2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വിശുദ്ധ അന്തോനീസും അവിശ്വാസിയുടെ കഴുതയും


അത്ഭുതപ്രവർത്തകനാണ് പാദുവായിലെ വിശുദ്ധ അന്തോനീസ്. അദ്ദേഹം പ്രവർത്തിച്ച  അനേകം അത്ഭുതങ്ങളിൽ ഒന്നാണ് താഴെക്കൊടുക്കുന്നത്.
ഫ്രാൻസിസ് അസീസി പുണ്യവാന്റെ സമകാലീനനും അദ്ദേഹത്തിന്റെ സന്യാസ സഭാംഗവുമായിരുന്നല്ലോ വിശുദ്ധ അന്തോനീസ്. ഫ്രാൻസിസ് അസീസി പുണ്യവാൻ
കൽപ്പിച്ചതനുസരിച്ച് അദ്ദേഹം സുവിശേഷ പ്രചരണത്തിനായി ഇറ്റലിയിലെ റിമിനി എന്ന പട്ടണത്തിലെത്തി. അവിടെ പ്രവർത്തിച്ചിരുന്ന ഇടത്തൂട്ടുകാരുമായി അദ്ദേഹത്തിനു് എതിരിടേണ്ടിവന്നു.
റിമിനിയിൽ അവിശ്വാസിയായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ പരിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യം പരസ്യമായി നിഷേധിച്ചു. വി.അന്തോനീസ് അയാളുമായി ഒരു ധാരണയുണ്ടാക്കി.  അയാളുടെ ആത്മരക്ഷയായിരുന്നു വിശുദ്ധന്റെ ലക്ഷ്യം. അയാളുടെ കഴുതയെ മൂന്നുദിവസം പട്ടിണിയിടണമെന്നും അതിനടുത്ത ദിവസം അതിനെ എല്ലാവരും കാൺകെ മൈതാനത്തേക്കു കൊണ്ടുവരണമെന്നും  അവിടെ വിശുദ്ധൻ കരങ്ങളിൽ പരിശുദ്ധ കുർബാനയും വഹിച്ചുകൊണ്ടു കാത്തുനിൽക്കുമെന്നും അതിനെതിർവശത്ത് കഴുതയ്ക്കുള്ള ഭക്ഷ്യവിഭവങ്ങൾ കരുതിവയ്ക്കണമെന്നും പറഞ്ഞേർപ്പാടാക്കി. കഴുത ഭക്ഷണം ഉപേക്ഷിച്ച് പരിശുദ്ധ കുർബാനയ്ക്കു മുമ്പിൽ മുട്ടുമടക്കിയാൽ അവിശ്വാസിയായ  മനുഷ്യൻ പരിശുദ്ധ
കുർബാനയിലെ യേശുസാന്നിധ്യം വിശ്വസിക്കണമെന്നതായിരുന്നു ധാരണ.
വിശുദ്ധൻ ആ മൂന്നുദിവസവും ഉപവസിച്ചു പ്രാർത്ഥിച്ചു. നാലാംനാൾ നിശ്ചിതസമയത്ത് പരിശുദ്ധ കുർബാനയും കരങ്ങളിൽ വഹിച്ച് അദ്ദേഹം മൈതാനത്തിലെത്തി. വിശന്നുവലഞ്ഞിരിക്കുന്ന കഴുതയുമായി എതിരാളിയുമെത്തി. വിജയം തനിക്കു തന്നെയെന്ന് അയാൾക്കു തീർച്ചയുണ്ടായിരുന്നു. അതിനാൽ വിചിത്രമായ ഈ മൽസരം കാണാൻ ധാരാളമാളുകളേയും അയാൾ ക്ഷണിച്ചു വരുത്തിയിരുന്നു. കാണികൾ വീർപ്പടക്കി നിന്നു. കഴുതയെ ഭക്ഷണമിരിക്കുന്നിടത്തേക്കു നയിച്ചെങ്കിലും ആ ജീവി വിശുദ്ധനു നേരെ തിരിഞ്ഞ് മുട്ടുമടക്കുകയും അതിന്റെ സ്രഷ്ടാവിനെ നമിക്കുകയും  ചെയ്തു. മുപ്പതു വർഷത്തോളം അവിശ്വാസിയായി ജീവിച്ച ആ മനുഷ്യൻ ഈ സംഭവത്തോടെ മാനസാന്തരപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ