2014, മേയ് 28, ബുധനാഴ്‌ച

എല്ലാം കാണുന്ന ദൈവം

സങ്കീർത്തനം 139 


1. കർത്താവേ. അവിടുന്ന് എന്നെ 
                  പരിശോധിച്ചറിഞ്ഞിരിക്കുന്നു.
2. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും 
               അവിടുന്ന് അറിയുന്നു;
  എന്റെ വിചാരങ്ങൾ  അവിടുന്ന് അകലെ നിന്ന് 
                          മനസ്സിലാക്കുന്നു.
3. എന്റെ നടപ്പും കിടപ്പും 
                  അങ്ങ് പരിശോധിച്ചറിയുന്നു;
     എന്റെ മാർഗ്ഗങ്ങൾ  അങ്ങേയ്ക്ക് നന്നായറിയാം.
4. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപുതന്നെ 
             കർത്താവേ,അത് അവിടുന്നറിയുന്നു.
5. മുൻപിലും പിൻപിലും അവിടുന്ന് എനിക്കു 
                   കാവൽ നില്ക്കുന്നു;
   അവിടുത്തെ കരം എന്റെമേലുണ്ട്.
6. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു;
    എനിക്ക് അപ്രാപ്യമാം വിധം 
                              അത് ഉന്നതമാണ്.
7. അങ്ങയിൽ നിന്ന് ഞാൻ എവിടെപ്പോകും?
    അങ്ങയുടെ സന്നിധി വിട്ടു ഞാൻ      
                        എവിടെ ഓടിയൊളിക്കും?
8.ആകാശത്തിൽ കയറിയാൽ അങ്ങ് 
                   അവിടെയുണ്ട്;
   ഞാൻ പാതാളത്തിൽ കിടക്ക വിരിച്ചാൽ
              അങ്ങ്  അവിടെയുണ്ട്.
9. ഞാൻ പ്രഭാതത്തിന്റെ ചിറകു ധരിച്ച് 
            സമുദ്രത്തിന്റെ അതിർത്തിയിൽ
                       ചെന്നുവസിച്ചാൽ
10. അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും;
     അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചു നടത്തും.
11. ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള 
             പ്രകാശം ഇരുട്ടായിത്തീരട്ടെ 
                  എന്നു ഞാൻ പറഞ്ഞാൽ,
12. ഇരുട്ടുപോലും അങ്ങേയ്ക്ക് ഇരുട്ടായിരിക്കുകയില്ല;
     രാത്രി പകൽ പോലെ പ്രകാശപൂർണ്ണമായിരിക്കും;
     എന്തെന്നാൽ,അങ്ങേയ്ക്ക് ഇരുട്ട് 
               പ്രകാശം പോലെതന്നെയാണ്.
13. അവിടുന്നാണ് എന്റെ അന്തരംഗത്തിന്
                       രൂപം നല്കിയത്;
      എന്റെ അമ്മയുടെ ഉദരത്തിൽ 
                  അവിടുന്ന് എന്നെ മെനഞ്ഞു.
14. ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, 
           അങ്ങ് എന്നെ വിസ്മയനീയമായി 
                          സൃഷ്ടിച്ചു;
     അവിടുത്തെ സൃഷ്ടികൾ അത്ഭുതകരമാണ്;
            എനിക്കതു നന്നായി അറിയാം.
15. ഞാൻ നിഗൂഡതയിൽ ഉരുവാക്കപ്പെടുകയും 
         ഭൂമിയുടെ അധോഭാഗങ്ങളിൽവെച്ച് 
                    സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും 
        ചെയ്തപ്പോൾ എന്റെ രൂപം അവിടുത്തേക്ക്‌ 
                     അജ്ഞാതമായിരുന്നില്ല.
16. എനിക്കു രൂപം ലഭിക്കുന്നതിനു മുൻപുതന്നെ 
           അവിടുത്തെ കണ്ണുകൾ  എന്നെ കണ്ടു;
      എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ 
               ഉണ്ടാകുന്നതിനു മുൻപുതന്നെ,
     അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു.
17. ദൈവമേ, അവിടുത്തെ ചിന്തകൾ 
                   എനിക്ക് എത്ര അമൂല്യമാണ്‌;
      അവ എത്ര വിപുലമാണ്. 
18. ഞാൻ  നോക്കിയാൽ അവ 
            മണൽത്തരികളെക്കാൾ അധികമാണ്;
      ഉണരുമ്പോൾ ഞാൻ അങ്ങയുടെ കൂടെയായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ