(ഇസ്രായേല്‍ ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്റെ പേരിലാണറിയപ്പെടുന്നത്)
സങ്കീർത്തനം 76
സങ്കീർത്തനം 76
1. ദൈവം യൂദായിൽ പ്രസിദ്ധനാണ്;
ഇസ്രായേലിൽ അവിടുത്തെ നാമം
മഹനീയവുമാണ്.
2. അവിടുത്തെ നിവാസം സാലെമിലും
വാസസ്ഥലം സീയോനിലും
സ്ഥാപിച്ചിരിക്കുന്നു.
3. അവിടെവച്ച് അവിടുന്ന് മിന്നൽപോലെ
പായുന്ന അസ്ത്രങ്ങളും പരിചയും വാളും
എല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു.
4. അങ്ങ് മഹത്വപൂർണ്ണനാകുന്നു;
ശാശ്വതശൈലങ്ങളേക്കാൾ അങ്ങ്
പ്രതാപവാനാണ്.
5. ധീരരുടെ കൊള്ളമുതൽ അവരിൽ നിന്നുകവർന്നെടുത്തു; അവർ നിദ്രയിലാണ്ടു;
യോദ്ധാക്കൾക്ക് കൈയുയർത്താൻ
കഴിയാതെ പോയി.
6. യാക്കോബിന്റെ ദൈവമേ, അങ്ങ് ശാസിച്ചപ്പോൾ
കുതിരയും കുതിരക്കാരനും നടുങ്ങി നിലംപതിച്ചു.
7. അങ്ങ് ഭീതിദനാണ്; അങ്ങയുടെ കോപം
ഉജ്ജ്വലിച്ചാൽപ്പിന്നെ ആർക്ക് അങ്ങയുടെ
മുമ്പിൽ നിൽക്കാൻ കഴിയും?
8. ആകാശത്തിൽ നിന്ന് അങ്ങ്
വിധി പ്രസ്താവിച്ചു;
9. നീതി സ്ഥാപിക്കാൻ, ഭൂമിയിലെ എല്ലാ
പീഡിതരെയും രക്ഷിക്കാൻ
അവിടുന്ന് എഴുന്നേറ്റപ്പോൾ
ഭൂമി ഭയന്നു് സ്തംഭിച്ചുപോയി.
10. മനുഷ്യന്റ ക്രോധം പോലും അങ്ങേയ്ക്കു
സ്തുതിയായി പരിണമിക്കും;
അതിൽനിന്നു രക്ഷപ്പെടുന്നവർ അങ്ങയുടെ
ചുറ്റും ചേർന്നു നിൽക്കും.
11. നിങ്ങളുടെ ദൈവമായ കർത്താവിനു
നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും
ചെയ്യുവിൻ; ചുറ്റുമുള്ളവർ ഭീതിദനായ
അവിടുത്തേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12. അവിടുന്ന് പ്രഭുക്കന്മാരുടെ പ്രാണനെ
ഛേദിച്ചു കളയും;
ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന്
ഭയകാരണമാണ്.