2016, മേയ് 31, ചൊവ്വാഴ്ച

കർത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത

സങ്കീർത്തനം 144


1. എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ !
    യുദ്ധം ചെയ്യാൻ എന്റെ കൈകളെയും പട പൊരുതാൻ 
                     എന്റെ  വിരലുകളെയും അവിടുന്ന് 
                                      പരിശീലിപ്പിക്കുന്നു.
2. അവിടുന്നാണ് എന്റെ അഭയശിലയും ദുർഗവും 
                                       ശക്തികേന്ദ്രവും;
    എന്റെ വിമോചകനും പരിചയുമായ അങ്ങയിൽ ഞാൻ                   
                                   ആശ്രയിക്കുന്നു;
    അവിടുന്ന് ജനതകളെ കീഴടക്കുന്നു .
3. കർത്താവേ, അവിടുത്തെ ചിന്തയിൽ വരാൻ 
                 മർത്ത്യന്  എന്തു മേന്മയുണ്ട് ?
    അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന്
                                എന്ത് അർഹതയുണ്ട് ?
4. മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്;
    അവന്റെ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽ 
                                  പോലെയാകുന്നു.
5. കർത്താവേ, അങ്ങ് ആകാശം ചായിച്ച് 
                         ഇറങ്ങി വരണമേ! 
    പർവതങ്ങളെ സ്പർശിക്കണമേ ! അവ പുകയട്ടെ!
6. ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ ..
    അസ്ത്രങ്ങളയച്ച് അവരെ ചിതറിക്കണമേ ..
7. ഉന്നതത്തിൽ നിന്ന് കൈനീട്ടി എന്നെ രക്ഷിക്കണമേ ..
    പെരുവെള്ളത്തിൽ നിന്ന്, ജനതകളുടെ കൈയിൽനിന്ന് 
                                     എന്നെ രക്ഷിക്കണമേ !
8.അവരുടെ നാവ് വ്യാജം പറയുന്നു;
   അവർ വലത്തുകൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.
9. ദൈവമേ, ഞാൻ അങ്ങേക്ക് പുതിയ കീർത്തനം പാടും;
    ദശതന്ത്രീനാദത്തോടെ ഞാനങ്ങയെ പുകഴ്ത്തും.
10. അങ്ങാണ് രാജാക്കന്മാർക്ക് വിജയം നൽകുകയും 
            അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും 
                                             ചെയ്യുന്നത്.
11. ക്രൂരമായ വാളിൽ നിന്ന് എന്നെ രക്ഷിക്കണമേ !
      ജനതകളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ !
      അവരുടെ നാവ് വ്യാജം പറയുന്നു;
      അവർ വലത്തുകൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.
12. ഞങ്ങളുടെ പുത്രന്മാർ മുളയിലേ തഴച്ചുവളരുന്ന 
                                             സസ്യം പോലെയും 
      ഞങ്ങളുടെ പുത്രിമാർ കൊട്ടാരത്തിനുവേണ്ടി 
               കൊത്തിയെടുത്ത സ്തംഭം പോലെയും ആയിരിക്കട്ടെ!
13. ഞങ്ങളുടെ അറപ്പുരകൾ എല്ലാത്തരം ധാന്യങ്ങളും 
                                   കൊണ്ടു നിറഞ്ഞിരിക്കട്ടെ!
     ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ വയലുകളിൽ 
               ആയിരങ്ങളും പതിനായിരങ്ങളുമായി പെരുകട്ടെ !
14.  ഞങ്ങളുടെ കന്നുകാലികൾ വന്ധ്യതയോ 
               അകാലപ്രസവമോ ഇല്ലാതെ വർദ്ധിക്കട്ടെ !
      ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം 
                                                                  കേൾക്കാതിരിക്കട്ടെ!
15. ഇപ്രകാരം അനുഗ്രഹം ലഭിച്ച ജനത ഭാഗ്യമുള്ളത്; 
            കർത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത്.          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ