1. എന്റെ ദൈവമായ കർത്താവേ,
അങ്ങിൽ ഞാൻ അഭയം തേടുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന്
എന്നെ രക്ഷിക്കേണമേ, മോചിപ്പിക്കേണമേ!
2. അല്ലെങ്കിൽ സിംഹത്തെപ്പോലെ
അവർ എന്നെ ചീന്തിക്കീറു;
ആരും രക്ഷിക്കാനില്ലാതെ
എന്നെ വലിച്ചിഴയ്ക്കും.
3. എന്റെ ദൈവമായ കർത്താവേ,
ഞാനതു ചെയ്തിട്ടുണ്ടെങ്കിൽ,
ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ,
4. ഞാൻ എന്റെ സുഹൃത്തിനു തിന്മ
പ്രതിഫലം കൊടുത്തിട്ടുണ്ടെങ്കിൽ.
അകാരണമായി ശത്രുവിനെ
കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ.
5. ശത്രു എന്നെ പിന്തുടർന്നു കീഴടക്കിക്കൊള്ളട്ടെ;
എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ;
പ്രാണനെ പൂഴിയിൽ ആഴ്ത്തിക്കൊള്ളട്ടെ.
6. കർത്താവേ, കോപത്തോടെ
എഴുന്നേൽക്കേണമേ!
എന്റെ ശത്രുക്കളുടെ ക്രോധത്തെ
നേരിടാൻ എഴുന്നേൽക്കേണമേ!
ദൈവമേ, ഉണരേണമേ!
അവിടുന്ന് ഒരു ന്യായവിധി
നിശ്ചയിച്ചിട്ടുണ്ടല്ലോ.
7. ജനതകൾ അങ്ങയുടെ ചുറ്റും
സമ്മേളിക്കട്ടെ!
അവർക്കു മുകളിൽ ഒരു ഉയർന്ന സിംഹാസനത്തിൽ
അവിടുന്ന് ഉപവിഷ്ടനാകേണമേ!
8. കർത്താവ് ജനതകളെ വിധിക്കുന്നു;
കർത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും
ഒത്തവിധം എന്നെ വിധിക്കേണമേ!
9. നീതിമാനായ ദൈവമേ, മനസ്സുകളേയും
ഹൃദയങ്ങളേയും പരിശോധിക്കുന്നവനേ,
ദുഷ്ടരുടെ തിന്മയ്ക്ക് അറുതി വരുത്തുകയും
നീതിമാന്മാർക്ക് പ്രതിഷ്ഠ നൽകുകയും ചെയ്യണമേ!
10. ഹൃദയ നിഷ്കളങ്കതയുള്ളവരെ
രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച.
11. ദൈവം നീതിമാനായ ന്യായാധിപനാണ്;
അവിടുന്ന് ദിനംപ്രതി രോഷംകൊള്ളുന്ന ദൈവമാണ്.
12. മനുഷ്യൻ മനസ്സു തിരിയുന്നില്ലെങ്കിൽ
അവിടുന്ന് വാളിനു മൂർച്ചകൂട്ടും;
അവിടുന്ന് വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു.
13. അവിടുന്ന് തന്റെ ശരങ്ങളെ തീയമ്പുകളാക്കി,
മാരകായുധങ്ങൾ സജ്ജമാക്കിയിരിക്കുന്നു.
14. ഇതാ, ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു;
അധർമ്മത്തെ ഉദരത്തിൽ വഹിക്കുന്നു;
വഞ്ചനയെ പ്രസവിക്കുന്നു.
15. അവൻ കുഴികുഴിക്കുന്നു;
താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴുന്നു.
16. അവന്റെ ദുഷ്ടത അവന്റെ
തലയിൽത്തന്നെ പതിക്കുന്നു;
അവന്റെ അക്രമം അവന്റെ
നെറുകയിൽത്തന്നെ തറയുന്നു.
17. കർത്താവിന്റെ നീതിക്കൊത്ത്
ഞാൻ അവിടുത്തേക്കു നന്ദിപറയും;
അത്യുന്നതനായ കർത്താവിന്റെ നാമത്തിനു
ഞാൻ സ്ത്രോത്രമാലപിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ