നാൽ ഞാൻ 

                      നിന്നോടു പറയുകയില്ല;
      ലോകവും അതിലുള്ള സമസ്തവും 

                    എന്റേതാണ്.
13.     ഞാൻ  കാളകളുടെ മാംസം തിന്നുമോ?
          ആടുകളുടെ രക്തം കുടിക്കുമോ?
 14.കൃതജ്ഞതയായിരിക്കട്ടെ നീ
               ദൈവത്തിനർപ്പിക്കുന്ന ബലി;
      അത്യുന്നതനുള്ള നിന്റെ നേർച്ചകൾ
                     നിറവേറ്റുക.
15.     അനർത്ഥകാലത്ത് എന്നെ 

                            വിളിച്ചപേക്ഷിക്കുക;
          ഞാൻ നിന്നെ മോചിപ്പിക്കും;
          നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

സമ്പത്തിന്റെ നശ്വരത

സങ്കീര്‍ത്തനം 49

1. ജനതകളേ, ശ്രദ്ധിക്കുവിന്‍; 
    ഭൂവാസികളേ ചെവിയോര്‍ക്കുവിന്‍;
2.    എളിയവരും ഉന്നതരും ധനികരും 
       ദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!
3.  എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും;
    എന്റെ ഹൃദയം വിവേകം മന്ത്രിക്കും.
4.      സുഭാഷിതത്തിനു ഞാന്‍ ചെവിചായിക്കും;
         കിന്നരനാദത്തോടെ ഞാന്‍ എന്റെ 
                 കടംകഥയുടെ പൊരുള്‍ തിരിക്കും.
  5.  എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത 
                  എന്നെ വലയം ചെയ്യുന്നു;
        ക്ലേശ കാലങ്ങളില്‍ ഞാനെന്തിനു 
                    ഭയപ്പെടണം?
 6.      അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും 
.            സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.
 7. തന്നെത്തന്നെ വീണ്ടെടുക്കാനോ 
            സ്വന്തം ജീവന്റെ വില ദൈവത്തിനു 
                     കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
 8.      ജീവന്റെ വിടുതല്‍ വില വളരെ വലുതാണ്‌;
           എത്ര ആയാലും അതു തികയുകയുമില്ല.
 9. എന്നേക്കും ജീവിക്കാനോ പാതാളം 
             കാണാതിരിക്കാനോ കഴിയുന്നതെങ്ങിനെ? 
10.     ജ്ഞാനി പോലും മരിക്കുന്നെന്നും മണ്ടനും
               മന്ദബുദ്ധിയും ഒന്നുപോലെ നശിക്കുമെന്നും
          തങ്ങളുടെ സമ്പത്ത് അന്യർക്കായി ഉപേക്ഷിച്ചു
                        പോകുമെന്നും അവർ കാണും
11. ദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലും
      ശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി;
      തലമുറകളോളം അവരുടെ വാസസ്ഥാനം.
12.      മനുഷ്യൻ തന്റെ പ്രതാപത്തിൽ
                                 നിലനിൽക്കുകയില്ല;
          മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13. വിവേകമറ്റ ആത്മവിശ്വാസം
                     പുലർത്തുന്നവരുടെ വിധിയും
      തങ്ങളുടെ സമ്പത്തിൽ ആനന്ദിക്കുന്നവരുടെ
                 അവസാനവും ഇതുതന്നെ.
14.     ആടുകളെപ്പോലെ അവർ മരണത്തിനു
                       വിധിക്കപ്പെട്ടവരാണ്;
          മൃത്യുവായിരിക്കും അവരുടെ ഇടയൻ;
          നേരെ ശവക്കുഴിയിലേക്ക് അവർ താഴും;
          അവരുടെ രൂപം അഴിഞ്ഞുപോകും;
          പാതാളമായിരിക്കും അവരുടെ പാർപ്പിടം.
15. എന്നാൽ ദൈവം എന്റെ പ്രാണനെ
                പാതാളത്തിന്റെ പിടിയിൽ നിന്നു
                             വീണ്ടെടുക്കും;
       അവിടുന്ന് എന്നെ സ്വീകരിക്കും.