2011, മാർച്ച് 15, ചൊവ്വാഴ്ച

തെറ്റുകൾ ഏറ്റുപറയുക

നിങ്ങൾ പറയണം; നീതി നമ്മുടെ ദൈവമായ കർത്താവിന്റേതാണ്. യൂദായിലെ ജനവും ജറുസലേം നിവാസികളും  നമ്മുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. എന്തെന്നാൽ 
കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്തു. ഞങ്ങൾ  അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്ന് നൽകിയ 
കൽപ്പനകൾ അനുസരിക്കുകയോ ചെയ്തില്ല. ഈജിപ്ത്‌ ദേശത്തുനിന്ന് ഞങ്ങളുടെ പിതാക്കന്മാരെ  കൊണ്ടുവന്ന നാൾ മുതൽ ഇന്നുവരെ ഞങ്ങൾ   ഞങ്ങളുടെ  ദൈവമായ  
കർത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ  സ്വരം ശ്രവിക്കുന്നതിൽ ഉദാസീനരുമാണ്. തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന് അവകാശികളാക്കാൻ വേണ്ടി ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തുദേശത്തു നിന്നു കൊണ്ടുവന്ന നാളിൽ തന്റെ ദാസനായ മോശ വഴി കർത്താവ് അരുളിച്ചെയ്ത ശാപങ്ങളും അനർത്ഥങ്ങളും ഇന്നും ഞങ്ങളുടെ മേൽ ഉണ്ട്. ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളുടെ അടുത്തേയ്ക്കയച്ച  പ്രവാചകന്മാർ അറിയിച്ച അവിടുത്തെ വചനം ഞങ്ങൾ ശ്രവിച്ചില്ല. എന്നാൽ  അന്യദേവന്മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കർത്താവിന്റെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചും ഞങ്ങൾ   തന്നിഷ്ടംപോലെ നടന്നു.

(ബാറൂക്ക് 1: 15-21)

മോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥന


ഇസ്രായേലിന്റെ ദൈവമായ കർത്താവേ, അങ്ങ് കരുത്തുറ്റ കരത്താലും അത്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയ ഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്ന് മോചിപ്പിക്കുകയും, അങ്ങനെ അങ്ങേയ്ക്ക് ഇന്നും നിലനിൽക്കുന്ന ഒരു നാമം നേടുകയും ചെയ്തു. ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു; ഞങ്ങൾ അധർമ്മം പ്രവർത്തിച്ചു; അങ്ങയുടെ കൽപ്പനകൾ ലംഘിച്ചു. അങ്ങ് ഞങ്ങളെ ജനതകളുടെയിടയിൽ ചിതറിച്ചു. ഞങ്ങൾ  കുറച്ചുപേർ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അങ്ങയുടെ കോപം പിൻവലിക്കണമേ. കർത്താവേ, ഞങ്ങളുടെ  പ്രാർത്ഥനകളും യാചനകളും ശ്രവിക്കണമേ. അങ്ങയെപ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവർക്ക് ഞങ്ങളോടു പ്രീതി തോന്നാൻ ഇടയാക്കണമേ. അങ്ങനെ  അങ്ങ്  ഞങ്ങളുടെ  ദൈവമായ  കർത്താവാണെന്ന് ഭൂമി മുഴുവൻ അറിയട്ടെ! എന്തെന്നാൽ ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെ  നാമത്തിലാണ് അറിയപ്പെടുന്നത്. 
കർത്താവേ, അങ്ങയുടെ  വിശുദ്ധ വാസസ്ഥലത്തുനിന്നു ഞങ്ങളെ  കടാക്ഷിക്കുകയും ഞങ്ങളോടു  കാരുണ്യം കാണിക്കുകയും ചെയ്യണമേ. കർത്താവേ, ചെവി ചായിച്ച് 
കേൾക്കണമേ. കർത്താവേ, കണ്ണു തുറന്നു കാണണമേ. ശരീരത്തിൽനിന്നു പ്രാണൻ 
വേർപെട്ട്  മരിച്ചു പാതാളത്തിൽ കിടക്കുന്നവർ കർത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല. എന്നാൽ കർത്താവേ, വലിയ ദുഃഖമനുഭവിക്കുന്നവനും ക്ഷീണിച്ചു കുനിഞ്ഞു നടക്കുന്നവനും വിശന്നുപൊരിഞ്ഞു കണ്ണു മങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; അങ്ങയുടെ   നീതി പ്രഘോഷിക്കും.

(ബാറൂക്ക് 2:11- 18)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ