2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

സങ്കീർത്തനം 5 - പ്രഭാതപ്രാർത്ഥന

                                   പ്രഭാത പ്രാർത്ഥന 


1. കർത്താവേ, എന്റെ പ്രാർത്ഥന 
                         ചെവിക്കൊള്ളേണമേ!
   എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കേണമേ!
2. എന്റെ രാജാവേ, എന്റെ ദൈവമേ,
        എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കേണമേ!
                അങ്ങയോടാണല്ലോ ഞാൻ  പ്രാർത്ഥിക്കുന്നത്.
3. കർത്താവേ, പ്രഭാതത്തിൽ അങ്ങ് 
                     എന്റെ പ്രാർത്ഥന കേൾക്കുന്നു;
   പ്രഭാതബലി ഒരുക്കി ഞാൻ
                      അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
4. അങ്ങ് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
        തിന്മ അഅങ്ങയോടൊത്തു വസിക്കുകയില്ല.
5. അഹങ്കാരികൾ അങ്ങയുടെ
               കൺമുമ്പിൽ നിൽക്കുകയില്ല;
    അധർമ്മികളെ  അങ്ങ്  വെറുക്കുന്നു.
6. വ്യാജം പറയുന്നവരെ 
                   അങ്ങ്  നശിപ്പിക്കുന്നു;
         രക്തദാഹികളേയും വഞ്ചകരേയും
                   കർത്താവ് വെറുക്കുന്നു.
7. എന്നാൽ അവിടുത്തെ കാരുണ്യാതിരേകത്താൽ
           ഞാൻ അങ്ങയുടെ ആലയത്തിൽ പ്രവേശിക്കും.
    ഭക്തിപൂർവ്വം ഞാൻ അങ്ങയുടെ
           വിശുദ്ധ മന്ദിരത്തിനു നേരെ പ്രണമിക്കും.
8. കർത്താവേ, എന്റെ ശത്രുക്കൾ നിമിത്തം എന്നെ
           അങ്ങയുടെ നീതിമാർഗ്ഗത്തിലൂടെ 
                             നയിക്കേണമേ!
    എന്റെ മുമ്പിൽ അങ്ങയുടെ പാത 
                                  സുഗമമാക്കേണമേ!
9. അവരുടെ അധരങ്ങളിൽ സത്യമില്ല;
               അവരുടെ ഹൃദയം നാശകൂപമാണ്;
   അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്;
       അവരുടെ നാവിൽ മുഖസ്തുതി മുറ്റിനിൽക്കുന്നു.
10. ദൈവമേ, അവർക്ക് കുറ്റത്തിനൊത്ത
                                           ശിക്ഷ നൽകേണമേ!
      തങ്ങളുടെ കൗശലങ്ങളിൽത്തന്നെ
                       അവർ പതിക്കട്ടെ!
      അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താൽ 
                       അവരെ തള്ളിക്കളയണമേ!
      അവർ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.
11. അങ്ങയിൽ ശരണം പ്രാപിക്കുന്നവർ
                  സന്തോഷിക്കട്ടെ!
     അവർ എന്നും ആനന്ദഭരിതരായി
                               സംഗീതമാലപിക്കട്ടെ!
     അങ്ങയുടെ നാമത്തെ സ്നേഹിക്കുന്നവരെ
                  സംരക്ഷിക്കേണമേ!
     അവർ  അങ്ങയിൽ  ആനന്ദിക്കട്ടെ!
12. കർത്താവേ, നീതിമാന്മാരെ
                 അവിടുന്ന് അനുഗ്രഹിക്കുന്നു;
      പരിച കൊണ്ടെന്നപോലെ 
                  കാരുണ്യം കൊണ്ട് അവിടുന്ന്
                          അവരെ മറയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ