2012, മാർച്ച് 21, ബുധനാഴ്‌ച

കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു

സങ്കീര്‍ത്തനം 123
 1. സ്വർഗ്ഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്ക് 
            ഞാൻ കണ്ണുകളുയർത്തുന്നു.
2. ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ
                                കൈയിലേക്കെന്നപോലെ,
        ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ
                കൈയിലേക്കെന്നപോലെ, ഞങ്ങളുടെ
         ദൈവമായ കർത്താവിന് ഞങ്ങളുടെമേൽ
                കരുണ തോന്നുവോളം ഞങ്ങളുടെ
            കണ്ണുകൾ അവിടുത്തെ നോക്കിയിരിക്കുന്നു.
3. ഞങ്ങളോട് കരുണ തോന്നണമേ!
    എന്തെന്നാൽ ഞങ്ങൾ നിന്ദനമേറ്റു മടുത്തു.
4. സുഖലോലരുടെ പരിഹാസവും
    അഹങ്കാരികളുടെ നിന്ദനവും സഹിച്ചു
             ഞങ്ങൾ തളർന്നിരിക്കുന്നു.

2012, മാർച്ച് 20, ചൊവ്വാഴ്ച

സങ്കീർത്തനം 128 - ദൈവഭക്തന് അനുഗ്രഹം

 1. കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ
       വഴികളിൽ നടക്കുകയും ചെയ്യുന്നവൻ                                                 ഭാഗ്യവാൻ.
2. നിന്റെ അദ്ധ്വാനഫലം നീ അനുഭവിക്കും;
    നീ സന്തുഷ്ടനായിരിക്കും;
    നിനക്കു നന്മ വരും.
3. നിന്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ
            മുന്തിരി പോലെയായിരിക്കും.
   നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും
                     ഒലിവുതൈകൾ പോലെയും.
4. കർത്താവിന്റെ ഭക്തൻ ഇപ്രകാരം
                               അനുഗൃഹീതനാകും.
5. കർത്താവു് സീയോനിൽ നിന്നു നിന്നെ
                 അനുഗ്രഹിക്കട്ടെ!
    നിന്റെ ആയുഷ്ക്കാലമത്രയും നീ ജറുസലേമിന്റെ
                       ഐശ്വര്യം കാണും.
6. മക്കളുടെ മക്കളെ കാണാൻ നിനക്കിട വരട്ടെ!
    ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!

2012, മാർച്ച് 9, വെള്ളിയാഴ്‌ച

കർത്താവ് എന്റെ കാവൽക്കാരൻ

സങ്കീർത്തനം 121

1. പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു;
         എനിക്കു സഹായം എവിടെനിന്നു വരും?
2. എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്.
3. നിന്റെ കാൽ വഴുതാൻ അവിടുന്ന്   
മ്മതിക്കുകയില്ല;
           നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല.
4. ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല;
                         ഉറങ്ങുകയുമില്ല.
5. കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്കു
       തണലേകാൻ അവിടുന്ന് നിന്റെ വലതുഭാഗത്തുണ്ട്.
6. പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ
                   ഉപദ്രവിക്കുകയില്ല.
7. സകല തിന്മകളിലും നിന്ന് കർത്താവു നിന്നെ
                    കാത്തുകൊള്ളും;
    അവിടുന്ന് നിന്റെ ജീവൻ സംരക്ഷിക്കും.
8. കർത്താവു നിന്റെ വ്യാപാരങ്ങളെ
                ഇന്നുമെന്നേയ്ക്കും കാത്തുകൊള്ളും.

സങ്കീർത്തനം 120

        സങ്കീർത്തനം 120  -  വഞ്ചകരിൽ നിന്നു രക്ഷിക്കണമേ
             (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ്   സങ്കീര്‍ത്തനങ്ങള്‍.   സന്തോഷം,   സന്താപം,   വിജയം,   കൃതജ്ഞത, ശത്രുഭയം,  ആദ്ധ്യാത്മിക  വിരസത,  ആശങ്കകള്‍   എന്നിങ്ങനെ  വിവിധ   വികാരങ്ങള്‍   അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ  സങ്കീര്‍ത്തനങ്ങള്‍   ദാവീദിന്റെ   പേരിലാണറിയപ്പെടുന്നത്)

1. എന്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ
                വിളിച്ചപേക്ഷിക്കുന്നു;
    അവിടുന്ന് എനിക്കുത്തരമരുളും.
2. കർത്താവേ, വ്യാജം പറയുന്ന അധരങ്ങളിൽ
       നിന്നും വഞ്ചന നിറഞ്ഞ നാവിൽ നിന്നും
              എന്നെ രക്ഷിക്കണമേ!
3. വഞ്ചന നിറഞ്ഞ നാവേ, നിനക്ക് എന്തു
       ലഭിക്കും? ഇനിയും എന്തു ശിക്ഷയാണ്
                   നിനക്കു നൽകുക?
4. ധീരയോദ്ധാവിന്റെ മൂർച്ചയുള്ള അസ്ത്രവും
          ചുട്ടുപഴുത്ത കനലും തന്നെ.
5. മേഷെക്കിൽ വസിക്കുന്നതുകൊണ്ടും
    കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും
                   എനിക്കു ദുരിതം!
6. സമാധാനദ്വേഷികളോടുകൂടെയുള്ള വാസം
                എനിക്കു മടുത്തു.
7. ഞാൻ സമാധാനത്തിനു വേണ്ടി വാദിക്കുന്നു;
    എന്നാൽ അവർ യുദ്ധത്തിനൊരുങ്ങുന്നു.

2012, മാർച്ച് 8, വ്യാഴാഴ്‌ച

നീതിനിഷ്ഠനായ രാജാവ്

                             ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരില്‍  നിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ  ആത്മാവ് അവന്റെ മേല്‍  ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,  ഉപദേശത്തിന്റെയും ശക്തിയുടേയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടേയും ആത്മാവ്.  അവൻ ദൈവഭക്തിയില്‍  ആനന്ദം കൊള്ളും. കണ്ണു കൊണ്ടു കാണുന്നതുകൊണ്ടോ ചെവി കൊണ്ടു കേൾക്കുന്നതുകൊണ്ടോ  മാത്രം അവൻ വിധി നടത്തുകയില്ല. ദരിദ്രരെ അവൻ ധർമ്മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവൻ നീതിപൂർവം വർത്തിക്കും. ആജ്ഞാദണ്ഡു കൊണ്ട് അവൻ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്തതയും കൊണ്ട് അവൻ അരമുറുക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടു കൂടെ കിടക്കും.  പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.  ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും.  അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും.  മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ അളയില്‍  കൈയിടും. എന്റെ വിശുദ്ധഗിരിയില്‍  ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കർത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.

(ഏശയ്യാ 11:1-9)

2012, മാർച്ച് 3, ശനിയാഴ്‌ച

കർത്താവിന്റെ നിയമം

                          സങ്കീർത്തനം  119  

1. അപങ്കിലമായ മാർഗ്ഗത്തിൽ ചരിക്കുന്നവർ,
            കർത്താവിന്റെ നിയമം അനുസരിക്കുന്നവർ
                             ഭാഗ്യവാന്മാർ.
2. അവിടുത്തെ കൽപ്പനകൾ പാലിക്കുന്നവർ,
        പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ തേടുന്നവർ
                            ഭാഗ്യവാന്മാർ.
3. അവർ തെറ്റു ചെയ്യുന്നില്ല; അവർ അവിടുത്തെ
            മാർഗ്ഗത്തിൽ ചരിക്കുന്നു.
4. അങ്ങയുടെ പ്രമാണങ്ങൾ ശ്രദ്ധാപൂർവം
       പാലിക്കണമെന്ന് അങ്ങു കൽപ്പിച്ചിരിക്കുന്നു.
5. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഞാൻ
         സ്ഥിരതയുള്ളവനായിരുന്നെങ്കിൽ!
6. അപ്പോൾ അങ്ങയുടെ കൽപ്പനകളിൽ
         ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്ക്
                 ലജ്ജിതനാകേണ്ടി വരികയില്ല.
7. അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങൾ 

        പഠിക്കുമ്പോൾ  ഞാൻ പരമാർത്ഥ 
               ഹൃദയത്തോടെ   അങ്ങയെ പുകഴ്ത്തും.
8. അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസരിക്കും;
                എന്നെ പൂർണ്ണമായി പരിത്യജിക്കരുതേ!
9. യുവാവ് തന്റെ മാർഗ്ഗം എങ്ങനെ
                        നിർമ്മലമായി സൂക്ഷിക്കും?
    അങ്ങയുടെ വചനമനുസരിച്ച്
                                   വ്യാപരിച്ചുകൊണ്ട്.
10. പൂർണ്ണഹൃദയത്തോടെ ഞാനങ്ങയെ തേടുന്നു;
      അങ്ങയുടെ കൽപ്പന വിട്ടുനടക്കാൻ
                              എനിക്കിടയാകാതിരിക്കട്ടെ!
11. അങ്ങേയ്ക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന്
           ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ
                        സൂക്ഷിച്ചിരിക്കുന്നു.
12. കർത്താവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ!
      അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!