1. കർത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ,
ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
2. അങ്ങാണ് എന്റെ രക്ഷാശിലയും
കോട്ടയും വിമോചകനും;
എന്റെ ദൈവവും എനിക്കു് അഭയം
തരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3. സ്തുത്യർഹനായ കർത്താവിനെ
ഞാൻ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്നെന്നെ ശത്രുക്കളിൽ നിന്നു രക്ഷിക്കും.
4. മരണപാശം എന്നെ ചുറ്റി,
വിനാശത്തിന്റെ പ്രവാഹങ്ങൾ
എന്നെ ആക്രമിച്ചു.
5. പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി;
മരണത്തിന്റെ കുരുക്ക് ഇതാ എന്റെ മേൽ വീഴുന്നു.
6. കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു;
എന്റെ ദൈവത്തോട് ഞാൻ സഹായത്തിനായി
നിലവിളിച്ചു;
അവിടുന്ന് തന്റെ ആലയത്തിൽനിന്ന്
എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7. കർത്താവിന്റെ കോപത്തിൽ ഭൂമി ഞെട്ടിവിറച്ചു;
മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
8. അവിടുത്തെ നാസികയിൽനിന്ന്
ധൂമപടലമുയർന്നു;
വായിൽ നിന്നു സംഹാരാഗ്നി പുറപ്പെട്ടു;
കനലുകൾ കത്തിജ്ജ്വലിച്ചു.
9. ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു;
കൂരിരുട്ടിന്മേൽ അവിടുന്ന് പാദം ഉറപ്പിച്ചു.
10. കെരൂബിനെ വാഹനമാക്കി
അവിടുന്ന് പറന്നു;
കാറ്റിന്റെ ചിറകുകളിൽ
അവിടുന്ന് പാഞ്ഞുവന്നു.
11. അന്ധകാരം കൊണ്ട് അവിടുന്ന്
ആവരണം ചമച്ചു;
ജലം നിറഞ്ഞ കാർമേഘങ്ങൾ കൊണ്ട്
വിതാനമൊരുക്കി
12. അവിടുത്തെ മുമ്പിൽ ജ്വലിക്കുന്ന
തേജസ്സിൽനിന്ന്
കന്മഴയും തീക്കനലും മേഘങ്ങൾ ഭേദിച്ച്
ഭൂമിയിൽ പതിച്ചു.
13. കർത്താവ് ആകാശത്തിൽ ഇടിമുഴക്കി;
അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു;
കന്മഴയും തീക്കനലും പൊഴിഞ്ഞു.
14. അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു;
മിന്നൽപ്പിണർ കൊണ്ട് അവരെ പായിച്ചു.
15. കർത്താവേ, അങ്ങയുടെ ശാസനയാൽ
അങ്ങയുടെ നാസികയിൽനിന്ന്
പുറപ്പെട്ട നിശ്വാസത്താൽ
സമുദ്രത്തിലെ അന്തഃപ്രവാഹങ്ങൾ കാണപ്പെട്ടു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.
16. ഉന്നമനത്തിൽനിന്നു കൈനീട്ടി
അവിടുന്ന് എന്നെ പിടിച്ചു;
പെരുവെള്ളത്തിൽ നിന്ന്
അവിടുന്ന് എന്നെ പോക്കിയെടുത്തു.
17. പ്രബലനായ ശത്രുവിൽനിന്നും
എന്നെ വെറുത്തവരിൽനിന്നും
അവിടുന്ന് എന്നെ രക്ഷിച്ചു; അവർ
എന്റെ ശക്തിക്കതീതരായിരുന്നു.
18. അനർത്ഥകാലത്ത് അവർ എന്റെമേൽ ചാടിവീണു;
കർത്താവ് എനിക്കഭയമായിരുന്നു.
19. അവിടുന്ന്എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു;
എന്നിൽ പ്രസാദിച്ചതിനാൽ എന്നെ വിമോചിപ്പിച്ചു.
20. എന്റെ നീതിക്കൊത്തവിധം കർത്താവ്
എനിക്കു പ്രതിഫലം നൽകി;
എന്റെ കൈകളുടെ നിർമ്മലതയ്ക്കു ചേർന്നവിധം
എനിക്കു പകരം തന്നു.
21. കർത്താവിന്റെ മാർഗ്ഗത്തിൽ ഞാൻ ഉറച്ചനിന്നു;
തിന്മചെയ്ത് എന്റെ ദൈവത്തിൽ നിന്ന്
ഞാൻ അകന്നുപോയില്ല.
22. അവിടുത്തെ കൽപ്പനകൾ എന്റെ
കൺമുമ്പിലുണ്ടായിരുന്നു;
അവിടുത്തെ നിയമങ്ങൾ ഞാൻ ലംഘിച്ചില്ല.
23. അവിടുത്തെ മുമ്പിൽ ഞാൻ നിർമ്മലനായിരുന്നു;
കുറ്റങ്ങളിൽനിന്നു ഞാൻ അകന്നുനിന്നു.
24. എന്റെ നീതിയും കൈകളുടെ
നിഷ്കളങ്കതയും കണ്ട്
കർത്താവ് എനിക്കു പ്രതിഫലം നൽകി.
25. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു.
നിഷ്കളങ്കനോട് നിഷ്കളങ്കമായി പെരുമാറുന്നു.
26. നിർമ്മലനോടു നിർമ്മലമായും
ദുഷ്ടനോട് ക്രൂരമായും അങ്ങ് പെരുമാറുന്നു.
27. വിനീതരെ അങ്ങ് വിടുവിക്കുന്നു;
അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു.
28. അങ്ങ് എന്റെ ദീപം കൊളുത്തുന്നു;
എന്റെ ദൈവമായ കർത്താവ്
എന്റെ അന്ധകാരം അകറ്റുന്നു.
29. അവിടുത്തെ സഹായത്താൽ ഞാൻ
സൈന്യനിരയെ ഭേദിക്കും;
എന്റെ ദൈവത്തിന്റെ സഹായത്താൽ
ഞാൻ കോട്ട ചാടിക്കടക്കും.
30. ദൈവത്തിന്റെ മാർഗ്ഗം അവികലമാണ്;
കർത്താവിന്റെ വാഗ്ദാനം നിറവേറും;
തന്നിൽ അഭയം തേടുന്നവർക്ക്
അവിടുന്ന് പരിചയാണ്.
31. കർത്താവല്ലാതെ ദൈവമാരുണ്ട്?
നമ്മുടെ ദൈവമല്ലാതെ രക്ഷാശില
എവിടെയുണ്ട്?
32. അവിടുന്ന് ശക്തി കൊണ്ട്
എന്റെ അരമുറുക്കുന്നു;
എന്റെ മാർഗ്ഗം സുരക്ഷിതമാക്കുന്നു.
33. അവിടുന്ന് എന്റെ കാലുകൾക്ക്
മാൻപേടയുടെ വേഗം നൽകി;
ഉന്നതഗിരികളിൽ എന്നെ
സുരക്ഷിതനായി നിർത്തി.
34. എന്റെ കൈകളെ അവിടുന്ന്
യുദ്ധമുറ അഭ്യസിപ്പിച്ചു;
എന്റെ കരങ്ങൾക്ക് പിച്ചളവില്ല്
കുലയ്ക്കാൻ കഴിയും.
35. അങ്ങ് എനിക്കു് രക്ഷയുടെ പരിച നൽകി;
അവിടുത്തെ വലതുകൈ എന്നെ താങ്ങിനിർത്തി.
അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.
36. എന്റെ പാത അങ്ങ് വിശാലമാക്കി;
എന്റെ കാലുകൾ വഴുതിയില്ല.
37. എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു;
അവരെ സംഹരിക്കുവോളം ഞാൻ പിൻവാങ്ങിയില്ല.
38. എഴുന്നൽക്കാനാവാത്ത വിധം
അവരെ ഞാൻ തകർത്തു;
അവർ എന്റെ കാൽക്കീഴിൽ ഞെരിഞ്ഞു.
39. യുദ്ധത്തിനായി ശക്തി കൊണ്ട്
അങ്ങ് എന്റെ അരമുറുക്കി;
എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്കു്
അധീനമാക്കി.
40. എന്റെ ശത്രുക്കളെ അങ്ങ് പലായനം ചെയ്യിച്ചു;
എന്നെ വെറുത്തവരെ ഞാൻ നശിപ്പിച്ചു.
41. സഹായത്തിനു വേണ്ടി അവർ നിലവിളിച്ചു;
രക്ഷിക്കാനാരുമുണ്ടായിരുന്നില്ല.
കർത്താവിനോടു് അവർ നിലവിളിച്ചു;
അവിടുന്ന് ഉത്തരമരുളിയില്ല.
42. കാറ്റിൽ പറക്കുന്ന ധൂളിപോലെ
ഞാൻ അവരെ പൊടിച്ചു.
തെരുവിലെ ചെളി പോലെ കോരിക്കളഞ്ഞു.
43. ജനത്തിന്റെ കലഹത്തിൽ നിന്ന്
അങ്ങെന്നെ രക്ഷിച്ചു;
അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി.
എനിക്കു് അപരിചിതമായിരുന്ന ജനത
എന്നെ സേവിച്ചു.
44. എന്നെക്കുറിച്ചു കേട്ടമാത്രയിൽ അവർ
എന്നെ അനുസരിച്ചു;
അന്യജനതകൾ എന്നോടു് കേണിരന്നു.
45. അന്യജനതകൾക്ക് ധൈര്യമറ്റു; കോട്ടകളിൽ നിന്ന്
വിറയലോടെ അവർ പുറത്തുവന്നു.
46. കർത്താവ് ജീവിക്കുന്നു;
എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ!
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ!
47. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു;
ജനതകളെ എനിക്കധീനമാക്കി
48. ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
വൈരികൾക്കുമേൽ എന്നെ ഉയർത്തി;
അക്രമികളിൽനിന്ന് അവിടുന്ന് എന്നെവിടുവിച്ചു.
49. ആകയാൽ കർത്താവേ, ജനതകളുടെ മദ്ധ്യേ
ഞാനങ്ങേയ്ക്ക് കൃതജ്ഞതാസ്തോത്രം ആലപിക്കും;
അങ്ങയുടെ നാമം പാടി സ്തുതിക്കും.
50. തന്റെ രാജാവിന് അവിടുന്ന് വൻവിജയം നൽകുന്നു;
തന്റെ അഭിഷിക്തനോട് എന്നേയ്ക്കും
കാരുണ്യം കാണിക്കുന്നു;
ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.