2015, നവംബർ 18, ബുധനാഴ്‌ച

കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥന

സങ്കീർത്തനം 143 

1. കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ യാചന ശ്രവിക്കണമേ !
    അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് 
                                            ഉത്തരമരുളണമേ.
2. ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ !
    എന്തെന്നാൽ, ജീവിക്കുന്ന ഒരുവനും 
                         അങ്ങയുടെ മുൻപിൽ നീതിമാനല്ല.
3. ശത്രു എന്നെ പിന്തുടർന്നു; അവൻ എന്റെ ജീവനെ 
                         നിലത്തെറിഞ്ഞു തകർത്തു ;
    പണ്ടേ മരിച്ചവനെപ്പോലെ എന്നെ അവൻ 
                          ഇരുട്ടിൽ  തള്ളി.
4. ഞാൻ വിഷാദഗ്രസ്തനായിരിക്കുന്നു;
   എന്റെ ഹൃദയം നടുങ്ങുന്നു.
5. കഴിഞ്ഞ കാലങ്ങൾ  ഞാൻ ഓർക്കുന്നു;
    അവിടുന്ന് ചെയ്ത എല്ലാ കാര്യങ്ങളെയും പറ്റി 
                    ഞാൻ ധ്യാനിക്കുന്നു ;
   അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ച്  
                            ഞാൻ ചിന്തിക്കുന്നു.
6. ഞാൻ അങ്ങയുടെ നേർക്കു കരങ്ങൾ വിരിക്കുന്നു;
    ഉണങ്ങിവരണ്ട നിലം പോലെ എന്റെ ഹൃദയം 
                    അങ്ങേയ്ക്കായി ദാഹിക്കുന്നു .
7. കർത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ.
   ഇതാ, എന്റെ പ്രാണൻ പോകുന്നു !
  എന്നിൽനിന്നു മുഖം മറയ്ക്കരുരുതേ !
  മറച്ചാൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെയാകും.
8. പ്രഭാതത്തിൽ ഞാൻ അങ്ങയുടെ കാരുണ്യത്തെപ്പറ്റി 
                                കേൾക്കട്ടെ !
    എന്തെന്നാൽ,ഞാൻ അങ്ങയിലാണ് ആശ്രയിക്കുന്നത്. ഞാൻ 
                നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ !
    എന്തെന്നാൽ, എന്റെ ആത്മാവിനെ അങ്ങയുടെ 
                    സന്നിധിയിലേക്കാണ് ഞാൻ ഉയർത്തുന്നത്.
9. കർത്താവേ, ശത്രുക്കളിൽ നിന്ന് എന്നെ 
           മോചിപ്പിക്കണമേ! അഭയം തേടി ഞാൻ അങ്ങയുടെ 
                  സന്നിധിയിലേക്ക് ഓടിവന്നിരിക്കുന്നു.
10. അങ്ങയുടെ ഹിതം അനുവർത്തിക്കാൻ എന്നെ 
                             പഠിപ്പിക്കണമേ !
     എന്തെന്നാൽ, അവിടുന്നാണ് എന്റെ ദൈവം !
     അങ്ങയുടെ നല്ല ആത്മാവ് എന്നെ നിരപ്പുള്ള 
                         വഴിയിലൂടെ നയിക്കട്ടെ !
11. കർത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ ജീവൻ 
                            പരിപാലിക്കണമേ !
     അങ്ങയുടെ നീതിയാൽ എന്നെ ദുരിതത്തിൽ നിന്ന് 
                              മോചിപ്പിക്കണമേ !
12. കാരുണ്യവാനായ അങ്ങ് എന്റെ ശത്രുക്കളെ 
                         വിശ്ചേദിക്കണമേ !
      എന്റെ വൈരികളെ നശിപ്പിക്കണമേ !
     എന്തെന്നാൽ, ഞാൻ അങ്ങയുടെ ദാസനാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ