1. കർത്താവേ, എത്രനാൾ അങ്ങെന്നെ മറക്കും?
എന്നേയ്ക്കുമായി എന്നെ വിസ്മരിക്കുമോ?
എത്രനാൾ അങ്ങയുടെ മുഖം
എന്നിൽനിന്ന് മറച്ചുപിടിക്കും?
2. എത്രനാൾ ഞാൻ വേദന സഹിക്കണം?
എത്രനാൾ രാപ്പകൽ ഹൃദയവ്യഥ അനുഭവിക്കണം?
എത്രനാൾ എന്റെ ശത്രു എന്നെ ജയിച്ചുനിൽക്കും?
3. എന്റെ ദൈവമായ കർത്താവേ,
എന്നെ കടാക്ഷിച്ച് ഉത്തരമരുളേണമേ!
ഞാൻ മരണനിദ്രയിൽ വഴുതിവീഴാതിരിക്കാൻ
എന്റെ നയനങ്ങളെ പ്രകാശിപ്പിക്കേണമേ!
4. ഞാനവനെ കീഴ്പ്പെടുത്തി എന്ന്
എന്റെ ശത്രു പറയാൻ ഇടയാക്കരുതേ!
ഞാൻ പരിഭ്രമിക്കുന്നതു കണ്ട് എന്റെ ശത്രു
ആനന്ദിക്കാൻ ഇടവരുത്തരുതേ!
5. ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ
ആനന്ദംകൊള്ളും.
6. ഞാൻ കർത്താവിനെ പാടിസ്തുതിക്കും;
അവിടുന്ന് എന്നോടു് അതിരറ്റ കരുണ
കാണിച്ചിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ