2011, മാർച്ച് 20, ഞായറാഴ്‌ച

സങ്കീർത്തനം 25 - വഴി കാട്ടണമേ!


1. കർത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ
                     സന്നിധിയിലേക്കു ഞാൻ ഉയർത്തുന്നു.
2. ദൈവമേ, അങ്ങയിൽ ഞാനാശ്രയിക്കുന്നു;
    ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ!
    ശത്രുക്കൾ എന്റെമേൽ വിജയം ആഘോഷിക്കാതിരിക്കട്ടെ!
3. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും
                       ഭഗ്നാശനാകാതിരിക്കട്ടെ!
   വിശ്വാസവഞ്ചകർ അപമാനമേൽക്കട്ടെ!
4. കർത്താവേ, അങ്ങയുടെ മാർഗ്ഗങ്ങൾ
             എനിക്കു മനസ്സിലാക്കിത്തരണമേ!
    അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
5. അങ്ങയുടെ സത്യത്തിലേക്ക് എന്നെ                                                             നയിക്കണമേ!
                  എന്നെ പഠിപ്പിക്കണമേ!
    എന്തെന്നാൽ അങ്ങാണല്ലോ എന്നെ 
                                    രക്ഷിക്കുന്ന ദൈവം;
    അങ്ങേയ്ക്കുവേണ്ടി ദിവസം മുഴുവന്‍ ഞാൻ 
                               കാത്തിരിക്കുന്നു.
6. കർത്താവേ, പണ്ടുമുതലേ അങ്ങു ഞങ്ങളോടു                                           കാണിച്ച
          അങ്ങയുടെ  കാരുണ്യവും വിശ്വസ്തതയും
                                             അനുസ്മരിക്കണമേ!
7. എന്റെ യൗവനത്തിലെ പാപങ്ങളും                                                അതിക്രമങ്ങളും
                                         അങ്ങ് ഓർക്കരുതേ!
    കർത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിന്
              അനുസൃതമായി കരുണാപൂർവ്വം എന്നെ
                                അനുസ്മരിക്കണമേ!
8. കർത്താവ് നല്ലവനും നീതിമാനുമാണ്;
    പാപികൾക്ക് അവിടുന്ന് നേർവഴി കാട്ടുന്നു.
9. എളിയവരെ അവിടുന്ന് നീതിമാർഗ്ഗത്തിൽ                                            നയിക്കുന്നു;
    വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
10. കർത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും
                                                 പാലിക്കുന്നവർക്ക്
      അവിടുത്തെ വഴികള്‍ സത്യവും സ്നേഹവുമാണ്.
11. കർത്താവേ, അങ്ങയുടെ നാമത്തെപ്രതി
           എന്റെ നിരവധിയായ പാപങ്ങൾ                                                               ക്ഷമിക്കണമേ!
12. കർത്താവിനെ ഭയപ്പടുന്നവനാരോ അവൻ 
         തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന്                                              കാണിച്ചുകൊടുക്കും.
13. അവൻ ഐശ്വര്യത്തിൽ കഴിയും;
      അവന്റെ മക്കൾ ദേശം അവകാശമാക്കും.
14. കർത്താവിന്റെ  സൗഹൃദം അവിടുത്തെ
                                      ഭയപ്പടുന്നവർക്കുള്ളതാണ്;
      അവിടുന്ന്  തന്റെ ഉടമ്പടി അവരെ അറിയിക്കും.
15. എന്റെ കണ്ണുകൾ സദാ കർത്താവിങ്കലേക്കു
                                                    തിരിഞ്ഞിരിക്കുന്നു;

      അവിടുന്ന്  എന്റെ പാദങ്ങളെ 
                         വലയിൽ നിന്നു വിടുവിക്കും.
16. ദയ തോന്നി എന്നെ കടാക്ഷിക്കണമേ!

      ഞാൻ ഏകാകിയും പീഡിതനുമാണ്.
17. എന്റെ ഹൃദയവ്യഥകൾ ശമിപ്പിക്കണമേ!
      മനക്ളേശത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ!
18.എന്റെ പീഡകളും ക്ളേശങ്ങളുമോർത്ത്
                     എന്റെ പാപങ്ങൾ പൊറുക്കണമേ!
19. ഇതാ ശത്രുക്കൾ പെരുകിയിരിക്കുന്നു;
      അവർ എന്നെ കഠിനമായി വെറുക്കുന്നു.
20. എന്റെ ജീവൻ കാത്തുകൊള്ളണമേ!
                 എന്നെ രക്ഷിക്കണമേ!
      അങ്ങിൽ ആശ്രയിച്ച എന്നെ 
                         ലജ്ജിക്കാനിടയാക്കരുതേ!
21. നിഷ്ക്കളങ്കതയും നീതിനിഷ്ഠയും 
                    എന്നെ സംരക്ഷിക്കട്ടെ!
      ഞാനങ്ങയെ കാത്തിരിക്കുന്നു.
22. ദൈവമേ, ഇസ്രായേലിനെ സകല 
            കഷ്ടതകളിൽ നിന്നും മോചിപ്പിക്കണമേ!

1 അഭിപ്രായം: