2012, ഫെബ്രുവരി 11, ശനിയാഴ്‌ച

സങ്കീർത്തനം 111

                     അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന കർത്താവ്
                           (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ്   സങ്കീര്‍ത്തനങ്ങള്‍.   സന്തോഷം,   സന്താപം,   വിജയം,   കൃതജ്ഞത, ശത്രുഭയം,  ആദ്ധ്യാത്മിക  വിരസത,  ആശങ്കകള്‍   എന്നിങ്ങനെ  വിവിധ   വികാരങ്ങള്‍   അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ  സങ്കീര്‍ത്തനങ്ങള്‍   ദാവീദിന്റെ   പേരിലാണറിയപ്പെടുന്നത്)
 
1. കർത്താവിനെ സ്തുതിക്കുവിൻ!
    നീതിമാന്മാരുടെ സംഘത്തിലും സഭയിലും
            പൂർണ്ണ ഹൃദയത്തോടെ ഞാൻ
                           കർത്താവിനു നന്ദി പറയും.
2. കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്;
    അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ
                           ആഗ്രഹിക്കുന്നു.
3.അവിടുത്തെ പ്രവൃത്തി മഹത്തും
         തേജസ്സുറ്റതുമാണ്;  അവിടുത്തെ നീതി
                      ശാശ്വതമാണ്.
4. തന്റെ അത്ഭുതപ്രവൃത്തികളെ അവിടുന്ന്
          സ്മരണീയമാക്കി; കർത്താവ് കൃപാലുവും
                      വാത്സല്യനിധിയുമാണ്.
5. തന്റെ ഭക്തർക്ക് അവിടുന്ന് ആഹാരം നൽകുന്നു;
   അവിടുന്ന് തന്റെ ഉടമ്പടിയെ എപ്പോഴും
                                               അനുസ്മരിക്കുന്നു.
6. ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു
         നൽകിക്കൊണ്ട് തന്റെ പ്രവൃത്തികളുടെ ശക്തിയെ
                       അവർക്ക് വെളിപ്പെടുത്തി.
7. അവിടുത്തെ പ്രവൃത്തികൾ വിശ്വസ്തവും
                                          നീതിയുക്തവുമാണ്.
8. അവിടുത്തെ പ്രമാണങ്ങൾ വിശ്വാസ്യമാണ്;
    വിശ്വസ്തതയോടും പരമാർത്ഥതയോടും കൂടെ
             പാലിക്കപ്പെടാൻ, അവയെ എന്നേയ്ക്കുമായി
                           സ്ഥാപിച്ചിരിക്കുന്നു.
9. അവിടുന്ന് തന്റെ ജനത്തെ വീണ്ടെടുത്തു;
    അവിടുന്ന് തന്റെ ഉടമ്പടി ശാശ്വതമായി
          ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ്
                     അവിടുത്തെ നാമം.
10. ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം;
     അതു പരിശീലിക്കുന്നവർ വിവേകികളാകും.
     അവിടുന്ന് എന്നേയ്ക്കും സ്തുതിക്കപ്പെടും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ