2012, ജനുവരി 22, ഞായറാഴ്‌ച

സങ്കീര്‍ത്തനം 103

 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

1. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക!
    എന്റെ അന്തരംഗമേ, അവിടുത്തെ
                വിശുദ്ധനാമത്തെ പുകഴ്ത്തുക.
2. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക!
    അവിടുന്നു നൽകിയ അനുഗ്രഹമൊന്നും
                       മറക്കരുത്.
3. അവിടുന്ന് നിന്റെ അകൃത്യങ്ങൾ ക്ഷമിക്കുന്നു;
    നിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു.
4. അവിടുന്ന് നിന്റെ ജീവനെ പാതാളത്തിൽ നിന്നു
                         രക്ഷിക്കുന്നു;
    അവിടുന്ന് സ്നേഹവും കരുണയും കൊണ്ട്
                            നിന്നെ കിരീടമണിയിക്കുന്നു.
5. നിന്റെ യൗവനം കഴുകന്റേതുപോലെ
                              നവീകരിക്കപ്പെടാൻ വേണ്ടി,
    നിന്റെ ജീവിതകാലമത്രയും നിന്നെ
                                      സംതൃപ്തനാക്കുന്നു.
6. കർത്താവ് പീഡിതരായ എല്ലാവർക്കും
         നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു;
7. അവിടുന്ന് തന്റെ വഴികൾ മോശയ്ക്കും
    പ്രവൃത്തികൾ ഇസ്രായേൽ ജനത്തിനും
                   വെളിപ്പെടുത്തി.
8. കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്;
    ക്ഷമാശീലനും സ്നേഹനിധിയുമാണ്.
9. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
    അവിടുത്തെ കോപം എന്നേയ്ക്കും
                             നിലനിൽക്കുകയില്ല.
10. നമ്മുടെ പാപങ്ങൾക്കൊത്ത് അവിടുന്ന്
               നമ്മെ ശിക്ഷിക്കുന്നില്ല;
     നമ്മുടെ അകൃത്യങ്ങൾക്കൊത്ത് നമ്മോടു
                  പകരം ചെയ്യുന്നില്ല.
11. ഭൂമിയ്ക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം
            ഉന്നതമാണ് തന്റെ ഭക്തരോട് അവിടുന്നു
                      കാണിക്കുന്ന കാരുണ്യം.

2012, ജനുവരി 21, ശനിയാഴ്‌ച

പീഡിതന്റെ പ്രാർത്ഥന

സങ്കീര്‍ത്തനം 102

 1. കർത്താവേ, എന്റെ പ്രാർത്ഥന
                                     കേൾക്കണമേ!
    എന്റെ നിലവിളി അങ്ങയുടെ
                  സന്നിധിയിൽ എത്തട്ടെ.
2. എന്റെ കഷ്ടതയുടെ ദിനത്തിൽ അങ്ങ്
                 എന്നിൽ നിന്നു മുഖം മറയ്ക്കരുതേ!
    അങ്ങ് എനിക്കു ചെവി തരണമേ!
    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം
                              എനിക്കുത്തരമരുളണമേ!
3. എന്റെ ദിനങ്ങൾ പുക പോലെ
                                  കടന്നുപോകുന്നു;
    എന്റെ അസ്ഥികൾ തീക്കൊള്ളി പോലെ
                            എരിയുന്നു.
4. എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു;
    ഞാൻ ആഹാരം കഴിക്കാൻ മറന്നുപോകുന്നു.
5. കരഞ്ഞു കരഞ്ഞു ഞാൻ എല്ലും തോലുമായി.
6. ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെയാണ്;
    വിജനപ്രദേശത്തെ മൂങ്ങാ പോലെയും.
7. ഞാൻ ഉറക്കം വരാതെ കിടക്കുന്നു; പുരമുകളിൽ
          തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ
                     ഏകാകിയാണു ഞാൻ.
8. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ
        നിന്ദിക്കുന്നു;  എന്റെ വൈരികൾ
                എന്റെ പേരു ചൊല്ലി ശപിക്കുന്നു.
9. ചാരം എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു;
          എന്റെ പാനപാത്രത്തിൽ 

                                 കണ്ണീർ കലരുന്നു.
10. അങ്ങയുടെ രോഷവും ക്രോധവും കൊണ്ടുതന്നെ;
     അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞു.
11. സായാഹ്നത്തിലെ നിഴൽ പോലെ
                എന്റെ ദിനങ്ങൾ കടന്നുപോകുന്നു;
      പുല്ലുപോലെ ഞാൻ വാടിക്കരിഞ്ഞു പോകുന്നു.
12. കർത്താവേ, അങ്ങ് എന്നേയ്ക്കും
                       സിംഹാസനസ്ഥനാണ്;
      അങ്ങയുടെ നാമം തലമുറകളോളം
                                        നിലനിൽക്കുന്നു.
13. അവിടുന്ന് എഴുന്നേറ്റു് സീയോനോടു
       കരുണ കാണിക്കും; അവളോടു കൃപ
           കാണിക്കേണ്ട കാലമാണിത്;
      നിശ്ചയിക്കപ്പെട്ട സമയം 

                            വന്നുചേർന്നിരിക്കുന്നു.
  14. അങ്ങയുടെ ദാസർക്ക് അവളുടെ
          കല്ലുകൾ പ്രിയപ്പെട്ടവയാണ്; അവർക്ക്
             അവളുടെ ധൂളിയോട് അലിവു തോന്നുന്നു.
15. ജനതകൾ കർത്താവിന്റെ നാമത്തെ
                    ഭയപ്പെടും;
     ഭൂമിയിലെ രാജാക്കന്മാർ അങ്ങയുടെ
                   മഹത്വത്തേയും.
16. കർത്താവ് സീയോനെ പണിതുയർത്തും;
      അവിടുന്ന് തന്റെ മഹത്വത്തിൽ
                                     പ്രത്യക്ഷപ്പെടും.
17. അഗതികളുടെ പ്രാർത്ഥന അവിടുന്ന്
           പരിഗണിക്കും; അവരുടെ യാചനകൾ
                       നിരസിക്കുകയില്ല.

2012, ജനുവരി 20, വെള്ളിയാഴ്‌ച

സായാഹ്നപ്രാർത്ഥന

സങ്കീർത്തനം 147
                      (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

1. കർത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
                     വേഗം വരണമേ!
    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ
                         പ്രാർത്ഥനയ്ക്ക് ചെവി തരണമേ!
2. എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ
                      ധൂപാർച്ചനയായും
    ഞാൻ കൈകളുയർത്തുന്നത്
           സായാഹ്നബലിയായും സ്വീകരിക്കണമേ!
3. കർത്താവേ, എന്റെ നാവിനു്
                              കടിഞ്ഞാണിടണമേ!
    എന്റെ അധരകവാടത്തിന്
                          കാവലേർപ്പെടുത്തണമേ!
4. എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ
                  സമ്മതിക്കരുതേ!
    അക്രമികളോടു ചേർന്നു് ദുഷ്ക്കർമ്മങ്ങളിൽ
                          മുഴുകാൻ എനിക്കിടയാക്കരുതേ!
     അവരുടെ ഇഷ്ടവിഭവങ്ങൾ രുചിക്കാൻ
                               എനിക്ക് ഇടവരുത്തരുതേ!
5. എന്റെ നന്മയ്ക്കു വേണ്ടി നീതിമാൻ എന്നെ
         പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ!
    എന്നാൽ ദുഷ്ടരുടെ തൈലം എന്റെ ശിരസ്സിനെ
              അഭിഷേകം ചെയ്യാൻ ഇടയാകാതിരിക്കട്ടെ!
      എന്റെ പ്രാർത്ഥന എപ്പോഴും അവരുടെ
                            ദുഷ്പ്രവൃത്തികൾക്കെതിരാണ്.
6. അവരുടെ ന്യായാധിപന്മാർ പാറയിൽ നിന്ന്
                    തള്ളിവീഴ്ത്തപ്പെടും;
    അപ്പോൾ എന്റെ വാക്കു് എത്ര 
           സൗമ്യമായിരുന്നെന്ന്  അവർ അറിയും.
7. വിറകു കീറിയിട്ടിരിക്കുന്നതുപോലെ 
         അവരുടെ അസ്ഥികൾ പാതാളവാതിൽക്കൽ 
                        ചിതറിക്കിടക്കുന്നു.
8. ദൈവമായ കർത്താവേ, എന്റെ ദൃഷ്ടി
              അങ്ങയുടെ നേരെ തിരിഞ്ഞിരിക്കുന്നു;
    അങ്ങയിൽ ഞാൻ അഭയം തേടുന്നു.
9. എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ;
    അവർ എനിക്കൊരുക്കിയ കെണികളിൽ നിന്നും
    ദുഷ്ക്കർമ്മികൾ വിരിച്ച വലകളിൽ നിന്നും
                        എന്നെ കാത്തുകൊള്ളണമേ!
10. ദുഷ്ടർ ഒന്നടങ്കം അവരുടെ തന്നെ വലകളിൽ
            കുരുങ്ങട്ടെ! എന്നാൽ ഞാൻ രക്ഷപ്പെടട്ടെ!

2012, ജനുവരി 14, ശനിയാഴ്‌ച

കർത്താവ് നല്ലവനാണ്

സങ്കീർത്തനം 100

1. ഭൂമി മുഴുവൻ കർത്താവിന്റെ മുമ്പിൽ
                          ആനന്ദഗീതം ഉതിർക്കട്ടെ!
2. സന്തോഷത്തോടെ കർത്താവിനു
       ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ
                   അവിടുത്തെ സന്നിധിയിൽ വരുവിൻ.
3. കർത്താവ് ദൈവമാണെന്നറിയുവിൻ;
    അവിടുന്നാണ് നമ്മെ സൃഷ്ടിച്ചത്;
                         നമ്മൾ അവിടുത്തേതാണ്;
    നാം അവിടുത്തെ ജനവും അവിടുന്ന്
                   മേയിക്കുന്ന അജഗണവുമാകുന്നു.
4. കൃതജ്ഞതാഗീതത്തോടെ അവിടുത്തെ
            കവാടങ്ങൾ കടക്കുവിൻ;
    സ്തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ
            അങ്കണത്തിൽ പ്രവേശിക്കുവിൻ.
     അവിടുത്തേക്കു നന്ദി പറയുവിൻ;
     അവിടുത്തെ നാമം വാഴ്ത്തുവിൻ.
5.  കർത്താവ് നല്ലവനാണ്; അവിടുത്തെ
          കാരുണ്യം ശാശ്വതമാണ്; അവിടുത്തെ
     വിശ്വസ്തത തലമുറകളോളം നിലനിൽക്കും.

2012, ജനുവരി 13, വെള്ളിയാഴ്‌ച

നീതിമാൻ സന്തോഷിക്കുന്നു

സങ്കീർത്തനം 92 
                   (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

1. അത്യുന്നതനായ കർത്താവേ, അങ്ങേയ്ക്കു
          കൃതജ്ഞതയർപ്പിക്കുന്നതും
    അങ്ങയുടെ നാമത്തിനു സ്തുതികൾ
            ആലപിക്കുന്നതും എത്ര ശ്രേഷ്ഠം!
2. ദശതന്ത്രീനാദത്തോടു കൂടെയും
3. കിന്നരവും വീണയും മീട്ടിയും
    പ്രഭാതത്തിൽ അങ്ങയുടെ കരുണയെയും
    രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയെയും
    ഉദ്ഘോഷിക്കുന്നത് എത്ര ഉചിതം!
4. കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ
         എന്നെ സന്തോഷിപ്പിച്ചു;
    അങ്ങയുടെ അത്ഭുതപ്രവൃത്തി കണ്ട് ഞാൻ
           ആനന്ദഗീതം ആലപിക്കുന്നു.
5. കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ
                 എത്ര മഹനീയം!
    അങ്ങയുടെ ചിന്തകൾ എത്ര അഗാധം!
6. ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്;
    ഭോഷന് ഇതു മനസ്സിലാക്കാൻ കഴിയുന്നില്ല.
7. ദുഷ്ടർ പുല്ലുപോലെ മുളച്ചു പൊങ്ങുന്നു;
    തിന്മ ചെയ്യുന്നവർ തഴച്ചു വളരുന്നു;
    എങ്കിലും അവർ എന്നേയ്ക്കുമായി
                                 നശിപ്പിക്കപ്പെടും.
8. കർത്താവേ, അങ്ങ് എന്നേയ്ക്കും ഉന്നതനാണ്;
9. കർത്താവേ, അങ്ങയുടെ ശത്രുക്കൾ നശിക്കും.

    ദുഷ്കർമ്മികൾ ചിതറിക്കപ്പെടും.
10. എന്നാൽ അവിടുന്ന് എന്റെ കൊമ്പ്
        കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തി;
      അവിടുന്ന് എന്റെമേൽ പുതിയ തൈലം ഒഴിച്ചു.
11. എന്റെ ശത്രുക്കളുടെ  പതനം
                            എന്റെ കണ്ണു കണ്ടു;
     എന്നെ ആക്രമിക്കുന്ന ദുഷ്ടരുടെ ദുരന്തം
                 എന്റെ ചെവിയിൽ കേട്ടു.
12. നീതിമാന്മാർ പന പോലെ തഴയ്ക്കും;
      ലബനോനിലെ ദേവദാരു പോലെ വളരും.
13. അവരെ കർത്താവിന്റെ ഭവനത്തിൽ
         നട്ടിരിക്കുന്നു; അവർ നമ്മുടെ ദൈവത്തിന്റെ
                  അങ്കണങ്ങളിൽ തഴച്ചു വളരുന്നു.
14. വാർദ്ധക്യത്തിലും അവർ ഫലം
         പുറപ്പെടുവിക്കും; അവർ എന്നും ഇല ചൂടി
                     പുഷ്ടിയോടെ നിൽക്കും.
15. കർത്താവ് നീതിമാനാണെന്ന് അവർ
           പ്രഘോഷിക്കുന്നു; അവിടുന്നാണ് എന്റെ
      അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.

2012, ജനുവരി 6, വെള്ളിയാഴ്‌ച

പരിത്യക്തന്റെ വിലാപം

സങ്കീര്‍ത്തനം88
(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
1. കർത്താവേ, പകൽ മുഴുവൻ ഞാൻ
                          സഹായത്തിനപേക്ഷിക്കുന്നു;
    രാത്രിയിൽ അങ്ങയുടെ സന്നിധിയിൽ
                                            നിലവിളിക്കുന്നു.
2. എന്റെ പ്രാർത്ഥന അങ്ങയുടെ മുമ്പിൽ
         എത്തുമാറാകട്ടെ! എന്റെ നിലവിളിക്കു
                                       ചെവി ചായിക്കണമേ!
3. എന്റെ ആത്മാവ് ദുഃഖപൂർണ്ണമാണ്;
    എന്റെ ജീവൻ പാതാളത്തിന്റെ
                           വക്കിലെത്തിയിരിക്കുന്നു.
4. പാതാളത്തിൽ പതിക്കാൻ പോകുന്നവരുടെ
                  കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു;
    എന്റെ ശക്തി ചോർന്നുപോയി.
5. മരിച്ചവരുടെ ഇടയിൽ 
         പരിത്യജിക്കപ്പെട്ടവനെപ്പോലെയും
              ശവകുടീരത്തിൽ കിടക്കുന്ന
                           വധിക്കപ്പെട്ടവനെപ്പോലെയും 
    അങ്ങ്  ഇനിയൊരിക്കലും 
                ഓർക്കാത്തവരെപ്പോലെയും
                    ഞാൻ അങ്ങിൽ നിന്ന് 
             വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
6. അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടിൽ,
    അന്ധകാരപൂർണ്ണവും അഗാധവുമായ തലത്തിൽ
                     ഉപേക്ഷിച്ചിരിക്കുന്നു.
7. അങ്ങയുടെ ക്രോധം എന്നെ ഞെരിക്കുന്നു;
    അങ്ങയുടെ തിരമാലകൾ എന്നെ മൂടുന്നു.
8. കൂട്ടുകാർ എന്നെ വിട്ടകലാൻ അങ്ങ് ഇടയാക്കി;
    അവർക്ക് എന്നെ ബീഭത്സവസ്തുവാക്കി;
    രക്ഷപ്പെടാനാവാത്ത വിധം അങ്ങെന്നെ
                        തടവിലാക്കി.
9. ദുഃഖം കൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു;
    കർത്താവേ, എന്നും ഞാനങ്ങയെ
        വിളിച്ചപേക്ഷിക്കുന്നു; ഞാനങ്ങയുടെ
              സന്നിധിയിലേക്ക് കൈകളുയർത്തുന്നു.
10. മരിച്ചവർക്കു വേണ്ടി അങ്ങ് അത്ഭുതം
           പ്രവർത്തിക്കുമോ? നിഴലുകൾ അങ്ങയെ
                 പുകഴ്ത്താൻ ഉണർന്നെഴുന്നേൽക്കുമോ?
11. ശവകുടീരത്തിൽ അങ്ങയുടെ സ്നേഹവും
      വിനാശത്തിൽ അങ്ങയുടെ വിശ്വസ്തതയും
                     പ്രഘോഷിക്കുമോ?
12. അന്ധകാരത്തിൽ അങ്ങയുടെ അത്ഭുതങ്ങളും
     വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെ
              രക്ഷാകരസഹായവും അറിയപ്പെടുമോ?
13. കർത്താവേ, ഞാനങ്ങയോടു
                             നിലവിളിച്ചപേക്ഷിക്കുന്നു;
      പ്രഭാതത്തിൽ എന്റെ പ്രാർത്ഥന അങ്ങയുടെ
                സന്നിധിയിൽ എത്തുന്നു.
14. കർത്താവേ, അങ്ങ് എന്നെ
        തള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നിൽനിന്നു
                  മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?
15. ചെറുപ്പം മുതൽ ഇന്നോളം ഞാൻ പീഡിതനും
          മരണാസന്നനുമായി; അങ്ങയുടെ ഭീകരശിക്ഷകൾ
                സഹിക്കുന്നു; ഞാൻ നിസ്സഹായനാണ്.
16. അങ്ങയുടെ ക്രോധം എന്റെനേരെ കവിഞ്ഞൊഴുകി;
          അങ്ങയുടെ ഭീകരാക്രമങ്ങൾ എന്നെ
                       നശിപ്പിക്കുന്നു.
17. പെരുവെള്ളം പോലെ അത് നിരന്തരം
        എന്നെ വലയം ചെയ്യുന്നു; അവ ഒരുമിച്ചു്
                      എന്നെ പൊതിയുന്നു.
18. സ്നേഹിതരെയും അയൽക്കാരെയും അങ്ങ്
                        എന്നിൽ നിന്ന് അകറ്റിയിരിക്കുന്നു;
      അന്ധകാരം മാത്രമാണ് എന്റെ സഹചരൻ.

2012, ജനുവരി 5, വ്യാഴാഴ്‌ച

നിസ്സഹായന്റെ യാചന

സങ്കീർത്തനം 86  

1. കർത്താവേ, ചെവി ചായിച്ച്
               എനിക്കുത്തരമരുളണമേ!
    ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
2. എന്റെ ജീവനെ സംരക്ഷിക്കണമേ;
    ഞാൻ അങ്ങയുടെ ഭക്തനാണ്;
    അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ
                     രക്ഷിക്കണമേ!
     അങ്ങാണ് എന്റെ ദൈവം.
3. കർത്താവേ, എന്നോടു കരുണ
                                  കാണിക്കണമേ!
    ദിവസം മുഴുവൻ ഞാനങ്ങയെ
                           വിളിച്ചപേക്ഷിക്കുന്നു.
4. അങ്ങയുടെ ദാസന്റെ ആത്മാവിനെ
                             സന്തോഷിപ്പിക്കണമേ!
    കർത്താവേ, ഞാനങ്ങയിലേക്ക് എന്റെ
                                    മനസ്സിനെ ഉയർത്തുന്നു.
5. കർത്താവേ, അങ്ങ് നല്ലവനും ക്ഷമാശീലനുമാണ്;
    അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ്
             സമൃദ്ധമായി കൃപ കാണിക്കുന്നു.
6. കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!
7. അനർത്ഥകാലത്ത് ഞാനങ്ങയെ
                                             വിളിക്കുന്നു;
    അങ്ങെനിക്കു് ഉത്തരമരുളുന്നു.
8. കർത്താവേ, ദേവന്മാരിൽ അങ്ങേയ്ക്കു
                                    തുല്യനായി ആരുമില്ല;
    അങ്ങേ പ്രവൃത്തികൾക്കു തുല്യമായി മറ്റൊന്നില്ല.
9. കർത്താവേ, അങ്ങ് സൃഷ്ടിച്ച ജനതകൾ വന്ന്
                അങ്ങയെ കുമ്പിട്ടാരാധിക്കും;
    അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
10. എന്തെന്നാൽ അങ്ങ് വലിയവനാണ്;
      വിസ്മയകരമായ കാര്യങ്ങൾ അങ്ങ്
                                          നിർവ്വഹിക്കുന്നു.
      അങ്ങു മാത്രമാണ് ദൈവം.

11. കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ
                നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ
                            പഠിപ്പിക്കണമേ!
      അങ്ങയുടെ നാമത്തെ ഭയപ്പെടാൻ എന്റെ
             ഹൃദയത്തെ ഏകാഗ്രമാക്കണമേ!
12. എന്റെ ദൈവമായ കർത്താവേ,
      പൂർണ്ണ ഹൃദയത്തോടെ ഞാനങ്ങേയ്ക്കു
            നന്ദി പറയുന്നു; അങ്ങയുടെ നാമത്തെ
                               ഞാനെന്നും മഹത്വപ്പെടുത്തും.
13. എന്നോടു് അങ്ങ് കാണിക്കുന്ന കാരുണ്യം
                            വലുതാണ്;
      പാതാളത്തിന്റെ ആഴത്തിൽ നിന്ന് അവിടുന്ന്
                എന്റെ പ്രാണനെ രക്ഷിച്ചു.

സങ്കീർത്തനം 84

  കർത്താവിന്റെ ഭവനം എത്ര അഭികാമ്യം!

1. സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ
                       വാസസ്ഥലം എത്ര മനോഹരം!
2. എന്റെ ആത്മാവ് കർത്താവിന്റെ
         അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു;
    എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ
              ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
3. എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ
         കർത്താവേ, കുരികിൽപ്പക്ഷി ഒരു
              സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന്
          ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ
                    കണ്ടെത്തുന്നുവല്ലോ.
4. എന്നേയ്ക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
    അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ
           ഭാഗ്യവാന്മാർ.
5. അങ്ങയിൽ ശക്തി കണ്ടെത്തിയവർ
              ഭാഗ്യവാന്മാർ;
    അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള
                   രാജവീഥികളുണ്ട്.
6. ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോൾ
    അവർ അതിനെ നീരുറവകളുടെ
                                  താഴ്വരയാക്കുന്നു;
    ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങൾ
                    കൊണ്ടു നിറയ്ക്കുന്നു.
7. അവർ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുന്നു;
    അവർ ദൈവത്തെ സീയോനിൽ ദർശിക്കും.
8. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
                     എന്റെ പ്രാർത്ഥന ശ്രവിക്കണമേ!
    യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ!
9. ഞങ്ങളുടെ പരിചയായ ദൈവമേ, അങ്ങയുടെ
            അഭിഷിക്തനെ കടാക്ഷിക്കണമേ!
10. അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാൾ
      അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം
            ആയിരിക്കുന്നത് കൂടുതൽ അഭികാമ്യമാണ്;
     ദുഷ്ടതയുടെ കൂടാരങ്ങളിൽ വാഴുന്നതിനേക്കാൾ
            എന്റെ ദൈവത്തിന്റെ ആലയത്തിൽ
      വാതിൽക്കാവൽക്കാരനാകാനാണ് 

                                     ഞാനാഗ്രഹിക്കുന്നത്.
11. എന്തെന്നാൽ ദൈവമായ കർത്താവ്
                  സൂര്യനും പരിചയുമാണ്;
      അവിടുന്ന് കൃപയും ബഹുമതിയും നൽകുന്നു;
      പരമാർത്ഥതയോടെ വ്യാപരിക്കുന്നവർക്ക്
            ഒരു നന്മയും അവിടുന്ന് നിഷേധിക്കുകയില്ല.
12. സൈന്യങ്ങളുടെ കർത്താവേ, അങ്ങയിൽ
               ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

2012, ജനുവരി 4, ബുധനാഴ്‌ച

ഉത്സവഗാനം

സങ്കീർത്തനം 81

1. നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ
                   ഉച്ചത്തിൽ പാടിപ്പുകഴ്ത്തുവിൻ;
    യാക്കോബിന്റെ ദൈവത്തിന്
          ആനന്ദത്തോടെ ആർപ്പുവിളിക്കുവിൻ.
2. തപ്പുകൊട്ടിയും കിന്നരവും വീണയും
         ഇമ്പമായി മീട്ടിയും ഗാനമുതിർക്കുവിൻ.
3. അമാവാസിയിലും നമ്മുടെ ഉത്സവദിനമായ
                    പൗർണ്ണമിയിലും കാഹളമൂതുവിൻ.
4. എന്തെന്നാൽ അത് ഇസ്രായേലിലെ ചട്ടവും
                         യാക്കോബിന്റെ ദൈവം നൽകിയ
                                    പ്രമാണവുമാണ്.
5. ഈജിപ്തിലേക്കു തിരിച്ചപ്പോൾ ജോസഫിനും
            അവിടുന്ന് ഈ നിയമം നൽകി;
    അപരിചിതമായ ഒരു ശബ്ദം ഞാൻ
                     കേൾക്കുന്നു:
6. ഞാൻ നിന്റെ തോളിൽ നിന്നു ഭാരം ഇറക്കിവച്ചു;
    നിന്റെ കൈകളെ കുട്ടയിൽ നിന്ന് വിടുവിച്ചു.
7. കഷ്ടകാലത്ത് നീ വിളിച്ചപേക്ഷിച്ചു;
    ഞാൻ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി
    ഇടിമുഴക്കത്തിലൂടെ നിനക്കുത്തരമരുളി;
    മെരീബാ ജലാശയത്തിനരികെ വച്ച്
                           ഞാൻ നിന്നെ പരീക്ഷിച്ചു.
8. എന്റെ ജനമേ, ഞാൻ മുന്നറിയിപ്പു
          നൽകുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക;
    ഇസ്രായേലേ, നീ എന്റെ വാക്കു കേട്ടിരുന്നെങ്കിൽ!
9. നിങ്ങളുടെ ഇടയിൽ അന്യദൈവമുണ്ടാകരുത്;
    ഒരന്യദൈവത്തെയും നീ വണങ്ങരുത്.
10. ഈജിപ്തു ദേശത്തു നിന്ന് നിന്നെ മോചിപ്പിച്ച
        ദൈവമായ കർത്താവ് ഞാനാണു്;
     നീ വാ തുറക്കുക; ഞാൻ നിനക്കു
                             ഭക്ഷിക്കാൻ നൽകാം.
11. എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടില്ല;
      ഇസ്രായേൽ എന്നെ കൂട്ടാക്കിയില്ല.
12. അതിനാൽ അവർ തന്നിഷ്ടപ്രകാരം നടക്കാൻ
            ഞാനവരെ അവരുടെ ഹൃദയകാഠിന്യത്തിനു
                              വിട്ടുകൊടുത്തു.
 13. എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കിൽ,
            ഇസ്രായേൽ എന്റെ മാർഗ്ഗത്തിൽ
                   ചരിച്ചിരുന്നെങ്കിൽ,
14. അതിവേഗം അവരുടെ വൈരികളെ ഞാൻ
                   കീഴ്പ്പെടുത്തുമായിരുന്നു;
     അവരുടെ ശത്രുക്കൾക്കെതിരെ എന്റെ കരം
                   ഉയർത്തുമായിരുന്നു.
15. കർത്താവിനെ വെറുക്കുന്നവർ അവിടുത്തെ
               കാൽക്കൽ വീഴുമായിരുന്നു;
      അവരുടെ ശിക്ഷ എന്നേയ്ക്കും
                          നിലനിൽക്കുമായിരുന്നു.
16. ഞാൻ മേൽത്തരം ഗോതമ്പുകൊണ്ട് നിങ്ങളെ
                     തീറ്റിപ്പോറ്റുമായിരുന്നു;
      പാറയിൽ നിന്നുള്ള തേൻ കൊണ്ട് നിങ്ങളെ
                  സംതൃപ്തരാക്കുമായിരുന്നു.

2012, ജനുവരി 1, ഞായറാഴ്‌ച

വഴി നടത്തുന്ന ദൈവം

സങ്കീർത്തനം 77 

 1. ഞാൻ ദൈവത്തോട് ഉച്ചത്തിൽ
                   നിലവിളിക്കും;
    അവിടുന്ന് കേൾക്കാൻ ഉച്ചത്തിൽ
                  അപേക്ഷിക്കും.
2. കഷ്ടദിനങ്ങളിൽ ഞാൻ കർത്താവിനെ
          അന്വേഷിക്കുന്നു; രാത്രി മുഴുവൻ ഞാൻ
        കൈവിരിച്ചു പിടിച്ചു; ഒന്നിനും എന്നെ
                 ആശ്വസിപ്പിക്കാനായില്ല.
3. ഞാൻ ദൈവത്തെ ഓർക്കുകയും
          വിലപിക്കുകയും ചെയ്യുന്നു; ഞാൻ
   ധ്യാനിക്കുകയും എന്റെ മനസ്സു്
                        ഇടിയുകയും ചെയ്യുന്നു.
4. കണ്ണു ചിമ്മാൻ അവിടുന്ന് എന്നെ
                അനുവദിക്കുന്നില്ല;
    സംസാരിക്കാനാവാത്ത വിധം ഞാൻ
                   ആകുലനാണ്.
5. ഞാൻ കഴിഞ്ഞ കാലങ്ങൾ ഓർക്കുന്നു;
    പണ്ടത്തെ സംവൽസരങ്ങളെ
                     സ്മരിക്കുന്നു.
6. രാത്രിയിൽ ഞാൻ ഗാഢചിന്തയിൽ
                     മുഴുകുന്നു;
   ഞാൻ ധ്യാനിക്കുകയും എന്റെ ആത്മാവിൽ
         ഈ ചോദ്യമുയരുകയും ചെയ്തു.
7. കർത്താവ് എന്നേയ്ക്കുമായി തള്ളിക്കളയുമോ?
    ഇനിയൊരിക്കലും അവിടുന്ന്
                           പ്രസാദിക്കുകയില്ലേ?
8. അവിടുത്തെ കരുണ എന്നേയ്ക്കുമായി
        നിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങൾ
                  എന്നേയ്ക്കുമായി അവസാനിച്ചുവോ?
9. കൃപ കാണിക്കാൻ ദൈവം മറന്നുപോയോ?
    അവിടുന്ന് കോപത്താൽ തന്റെ കരുണയുടെ
                വാതിൽ അടച്ചുകളഞ്ഞുവോ?
10. അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ്
               എന്റെ ദുഃഖകാരണം എന്നു ഞാൻ പറഞ്ഞു.
11. ഞാൻ കർത്താവിന്റെ  പ്രവൃത്തികൾ ഓർമ്മിക്കും;
          പണ്ട് അങ്ങു ചെയ്ത അത്ഭുതങ്ങൾ ഞാൻ
                             അനുസ്മരിക്കും.
12. ഞാൻ അങ്ങയുടെ സകല പ്രവൃത്തികളെയുംപറ്റി
            ധ്യാനിക്കും; അങ്ങയുടെ അത്ഭുതകരമായ
                     പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
13. ദൈവമേ, അങ്ങയുടെ മാർഗ്ഗം പരിശുദ്ധമാണ്;
                നമ്മുടെ ദൈവത്തെപ്പോലെ
                            ഉന്നതനായി ആരുണ്ട്?
14. അങ്ങാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന
                     ദൈവം; ജനതകളുടെ ഇടയിൽ ശക്തി
           വെളിപ്പെടുത്തിയതും അങ്ങുതന്നെ.
15. അവിടുത്തെ കരം അവിടുത്തെ ജനത്തെ,
           യാക്കോബിന്റെയും ജോസഫിന്റെയും
                     സന്തതികളെ രക്ഷിച്ചു.
16. ദൈവമേ, സമുദ്രം അങ്ങയുടെ മുമ്പിൽ
            പരിഭ്രമിച്ചു;  അങ്ങയെക്കണ്ട് അഗാധം
                             ഭയന്നുവിറച്ചു.
17. മേഘം ജലം വർഷിച്ചു; ആകാശം ഇടിമുഴക്കി;
      അങ്ങയുടെ അസ്ത്രങ്ങൾ എല്ലാവശത്തും
                      മിന്നിപ്പാഞ്ഞു.
18. അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ
          മാറ്റൊലിക്കൊണ്ടു; അങ്ങയുടെ
              മിന്നലുകൾ ലോകത്തെ പ്രകാശിപ്പിച്ചു;
                          ഭൂമി നടുങ്ങി വിറച്ചു.
19. അങ്ങയുടെ വഴി സമുദ്രത്തിലൂടെയും
      അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും
           ആയിരുന്നു; അങ്ങയുടെ കാൽപ്പാടുകൾ
                          അദൃശ്യമായിരുന്നു.
20. മോശയുടേയും അഹറോന്റെയും
           നേതൃത്വത്തിൽ അങ്ങയുടെ ജനത്തെ
                    ഒരു ആട്ടിൻകൂട്ടത്തെയെന്ന പോലെ
                                   അങ്ങു നയിച്ചു.