1. കർത്താവേ എന്റെ ന്യായം കേൾക്കേണമേ!
എന്റെ നിലവിളി ശ്രദ്ധിക്കേണമേ!
നിഷ്കപടമായ എന്റെ അധരങ്ങളിൽ നിന്നുള്ള
പ്രാർത്ഥന ശ്രവിക്കേണമേ!
2. എന്റെ വിധി അങ്ങയുടെ സന്നിധിയിൽ നിന്നു
പുറപ്പെടട്ടെ!
അങ്ങയുടെ കണ്ണ് ന്യായം കാണുമാറാകട്ടെ!
3. അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാൽ,
രാത്രിയിൽ എന്നെ സന്ദർശിച്ചാൽ,
അങ്ങ് എന്നെ ഉരച്ചുനോക്കിയാൽ,
എന്നിൽ തിന്മ കണ്ടെത്തുകയില്ല;
എന്റെ അധരങ്ങൾ പ്രമാണം ലംഘിക്കുകയില്ല.
4. മറ്റുള്ളവർ ചെയ്യുന്നതുപോലെ
ഞാൻ തിന്മ പ്രവർത്തിച്ചിട്ടില്ല;
അങ്ങയുടെ അധരങ്ങളിൽ നിന്നു
പുറപ്പെടുന്ന വചനം ഞാൻ അനുസരിച്ചു;
അക്രമികളുടെ പാതയിൽനിന്നു
ഞാൻ ഒഴിഞ്ഞുനിന്നു.
5. എന്റെ കാലടികൾ അങ്ങയുടെ
പാതയിൽത്തന്നെ പതിഞ്ഞു;
എന്റെ പാദങ്ങൾ വഴുതിയില്ല.
6. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങെനിക്ക് ഉത്തരമരുളും;
അങ്ങ് ചെവി ചായ്ച്ച് എന്റെ വാക്കുകൾ
ശ്രവിക്കേണമേ!
7. തന്റെ വലതുകൈയിൽ അഭയം തേടുന്നവരെ
ശത്രുക്കളിൽ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ,
അങ്ങയുടെ കാരുണ്യം വിസ്മയകരമായി
പ്രദർശിപ്പിക്കേണമേ!
8. കണ്ണിന്റെ കൃഷ്ണമണി പോലെ
എന്നെ കാത്തുകൊള്ളേണമേ!
അങ്ങയുടെ ചിറകിന്റെ നിഴലിൽ
എന്നെ മറച്ചുകൊള്ളേണമേ!
9. എന്നെ ഞെരുക്കുന്ന ദുഷ്ടരിൽ നിന്നും
എന്നെ വളഞ്ഞിരിക്കുന്ന കൊടുംശത്രുക്കളിൽനിന്നും
എന്നെ രക്ഷിക്കേണമേ!
10. അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല;
അവരുടെ അധരങ്ങൾ വമ്പു പറയുന്നു.
11. അവർ എന്നെ അനുധാവനം ചെയ്യുന്നു;
ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു.
എന്നെ നിലംപതിപ്പിക്കാൻ അവർ
എന്റെ മേൽ കണ്ണുവച്ചിരിക്കുന്നു.
12. കടിച്ചുചീന്താൻ വെമ്പുന്ന
സിംഹത്തെപ്പോലെയാണവർ;
പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ തന്നെ.
13. കർത്താവേ, എഴുന്നറ്റ് അവരെ
എതിർത്തു തോൽപ്പിക്കേണമേ!
അങ്ങയുടെ വാൾ നീചനിൽനിന്ന് എന്നെ രക്ഷിക്കട്ടെ.
14. ഇഹലോകജീവിതം മാത്രം ഓഹരിയായി
കരുതുന്ന മർത്യരിൽനിന്ന്
അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ!
അങ്ങ് അവർക്കുവേണ്ടി
ഒരുക്കിയിരിക്കുന്നവ കൊണ്ട്
അവരുടെ വയർ നിറയട്ടെ!
അവരുടെ സന്തതികൾക്കും
സമൃദ്ധമായി ലഭിക്കട്ടെ!
മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങൾക്കുവേണ്ടി
നീക്കി വയ്ക്കട്ടെ!
15. നീതി നിമിത്തം ഞാൻ അങ്ങയുടെ മുഖം ദർശിക്കും;
ഉണരുമ്പോൾ ഞാനങ്ങയുടെ
രൂപം കണ്ടു തൃപ്തിയടയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ