1. കർത്താവേ, ഞങ്ങളുടെ കർത്താവേ,
ഭൂമിയിലെങ്ങും അവിടുത്തെ നാമം
എത്ര മഹനീയം!
അങ്ങയുടെ മഹത്വം ആകാശങ്ങൾക്കുമീതെ
പ്രകീർത്തിക്കപ്പെടുന്നു.
2. ശത്രുക്കളെയും രക്തദാഹികളെയും
നിശ്ശബ്ദരാക്കാൻ
അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന
കുഞ്ഞുങ്ങളുടെയും
അധരങ്ങൾകൊണ്ട് സുശ്ശക്തമായ കോട്ടകെട്ടി.
3. അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും
അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു.
4. അവിടുത്തെ ചിന്തയിൽ വരാൻമാത്രം
മർത്ത്യനെന്തു മേന്മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാൻ
മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?
5. എന്നിട്ടും അവിടുന്ന് അവനെ
ദൈവദൂതന്മാരേക്കാൾ അൽപ്പം മാത്രം താഴ്ത്തി;
മഹത്വവും ബഹുമാനവും കൊണ്ട്
അവനെ മകുടമണിയിച്ചു.
6. അങ്ങ് സ്വന്തം കരവേലകൾക്കുമേൽ
അവനു് ആധിപത്യം നൽകി;
എല്ലാറ്റിനേയും അവന്റെ പാദത്തിൻകീഴിലാക്കി..
7. ആടുകളെയും കാളകളെയും
വന്യമൃഗങ്ങളെയും
8. ആകാശത്തിലെ പറവകളേയും
സമുദ്രത്തിലെ മൽസ്യങ്ങളേയും
കടലിൽ സഞ്ചരിക്കുന്ന സകലതിനെയും തന്നെ.
9. കർത്താവേ, ഞങ്ങളുടെ കർത്താവേ,
ഭൂമിയിലെങ്ങും അവിടുത്തെ നാമം
എത്ര മഹനീയം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ