1. കർത്താവേ, എന്തുകൊണ്ടാണ്
അവിടുന്ന് അകന്നു നിൽക്കുന്നത്?
ഞങ്ങളുടെ കഷ്ടകാലത്ത്
അവിടുന്ന് മറഞ്ഞിരിക്കുന്നതെന്ത്?
2. ദുഷ്ടർ ഗർവ്വോടെ പാവങ്ങളെ
പിന്തുടർന്നു പീഡിപ്പിക്കുന്നു;
അവർ വച്ച കെണിയിൽ
അവർ തന്നെ വീഴട്ടെ.
3. ദുഷ്ടൻ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു
വമ്പു പറയുന്നു;
അത്യാഗ്രഹി കർത്താവിനെ ശപിച്ചുതള്ളുന്നു.
4. ദുഷ്ടൻ തന്റെ അഹങ്കാരത്തള്ളലാൽ
അവിടുത്തെ അന്വേഷിക്കുന്നില്ല;
ദൈവമില്ല എന്നാണ് അവന്റെ വിചാരം.
5. അവന്റെ മാർഗ്ഗങ്ങൾ എപ്പോഴും വിജയിക്കുന്നു;
അവിടുത്തെ ന്യായവിധി അവനു
കണ്ണെത്താത്തവിധം ഉയരത്തിലാണ്;
അവൻ തന്റെ ശത്രുക്കളെ പുച്ഛിച്ചു തള്ളുന്നു.
6. ഞാൻ കുലുങ്ങുകയില്ല;
ഒരുകാലത്തും എനിക്ക് അനർത്ഥം
ഉണ്ടാവുകയില്ലെന്ന് അവൻ ചിന്തിക്കുന്നു.
7. അവന്റെ വായ് ശാപവും വഞ്ചനയും
ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിനടിയിൽ ദ്രോഹവും
അധർമ്മവും കുടികൊള്ളുന്നു.
8. അവൻ ഗ്രാമങ്ങളിൽ പതിയിരിക്കുന്നു;
ഒളിച്ചിരുന്ന് അവൻ നിർദ്ദോഷരെ കൊലചെയ്യുന്നു;
അവന്റെ കണ്ണുകൾ നിസ്സഹായരെ
ഗൂഢമായി തിരയുന്നു.
9 പാവങ്ങളെ പിടിക്കാൻ അവൻ
സിംഹത്തെപ്പോലെ പതിയിരിക്കുന്നു;
പാവങ്ങളെ വലയിൽക്കുരുക്കി
അവൻ പിടിയിലമർത്തുന്നു.
10. നിസ്സഹായർ ഞെരിഞ്ഞമർന്നുപോകുന്നു;
ദുഷ്ടന്റെ ശക്തിയാൽ അവൻ നിലംപതിക്കുന്നു.
11. ദൈവം മറന്നിരിക്കുന്നു, അവിടുന്ന്
മുഖം മറച്ചിരിക്കുകയാണ്;
അവിടുന്ന് ഒരിക്കലുമിത് കാണുകയില്ല എന്ന്
ദുഷ്ടൻ വിചാരിക്കുന്നു.
12. കർത്താവേ, ഉണരേണമേ!
ദൈവമേ അവിടുന്ന് കരമുയർത്തേണമേ!
പീഡിതരെ മറക്കരുതേ!
13. ദുഷ്ടൻ ദൈവത്തെ നിഷേധിക്കുന്നതും
അവിടുന്ന് കണക്കു ചോദിക്കയില്ലെന്ന്
ഹൃദയത്തിൽ മന്ത്രിക്കുന്നതും എന്തുകൊണ്ട്?
14. അങ്ങ് കാണുന്നുണ്ട്, കഷ്ടപ്പാടുകളും ക്ളേശങ്ങളും
അങ്ങ് തീർച്ചയായും കാണുന്നുണ്ട്;
അങ്ങ് അവ ഏറ്റെടുക്കും; നിസ്സഹായൻ
തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു;
അനാഥന് അവിടുന്ന് സഹായനാണല്ലോ.
15. ദുഷ്ടന്റെയും അധർമ്മിയുടേയും ഭുജം
തകർക്കേണമേ!
ദുഷ്ടതയ്ക്ക് അറുതി വരുന്നതുവരെ അതു
തിരഞ്ഞു നശിപ്പിക്കേണമേ!
16. കർത്താവ് എന്നേയ്ക്കും രാജാവാണ്.
ജനതകൾ അവിടുത്തെ ദേശത്തുനിന്ന്
അറ്റുപോകും.
17. കർത്താവേ, എളിയവരുടെ അഭിലാഷം
അവിടുന്ന് നിറവേറ്റും;
അവരുടെ ഹൃദയത്തിന് ധൈര്യം പകരും;
അവിടുന്ന് അവർക്കു് ചെവികൊടുക്കും.
18. അനാഥർക്കും പീഡിതർക്കും അവിടുന്ന്
നീതി നടത്തിക്കൊടുക്കും;
മണ്ണിൽ നിന്നുള്ള മനുഷ്യൻ ഇനിമേൽ
അവരെ ഭീഷണിപ്പെടുത്തുകയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ