ഉപവസിക്കുമ്പോൾ നിങ്ങൾ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങൾ പീഡിപ്പിക്കുന്നു; കലഹിക്കുന്നതിനും ശണ്ഠ കൂടുന്നതിനും ക്രൂരമായി മുഷ്ടി കൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങൾ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തിൽ എത്താൻ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണ പോലെ തലകുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറിക്കിടക്കക്കുന്നതുമാണോ അത്? ഇതിനെയാണോ നിങ്ങൾ ഉപവാസമെന്നും കർത്താവിനു സ്വീകാര്യമായ ദിവസമെന്നും വിളിക്കുന്നത്? ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം ? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും; നീ വേഗം സുഖംപ്രാപിക്കും; നിന്റെ നീതി നിന്റെ മുമ്പിലും കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ 'ഇതാ ഞാൻ' എന്ന് അവിടുന്ന് മറുപടി തരും.
മർദ്ദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരെയകറ്റുക. വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്ക് സംതൃപ്തി നൽകുകയും ചെയ്താൽ നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരുണ്ടവേളകൾ മദ്ധ്യാഹ്നം പോലെയാകും.
കർത്താവ് നിന്നെ നിരന്തരം നയിക്കും. മരുഭൂമിയിലും നിനക്കു സമൃദ്ധി നൽകും. നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളർത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെയാകും നീ.
(ഏശയ്യാ 58: 3-12)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ