2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഞാൻ നിർഭയനായി ദൈവത്തിൽ ആശ്രയിക്കും

സങ്കീർത്തനം 56

1. ദൈവമേ, എന്നോടു കരുണ തോന്നേണമേ!
                       മനുഷ്യർ എന്നെ ചവിട്ടി മെതിക്കുന്നു;
   ദിവസം മുഴുവനും ശത്രുക്കൾ എന്നെ പീഡിപ്പിക്കുന്നു.
2.     ദിവസം മുഴുവനും എന്റെ ശത്രുക്കൾ എന്നെ
                          ചവിട്ടി മെതിക്കുന്നു;
        അനേകർ എന്നോടു ഗർവോടെ യുദ്ധം ചെയ്യുന്നു.
3. ഭയമുണ്ടാകുമ്പോൾ ഞാൻ അങ്ങയിൽ
                                                    ആശ്രയിക്കും.
4.     ആരുടെ വചനത്തെ ഞാൻ പ്രകീർത്തിക്കുന്നുവോ,
        ആ ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.
        മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
5. ദിവസം മുഴുവനും അവർ എന്നെ 
                       ദ്രോഹിക്കാൻ നോക്കുന്നു;
    അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ
                 ഉപദ്രവിക്കാമെന്നാണ്.
6.     അവർ കൂട്ടംകൂടി പതിയിരിക്കുന്നു;
        അവർ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന്
             എന്റെ കാലടികളെ നിരീക്ഷിക്കുന്നു.
7. അവരുടെ അകൃത്യത്തിനു തക്ക പ്രതിഫലം നൽകണമേ!
    ദൈവമേ, ക്രോധത്തോടെ ജനതകളെ തകർക്കണമേ!
8.     അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്;
        എന്റെ കണ്ണീർക്കണങ്ങൾ അങ്ങ്
                        കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്;
        അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
9. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ
                               എന്റെ ശത്രുക്കൾ പിന്തിരിയും;
    ദൈവം എന്റെ പക്ഷത്താണെന്ന് ഞാനറിയുന്നു.
10.    ഞാൻ ആരുടെ വചനം കീർത്തിക്കുന്നുവോ
                            ആ ദൈവത്തിൽ,
         ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ
11. ആ കർത്താവിൽ നിർഭയനായി ഞാൻ ആശ്രയിക്കും;
     മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
12.     ദൈവമേ, അങ്ങേയ്ക്കുള്ള നേർച്ചകൾ നിറവേറ്റാൻ
                      ഞാൻ കടപ്പെട്ടിരിക്കുന്നു;
          ഞാൻ അങ്ങേയ്ക്ക് കൃതജ്ഞതാബലി അർപ്പിക്കും.
13. ഞാൻ ദൈവസന്നിധിയിൽ,
         ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്,
      അവിടുന്ന് എന്റെ ജീവനെ മരണത്തിൽ നിന്നും
         എന്റെ പാദങ്ങളെ വീഴ്ചയിൽ നിന്നും
                                                രക്ഷിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ