2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

സങ്കീർത്തനം 51 - ദൈവമേ, കനിയണമേ!

 1.ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
        എന്നോടു ദയ തോന്നേണമേ!
   അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
           എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!
2.     എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
        എന്റെ പാപത്തിൽ നിന്ന് എന്നെ
                                    ശുദ്ധീകരിക്കണമേ!
3. എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു;
    എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
4.      അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി
                        ഞാൻ പാപം ചെയ്തു;
         അങ്ങയുടെ മുമ്പിൽ ഞാൻ തിന്മ പ്രവർത്തിച്ചു;
         അതുകൊണ്ട് അങ്ങയുടെ വിധിനിർണ്ണയത്തിൽ
                     അങ്ങ് നീതിയുക്തനാണ്;
         അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5. പാപത്തോടെയാണ് ഞാൻ പിറന്നത്;
    അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ
              ഞാൻ  പാപിയാണ്.
6. ഹൃദയപരമാർത്ഥതയാണ് അങ്ങ്
                                    ആഗ്രഹിക്കുന്നത്;
    ആകയാൽ എന്റെ അന്തരംഗത്തിൽ
            ജ്ഞാനം പകരണമേ!
7.      ഹിസോപ്പു കൊണ്ട് എന്നെ
                         പവിത്രീകരിക്കണമേ!
         ഞാൻ നിർമ്മലനാകും; എന്നെ കഴുകണമേ!
         ഞാൻ മഞ്ഞിനേക്കാൾ വെൺമയുള്ളവനാകും.


8. എന്നെ സന്തോഷഭരിതനാക്കണമേ!
    അവിടുന്ന് തകർത്ത എന്റെ അസ്ഥികൾ
                 ആനന്ദിക്കട്ടെ!

9.     എന്റെ പാപങ്ങളില്‍ നിന്ന് മുഖം മറയ്ക്കണമേ! 
        എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!
10. ദൈവമേ, നിർമ്മലമായ ഹൃദയം
                         എന്നിൽ സൃഷ്ടിക്കണമേ!
      അചഞ്ചലമായ ഒരു നവചൈതന്യം
                      എന്നിൽ നിക്ഷേപിക്കണമേ!
11.      അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ
                          തള്ളിക്കളയരുതേ!
           അങ്ങയുടെ പരിശുദ്ധാത്മാവിനെ
                   എന്നിൽനിന്ന് എടുത്തു കളയരുതേ!
12. അങ്ങയുടെ രക്ഷയുടെ സന്തോഷം
                       എനിക്കു വീണ്ടും തരണമേ!
      ഒരുക്കമുള്ള ഹൃദയം നൽകി എന്നെ
                       താങ്ങണമേ!

 13.      അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ
                               വഴി പഠിപ്പിക്കും;
            പാപികൾ അങ്ങയിലേക്കു തിരിച്ചു വരും.
14. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
     രക്തപാതകത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ!
     ഞാൻ അങ്ങയുടെ രക്ഷയെ ഉച്ചത്തിൽ
                 പ്രകീർത്തിക്കും.
15.     കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
          എന്റെ നാവ് അങ്ങയുടെ  സ്തുതികൾ ആലപിക്കും.


16. ബലികളിൽ അങ്ങ് പ്രസാദിക്കുന്നില്ല;
      ഞാൻ  ദഹനബലി അർപ്പിച്ചാൽ അങ്ങ്
                സന്തുഷ്ടനാവുകയുമില്ല.
17.     ഉരുകിയ മനസ്സാണ് ദൈവത്തിനു
                                   സ്വീകാര്യമായ ബലി;
          ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ്
                          നിരസിക്കുകയില്ല.
18.  അങ്ങ് പ്രസാദിച്ച് സീയോന് നന്മ ചെയ്യണമേ!
       ജറുസലേമിന്റെ കോട്ടകൾ 

                       പുതുക്കിപ്പണിയണമേ!
19.      അപ്പോൾ അവിടുന്ന് നിർദ്ദിഷ്ട ബലികളിലും
           ദഹനബലികളിലും സമ്പൂർണ്ണ ദഹനബലികളിലും
                                    പ്രസാദിക്കും;
           അപ്പോൾ അങ്ങയുടെ  ബലിപീഠത്തിൽ കാളകൾ
                                   അർപ്പിക്കപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ