2012, ഫെബ്രുവരി 26, ഞായറാഴ്‌ച

സങ്കീർത്തനം 118 - വിജയം ലഭിച്ചതിനു നന്ദി


1. കർത്താവിനു കൃതജ്ഞതയർപ്പിക്കുവിൻ;
    അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം
             എന്നേയ്ക്കും നിലനിൽക്കുന്നു.
2. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
           ഇസ്രായേൽ പറയട്ടെ!
3. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
           അഹറോന്റെ ഭവനം പറയട്ടെ!
4. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
                      കർത്താവിന്റെ ഭക്തന്മാർ പറയട്ടെ! 
5. ദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ  ഞാൻ
                      കർത്താവിനെ വിളിച്ചപേക്ഷിച്ചു;
    എന്റെ പ്രാർത്ഥന കേട്ട് അവിടുന്നെന്നെ
                          മോചിപ്പിച്ചു.
6. കർത്താവു് എന്റെ പക്ഷത്തുണ്ട്;
                          ഞാൻ ഭയപ്പെടുകയില്ല;
    മനുഷ്യനു് എന്നോടു് എന്തു ചെയ്യുവാൻ കഴിയും?
7. എന്നെ സഹായിക്കാൻ കർത്താവു് എന്റെ
                       പക്ഷത്തുണ്ട്;
    ഞാൻ എന്റെ ശത്രുക്കളുടെ പതനം കാണും.
8. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ
              കർത്താവിൽ അഭയം തേടുന്നത് നല്ലത്.
9. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
                 കർത്താവിൽ അഭയം തേടുന്നത് നല്ലത്.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

സങ്കീർത്തനം 116

                                      കൃതജ്ഞത
 
1. ഞാൻ കർത്താവിനെ സ്നേഹിക്കുന്നു;
    എന്റെ പ്രാർത്ഥനയുടെ സ്വരം
                              അവിടുന്ന് ശ്രവിച്ചു.
2. അവിടുന്ന് എനിക്ക് ചെവി ചായ്ച്ചു തന്നു;
    ഞാൻ ജീവിതകാലം മുഴുവൻ
             അവിടുത്തെ വിളിച്ചപേക്ഷിക്കും.
3. മരണക്കെണി എന്നെ വലയം ചെയ്തു;
    പാതാളപാശങ്ങൾ എന്നെ ചുറ്റി;
    ദുരിതവും തീവ്രവേദനയും
                    എന്നെ ഗ്രസിക്കുന്നു.
4. ഞാൻ കർത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;
    കർത്താവേ, ഞാൻ യാചിക്കുന്നു;
    എന്റെ ജീവൻ രക്ഷിക്കണമേ!
5. കർത്താവു് കരുണാമയനും നീതിമാനുമാണ്;
    നമ്മുടെ ദൈവം കൃപാലുവാണ്.
6. എളിയവരെ കർത്താവു പരിപാലിക്കുന്നു;
    ഞാൻ നിലം പറ്റിയപ്പോൾ അവിടുന്ന്
                  എന്നെ രക്ഷിച്ചു.
7. എന്റെ ആത്മാവേ, നീ ശാന്തിയിലേക്കു
          മടങ്ങുക; കർത്താവു നിന്റെമേൽ അനുഗ്രഹം
                             വർഷിച്ചിരിക്കുന്നു.
8. അവിടുന്ന് എന്റെ പ്രാണനെ മരണത്തിൽ നിന്നും
       ദൃഷ്ടികളെ കണ്ണീരിൽ നിന്നും കാലുകളെ
            ഇടർച്ചയിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു.
9. ഞാൻ ജീവിക്കുന്നവരുടെ നാട്ടിൽ, കർത്താവിന്റെ
                      മുമ്പിൽ വ്യാപരിക്കും.

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

കർത്താവു മാത്രമാണു ദൈവം

       സങ്കീർത്തനം 115                    

       കർത്താവു മാത്രമാണു ദൈവം

1.ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല;
   അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയുംപ്രതി
          അങ്ങയുടെ നാമത്തിനാണു മഹത്വം
                       നൽകപ്പെടേണ്ടത്.
2. അവരുടെ ദൈവമെവിടെ എന്നു ജനതകൾ
          പറയാൻ ഇടയാക്കുന്നതെന്തിന്?
3. നമ്മുടെ ദൈവം സ്വർഗ്ഗത്തിലാണ്;
    തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
4. അവരുടെ വിഗ്രഹങ്ങൾ സ്വർണ്ണവും
                                            വെള്ളിയുമാണ്;
    മനുഷ്യരുടെ കരവേലകൾ മാത്രം!
5. അവയ്ക്ക് വായുണ്ട്; എന്നാൽ മിണ്ടുന്നില്ല;
    കണ്ണുണ്ട്; എന്നാൽ കാണുന്നില്ല.
6. അവയ്ക്ക് കാതുണ്ട്; എന്നാൽ കേൾക്കുന്നില്ല;
    മൂക്കുണ്ട്; എന്നാൽ മണത്തറിയുന്നില്ല.
7. അവയ്ക്ക് കൈയുണ്ട്; എന്നാൽ സ്പർശിക്കുന്നില്ല;
    കാലുണ്ട്; എന്നാൽ നടക്കുന്നില്ല.
    അവയുടെ കണ്ഠത്തിൽ നിന്ന് 

                                സ്വരം ഉയരുന്നില്ല.
8. അവയെ നിർമ്മിക്കുന്നവർ
                          അവയെപ്പോലെയാണ്;
    അവയിൽ ആശ്രയിക്കുന്നവരും 

                                  അതുപോലെതന്നെ.
9. ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ;
    അവിടുന്നാണ് നിങ്ങളുടെ സഹായവും
                        പരിചയും.
10. അഹറോന്റെ ഭവനമേ, കർത്താവിൽ
                 ശരണം വയ്ക്കുവിൻ;
      അവിടുന്നാണ് നിങ്ങളുടെ സഹായവും
                       പരിചയും.
11. കർത്താവിന്റെ ഭക്തരേ, കർത്താവിൽ
                                             ആശ്രയിക്കുവിൻ;
      അവിടുന്നാണ് നിങ്ങളുടെ സഹായവും
                        പരിചയും.
12. കർത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്;
      അവിടുന്ന് നമ്മെ അനുഗ്രഹിക്കും;
      അവിടുന്ന് ഇസ്രായേൽ ഭവനത്തെ
                ആശീർവദിക്കും; 

      അഹറോന്റെ ഭവനത്തെ
                                   അനുഗ്രഹിക്കും.

13. കർത്താവിന്റെ ഭക്തന്മാരേ, ചെറിയവരേയും
               വലിയവരേയും അവിടുന്ന് അനുഗ്രഹിക്കും.
14. കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!
      നിങ്ങളെയും നിങ്ങളുടെ മക്കളേയും.
15. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ്
            നിങ്ങളെ അനുഗ്രഹിക്കട്ടെ!

ഉന്നതനും കാരുണ്യവാനുമായ ദൈവം

                            സങ്കീർത്തനം 113
1. കർത്താവിനെ സ്തുതിക്കുവിൻ;
    കർത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിൻ!
           കർത്താവിന്റെ  നാമത്തെ സ്തുതിക്കുവിൻ;
2. കർത്താവിന്റെ നാമം ഇന്നുമെന്നേയ്ക്കും
                                          വാഴ്ത്തപ്പെടട്ടെ!
3. ഉദയം മുതൽ അസ്തമയം വരെ കർത്താവിന്റെ
                 നാമം വാഴ്ത്തപ്പെടട്ടെ!
4. കർത്താവ് സകല ജനതകളുടെയും മേൽ
                      വാഴുന്നു;
    അവിടുത്തെ മഹത്വം ആകാശത്തിനു മീതെ
                   ഉയർന്നിരിക്കുന്നു

5. നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി 
          ആരുണ്ട്? അവിടുന്ന് ഉന്നതത്തിൽ
                 ഉപവിഷ്ടനായിരിക്കുന്നു.
6. അവിടുന്ന് കുനിഞ്ഞു് ആകാശത്തെയും
                                   ഭൂമിയെയും നോക്കുന്നു.
7. അവിടുന്ന് ദരിദ്രനെ പൊടിയിൽ നിന്ന് ഉയർത്തുന്നു;
             അഗതിയെ ചാരക്കൂനയിൽ നിന്ന്
                       ഉദ്ധരിക്കുന്നു.
8. അവരെ പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ
          പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു.
9. അവിടുന്ന് വന്ധ്യയ്ക്കു വസതി കൊടുക്കുന്നു;
    മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു;
    കർത്താവിനെ സ്തുതിക്കുവിൻ. 

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

ദൈവഭക്തന്റെ സന്തോഷം

സങ്കീർത്തനം 112

1. കർത്താവിനെ സ്തുതിക്കുവിൻ!
     കർത്താവിനെ ഭയപ്പെടുകയും
    അവിടുത്തെ കൽപ്പനകളിൽ ആനന്ദിക്കുകയും
              ചെയ്യുന്നവൻ ഭാഗ്യവാൻ.
2. അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും;
    സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും;
3. അവന്റെ ഭവനം സമ്പദ്സമൃദ്ധമാകും;
    അവന്റെ നീതി  എന്നേയ്ക്കും നിലനിൽക്കും.
4. പരമാർത്ഥഹൃദയന് അന്ധകാരത്തിൽ
                പ്രകാശമുദിക്കും;  അവൻ ഉദാരനും
    കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
5. ഉദാരമായി വായ്പ കൊടുക്കുകയും
    നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന്
                     നന്മ കൈവരും.
6. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
    അവന്റെ സ്മരണ എന്നേയ്ക്കും നിലനിൽക്കും.

സങ്കീർത്തനം 111

                     അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന കർത്താവ്
                           (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ്   സങ്കീര്‍ത്തനങ്ങള്‍.   സന്തോഷം,   സന്താപം,   വിജയം,   കൃതജ്ഞത, ശത്രുഭയം,  ആദ്ധ്യാത്മിക  വിരസത,  ആശങ്കകള്‍   എന്നിങ്ങനെ  വിവിധ   വികാരങ്ങള്‍   അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ  സങ്കീര്‍ത്തനങ്ങള്‍   ദാവീദിന്റെ   പേരിലാണറിയപ്പെടുന്നത്)
 
1. കർത്താവിനെ സ്തുതിക്കുവിൻ!
    നീതിമാന്മാരുടെ സംഘത്തിലും സഭയിലും
            പൂർണ്ണ ഹൃദയത്തോടെ ഞാൻ
                           കർത്താവിനു നന്ദി പറയും.
2. കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്;
    അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ
                           ആഗ്രഹിക്കുന്നു.
3.അവിടുത്തെ പ്രവൃത്തി മഹത്തും
         തേജസ്സുറ്റതുമാണ്;  അവിടുത്തെ നീതി
                      ശാശ്വതമാണ്.
4. തന്റെ അത്ഭുതപ്രവൃത്തികളെ അവിടുന്ന്
          സ്മരണീയമാക്കി; കർത്താവ് കൃപാലുവും
                      വാത്സല്യനിധിയുമാണ്.
5. തന്റെ ഭക്തർക്ക് അവിടുന്ന് ആഹാരം നൽകുന്നു;
   അവിടുന്ന് തന്റെ ഉടമ്പടിയെ എപ്പോഴും
                                               അനുസ്മരിക്കുന്നു.
6. ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു
         നൽകിക്കൊണ്ട് തന്റെ പ്രവൃത്തികളുടെ ശക്തിയെ
                       അവർക്ക് വെളിപ്പെടുത്തി.
7. അവിടുത്തെ പ്രവൃത്തികൾ വിശ്വസ്തവും
                                          നീതിയുക്തവുമാണ്.
8. അവിടുത്തെ പ്രമാണങ്ങൾ വിശ്വാസ്യമാണ്;
    വിശ്വസ്തതയോടും പരമാർത്ഥതയോടും കൂടെ
             പാലിക്കപ്പെടാൻ, അവയെ എന്നേയ്ക്കുമായി
                           സ്ഥാപിച്ചിരിക്കുന്നു.
9. അവിടുന്ന് തന്റെ ജനത്തെ വീണ്ടെടുത്തു;
    അവിടുന്ന് തന്റെ ഉടമ്പടി ശാശ്വതമായി
          ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ്
                     അവിടുത്തെ നാമം.
10. ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം;
     അതു പരിശീലിക്കുന്നവർ വിവേകികളാകും.
     അവിടുന്ന് എന്നേയ്ക്കും സ്തുതിക്കപ്പെടും!