2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

സങ്കീർത്തനം 6 - ദുഃഖിതന്റെ വിലാപം



1. കർത്താവേ,  കോപത്തോടെ

               എന്നെ ശകാരിക്കരുതേ!
   ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
2.      കർത്താവേ, ഞാൻ തളർന്നിരിക്കുന്നു,
                     എന്നോടു കരുണ തോന്നേണമേ!
        കർത്താവേ, എന്റെ അസ്ഥികൾ 
                                ഇളകിയിരിക്കുന്നു;
        എന്നെ സുഖപ്പെടുത്തേണമേ!
3. എന്റെ ആത്മാവ് അത്യന്തം 
                   അസ്വസ്ഥമായിരിക്കുന്നു;
    കർത്താവേ, ഇനിയും എത്രനാൾ!
4.         കർത്താവേ, എന്റെ ജീവൻ 
                        രക്ഷിക്കാൻ  വരേണമേ!
            അങ്ങയുടെ കാരുണ്യത്താൽ 
                           എന്നെ മോചിപ്പിക്കേണമേ!
5. മൃതരുടെ ലോകത്ത് ആരും
              അങ്ങയെ അനുസ്മരിക്കുന്നില്ല;
    പാതാളത്തിൽ ആര് അങ്ങയെ സ്തുതിക്കും?
6.         കരഞ്ഞു കരഞ്ഞ് ഞാൻ തളർന്നു;
            രാത്രിതോറും ഞാൻ  കണ്ണീരൊഴുക്കി;
            എന്റെ തലയണ കുതിർന്നു;
            കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു.
7. ദുഃഖം കൊണ്ട് എന്റെ കണ്ണു മങ്ങുന്നു;
    ശത്രുക്കൾ നിമിത്തം അതു ക്ഷയിക്കുന്നു.
8.         അധർമ്മികളേ, എന്നിൽനിന്ന്
                         അകന്നുപോകുവിൻ;
           കർത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു..
9. കർത്താവ്  എന്റെ യാചന ശ്രവിക്കുന്നു;
    അവിടുന്ന് എന്റെ പ്രാർത്ഥന കൈക്കൊള്ളുന്നു.
10.       എന്റെ സകല ശത്രുക്കളും
                         ലജ്ജിച്ചു പരിഭ്രാന്തരാകും;
            അവർ ക്ഷണത്തിൽ അപമാനിതരായി    
                                                              പിൻവാങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ