2011, നവംബർ 8, ചൊവ്വാഴ്ച

സങ്കീർത്തനം 65 - സമൃദ്ധി ചൊരിയുന്ന ദൈവം

(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

ദാവീദു രാജാവാണ് എല്ലാ സങ്കീര്‍ത്തനങ്ങളും രചിച്ചതെന്ന് പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീര്‍ത്തന രചനയില്‍  ദാവീദിന്റെ സ്വാധീനം വലുതാണെങ്കിലും ഇസ്രായേല്‍  ചരിത്രത്തിലെ വിവിധഘട്ടങ്ങളിലെ പാരമ്പര്യങ്ങള്‍  ഉള്‍ക്കൊള്ളുന്ന  സങ്കീര്‍ത്തനങ്ങള്‍  എല്ലാം ഒരാള്‍  തന്നെ രചിച്ചതല്ല. എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്.

ദൈവവും ഇസ്രായേല്‍  ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍  തെളിഞ്ഞുകാണാം.)


സങ്കീര്‍ത്തനം 65
1. ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങ്
                    സ്തുത്യർഹനാണ്;
    അങ്ങേയ്ക്കുള്ള നേർച്ചകള്‍  ഞങ്ങള്‍  നിറവേറ്റും.
2. പ്രാർത്ഥന  ശ്രവിക്കുന്നവനേ,  മർത്യരെല്ലാം
          പാപഭാരവുമായി അങ്ങയുടെ സന്നിധിയിൽ
                                  വരുന്നു.
3. അകൃത്യങ്ങൾക്ക് അടിമപ്പെടുമ്പോൾ അങ്ങ്
              ഞങ്ങളെ മോചിപ്പിക്കുന്നു.
4. അങ്ങയുടെ അങ്കണത്തിൽ വസിക്കാൻ
         അങ്ങുതന്നെ തെരഞ്ഞെടുത്തു
              കൊണ്ടുവരുന്നവൻ ഭാഗ്യവാൻ;
   ഞങ്ങൾ അങ്ങയുടെ ആലയത്തിലെ,
           വിശുദ്ധ മന്ദിരത്തിലെ, നന്മ കൊണ്ടു
                         സംതൃപ്തരാകും.
5. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഭീതികരമായ
                     പ്രവൃത്തികളാൽ
    അങ്ങ് ഞങ്ങൾക്ക് മോചനമരുളുന്നു;
    ഭൂമി മുഴുവന്റേയും വിദൂരസമുദ്രങ്ങളുടേയും പ്രത്യാശ
                            അവിടുന്നാണ്.
6. അവിടുന്ന് ശക്തി കൊണ്ട് അര മുറുക്കി
                           പർവതങ്ങളെ ഉറപ്പിക്കുന്നു.
7. അവിടുന്ന് സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ
                           അലർച്ചയും
    ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8. ഭൂമിയുടെ വിദൂരമായ അതിരുകളിൽ വസിക്കുന്നവരും
    അങ്ങയുടെ അത്ഭുതപ്രവൃത്തികൾ കണ്ടു
                        ഭയപ്പെടുന്നു.

    ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ
                      ആനന്ദം കൊണ്ട്
    ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു.
9. അവിടുന്ന് ഭൂമിയെ സന്ദർശിച്ചു് അതിനെ
                        നനയ്ക്കുന്നു;
    അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു;
    ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു;
    അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക്
                                         ധാന്യം നൽകുന്നു.
 10. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ
                                 സമൃദ്ധമായി നനയ്ക്കുന്നു;
      കട്ടയുടച്ചു നിരത്തുകയും മഴ വർഷിച്ച്
               അതിനെ കുതിർക്കുകയും ചെയ്യുന്നു;
     അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.

 11. സംവൽസരത്തെ അവിടുന്ന് സമൃദ്ധി കൊണ്ടു
                         മകുടം ചാർത്തുന്നു;
      അങ്ങയുടെ രഥത്തിന്റെ ചാലുകൾ പുഷ്ടി പൊഴിക്കുന്നു
12. മരുപ്രദേശത്തെ പുൽപ്പുറങ്ങൾ 
                             സമൃദ്ധി ചൊരിയുന്നു;
      കുന്നുകൾ സന്തോഷം അണിയുന്നു.
13. മേച്ചിൽപ്പുറങ്ങൾ ആട്ടിൻകൂട്ടങ്ങളെക്കൊണ്ട്
                        ആവൃതമാകുന്നു;
     താഴ്വരകൾ ധാന്യം കൊണ്ട് മൂടിയിരിക്കുന്നു;
     സന്തോഷം കൊണ്ട് അവ ആർത്തുപാടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ