2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ദൈവമാതാവിന്റെ വിലാപം - പുത്തൻപാന


സർവ്വരേയും വിധിക്കുന്ന 
                സർവ്വസൃഷ്ടിസ്ഥിതിനാഥാ
സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്രാ !
      കാരണം കൂടാതെ നിന്നെ 
                   കൊലചെയ്യാൻ വൈരിവൃന്ദം
      കാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്രാ !  
പിന്നെ ഹേറോദേസു പക്കൽ, 
                നിന്നെയവർ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ !  
പിന്നെയധികാരിപക്കൽ 
                 നിന്നെയവൻ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ !  
എങ്കിലും നീയൊരുത്തർക്കും 
                സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്കെന്തിതു പുത്രാ !  
പ്രാണനുള്ളോനെന്നു ചിത്തേ
                സ്മരിക്കാതെ വൈരമോടെ
തൂണുതന്മേൽ കെട്ടിനിന്നെയടിച്ചോ പുത്രാ !  
ആളുമാറി അടിച്ചയ്യോ
              ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ !  
ഉള്ളിലുള്ള വൈരമോടെ
              യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവച്ചു തറച്ചോ പുത്രാ !  
തലയെല്ലാം മുറിഞ്ഞയ്യോ
                  ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ !  
തലതൊട്ടങ്ങടിയോളം 
              തൊലിയില്ല മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ !  
നിൻതിരുമേനിയിൻ ചോര
              കുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നു പുത്രാ !  

2011, ഏപ്രിൽ 17, ഞായറാഴ്‌ച

സങ്കീർത്തനം 26 - നിഷ്ക്കളങ്കന്റെ പ്രാർത്ഥന


1. കർത്താവേ, എനിക്കു ന്യായം 
                      സ്ഥാപിച്ചുതരേണമേ!
    എന്തെന്നാൽ ഞാൻ നിഷ്ക്കളങ്കനായി ജീവിച്ചു;
    ചാഞ്ചല്യമില്ലാതെ  ഞാൻ കർത്താവിൽ 
                                            ആശ്രയിച്ചു.
2.      കർത്താവേ, എന്നെ പരിശോധിക്കുകയും
                                പരീക്ഷിക്കുകയും ചെയ്യുക;
        എന്റെ ഹൃദയവും മനസ്സും
                                 ഉരച്ചുനോക്കുക.
3. അങ്ങയുടെ കാരുണ്യം എന്റെ കൺമുമ്പിലുണ്ട്;
    അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപരിച്ചു.
4.      കപടഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല;
         വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.
5. ദുഷ്ക്കർമ്മികളുടെ സമ്പർക്കം
                         ഞാൻ  വെറുക്കുന്നു;
   നീചന്മാരോടുകൂടി ഞാൻ  ഇരിക്കുകയില്ല.
6.     കർത്താവേ, നിഷ്ക്കളങ്കതയിൽ ഞാൻ 
                               എന്റെ കൈ കഴുകുന്നു;
        ഞാൻ  അങ്ങയുടെ  ബലിപീഠത്തിനു
                               പ്രദക്ഷിണം വയ്ക്കുന്നു.
7. ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്തോത്രം
                                      ആലപിക്കുന്നു;
   അവിടുത്തെ അത്ഭുതകരമായ സകല
        പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കുന്നു.
8.     കർത്താവേ, അങ്ങു വസിക്കുന്ന ആലയവും
        അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും
                              എനിക്കു പ്രിയങ്കരമാണ്.
9. പാപികളോടുകൂടെ എന്റെ ജീവനെ 
                              തൂത്തെറിയരുതേ!
    രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.
10.     അവരുടെ കൈകളിൽ കുതന്ത്രങ്ങളാണ്;
         അവരുടെ വലതുകൈ കോഴ കൊണ്ട്
                                        നിറഞ്ഞിരിക്കുന്നു.
11. ഞാനോ നിഷ്ക്കളങ്കതയിൽ വ്യാപരിക്കുന്നു;
     എന്നെ രക്ഷിക്കുകയും എന്നോടു കരുണ
                       കാണിക്കുകയും ചെയ്യണമേ!
12. നിരപ്പായ ഭൂമിയിൽ ഞാൻ നിലയുറപ്പിച്ചിരിക്കുന്നു;
     മഹാസഭയിൽ ഞാൻ കർത്താവിനെ വാഴ്ത്തും

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

പുത്തന്‍പാന - പന്ത്രണ്ടാം പാദം


ദൈവമാതാവിന്റെ വ്യാകുല പ്രലാപം
അമ്മകന്യാമണി തന്റെ 
                നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും.
ദുഃഖമൊക്കെ പറവാനോ 
              വാക്കു പോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചുകൊൾവാൻ 
          ബുദ്ധിയും പോരാ...
എന്മനോവാക്കിൻവശംപോൽ                                                                        പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കങ്കിൽ പറയാമൽപ്പം...
   സർവ്വമാനുഷർക്കു വന്ന                                                                      സർവ്വദോഷോത്തരത്തിനായ്
   സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
   സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടു കണ്ട
   സർവ്വദുഃഖം നിറഞ്ഞമ്മ പുത്രനെ നോക്കി...
   കുന്തമമ്പ് വെടി ചങ്കിൽ-
               ക്കൊണ്ടപോലെ മനം വാടി
  തൻതിരുക്കാൽ കരങ്ങളും തളർന്നു പാരം
  ചിന്തവെന്തു കണ്ണിൽനിന്നും ചിന്തി വീഴും                                          കണ്ണുനീരാൽ
എന്തു ചൊല്ലാവതു ദുഃഖം 
                              പറഞ്ഞാലൊക്കാ...
 അന്തമറ്റ സർവ്വനാഥൻ                                                                             തൻതിരുക്കൽപ്പനയോർത്തു
   ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം...
   എൻമകനേ! നിർമ്മലനേ! നന്മയെങ്ങും                                                   നിറഞ്ഞോനേ..
   ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ...
   പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു                                              വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ...
ആദമാദി നരവർഗ്ഗം ഭീതി കൂടാതെ പിഴച്ചു
ഹേതുവതിന്നുത്തരം നീ ചെയ്തിതോ പുത്രാ...
    നന്നുനന്നു നരരക്ഷ 
                     നന്ദിയത്രേ ചെയ്തതു നീ
    ഇന്നിവ ഞാൻ കാണുമാറു 
                                   വിധിച്ചോ പുത്രാ...
    മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ                                                    ചെയ്തിവയെങ്കിൽ
    വന്നിതയ്യോ, മുന്നമേ നീ മരിച്ചോ പുത്രാ...

   വാർത്തമുമ്പേയറിയിച്ചു 
              യാത്ര നീയെന്നോടുചൊല്ലി    
  ഗാത്രദത്തം മാനുഷർക്കു 
                   കൊടുത്തോ പുത്രാ....
മാനുഷർക്ക് നിൻപിതാവ് 
                 മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു 
                     കേണിതോ പുത്രാ....
    ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത                                                സംഭ്രമത്താൽ
    ചിന്തി ചോരവിയർത്തു നീ കുളിച്ചോ പുത്രാ....
    വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ                                                 ചോരചിന്തി
    മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ....
ഭൂമിദോഷ വലഞ്ഞാറെ 
                   സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിച്ചോ പുത്രാ....
ഇങ്ങനെ നീ മാനുഷർക്ക് 
                      മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്രാ....
 വേല നീയിങ്ങനെചെയ്തു 
                   കൂലി സമ്മാനിപ്പതിന്നായ്
  കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്രാ....
  ഒത്തപോലെ ഒറ്റി കള്ളൻ മുത്തിനിന്നെ                                                     കാട്ടിയപ്പോൾ
    ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ....
എത്രനാളായ് നീയവനെ, 
                          വളർത്തു പാലിച്ച നീചൻ
ശത്രുകൈയിൽ വിറ്റു നിന്നെ 
                                   കൊടുത്തോ പുത്രാ....
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നൽകായിരുന്നയ്യോ 
                                 ചതിച്ചോ പുത്രാ....
    ചോരനെപ്പോലെ പിടിച്ചു, 
                          ക്രൂരമോടെ കരംകെട്ടി
    ധീരതയോടവർ നിന്നെയടിച്ചോ പുത്രാ....
    പിന്നെ ഹന്നാൻതന്റെ മുന്നിൽവെച്ചുനിന്റെ                                           കവിളിന്മേൽ
    മന്നിലേക്കു നീചപാപിയടിച്ചോ പുത്രാ....

 പിന്നെ ന്യായം വിധിപ്പാനായ്
                 ചെന്നു കയ്യേപ്പാടെ മുമ്പിൽ
  നിന്ദ ചെയ്തു നിന്നെ നീചൻ 
                              വിധിച്ചോ പുത്രാ !



Fr. John Ernst 
 (ജർമ്മൻകാരനായ അർണ്ണോസ് പാതിരി (  (Fr.John Ernst) യാണ് പുത്തന്‍പാനയുടെ രചയിതാവ്. ഈശോസഭാവൈദികനായിരുന്ന ഇദ്ദേഹം, വൈദികാർത്ഥി ആയിരിക്കെ 1699 ൽ കേരളത്തിലെത്തി. പട്ടം സ്വീകരിച്ചശേഷം ശിഷ്ടകാലം കേരളത്തിൽ ചെലവഴിച്ചു. സംസ്കൃതപണ്ഡിതന്മാരുടെ സഹായത്തോടെ അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ച് പ്രാവീണ്യം നേടി. അസാമാന്യമായ ഭാവനാശേഷിയും ഭാഷാസിദ്ധിയും കൊണ്ട് അനുഗ്രഹീതനായിരുന്നു ഈ വൈദികൻ.)

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഭവനസമർപ്പണപ്രാർത്ഥന


വിശുദ്ധസ്നേഹത്തിന്റെ സങ്കേതമായ പരിശുദ്ധഅമ്മയ്ക്കു ഭവനത്തെ സമർപ്പിക്കൽ 


എന്റെ അമ്മയും കോട്ടയുമായ മാതാവേ, വിശുദ്ധസ്നേഹത്തിന്റെ സങ്കേതമേ, വിശുദ്ധസ്നേഹത്താൽ ഈ ഭവനത്തെ പവിത്രീകരിക്കണമേ. ഇവിടെ വസിക്കുന്ന ഓരോ ഹൃദയത്തെയും വിശുദ്ധിയിലേക്കു തുറക്കണമേ. ഞങ്ങളെ വിശുദ്ധസ്നേഹത്തിന്റെ  വഴിയിലൂടെ നയിക്കണമേ. ഈ ചുവരുകൾക്കുള്ളിലുള്ള അജ്ഞാതശക്തിയോ വഴി പിഴപ്പിക്കുന്ന ശീലമോ ഞങ്ങൾ സ്വമേധയാ തെരഞ്ഞെടുക്കുന്ന വല്ല ബന്ധമോ ആയ എല്ലാ തിന്മയേയും കീഴടക്കണമേ. ഈ ഭവനത്തെ വിശുദ്ധസ്നേഹത്തിന്റെ സങ്കേതമാക്കണമേ.   ആമേൻ.

പരിശുദ്ധാന്മാവിനുള്ള പ്രഭാത സമർപ്പണം

ഏറ്റം പരിശുദ്ധനായ ആത്മാവേ, ഈ ദിവസത്തെ ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ പ്രേരണകൾക്കായി എന്റെ ഹൃദയം തുറക്കണമേ. ദൈവത്തിന്റെ ദിവ്യഹിതം നിറവേറ്റാൻ എന്നെ പ്രചോദിപ്പിക്കണമേ.        ആമേൻ