2011, മാർച്ച് 17, വ്യാഴാഴ്‌ച

സങ്കീർത്തനം 22

1. എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട്
                            അങ്ങെന്നെ ഉപേക്ഷിച്ചു!
   എന്നെ സഹായിക്കാതെയും എന്റെ രോദനം 
        കേൾക്കാതെയും അകന്നു നിൽക്കുന്നതെന്തുകൊണ്ട്?
2. എന്റെ ദൈവമേ, പകൽ മുഴുവന്‍ ഞാനങ്ങയെ
                   വിളിക്കുന്നു; അങ്ങ് കേൾക്കുന്നില്ല;
    രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു; എനിക്ക്
                 ആശ്വാസം ലഭിക്കുന്നില്ല.
3. ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ
                            ഉപവിഷ്ടനായിരിക്കുന്നവനേ,
   അവിടുന്ന് പരിശുദ്ധനാണ്.
4. അങ്ങയിൽ ഞങ്ങളുടെ പിതാക്കന്മാർ വിശ്വാസമർപ്പിച്ചു;
    അവർ അങ്ങയിൽ  ശരണം വച്ചു; അങ്ങ് 
                                          അവരെ മോചിപ്പിച്ചു.
5. അങ്ങയോട് അവർ നിലവിളിച്ചപേക്ഷിച്ചു; 
                               അവർ രക്ഷപ്പെട്ടു;
    അങ്ങയെ അവരാശ്രയിച്ചു; അവർ ഭഗ്നാശരായില്ല.
6. എന്നാൽ ഞാൻ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യർക്കു
           നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും;
    കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
7. അവർ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു 
                                       തലയാട്ടുകയും  ചെയ്യുന്നു.
8. അവൻ കർത്താവിൽ ആശ്രയിച്ചല്ലോ; അവിടുന്ന് 
                                      അവനെ രക്ഷിക്കട്ടെ;
   അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ; അവനിൽ    
   അവിടുത്തെ പ്രസാദം ഉണ്ടല്ലോയെന്ന് അവർ പറയുന്നു.
9. എങ്കിലും അവിടുന്നാണ് മാതാവിന്റെ ഉദരത്തിൽനിന്ന്
                     എന്നെ പുറത്തു കൊണ്ടുവന്നത്;
    മാതാവിന്റെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം
                   നൽകിയതും അവിടുന്നു തന്നെ.
10. അങ്ങയുടെ കൈകളിലേക്കാണ് ഞാൻ
                              പിറന്നുവീണത്;
     മാതാവിന്റെ  ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ
                         അവിടുന്നാണ് എന്റെ ദൈവം.
11. എന്നിൽനിന്ന് അകന്നു നിൽക്കരുതേ! ഇതാ ദുരിതം
           അടുത്തിരിക്കുന്നു; സഹായത്തിനാരുമില്ല.
12. കാളക്കൂറ്റന്മാർ എന്നെ വളഞ്ഞിരിക്കുന്നു; 
          ബാഷാൻ  കാളക്കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13. ആർത്തിയോടെ അലറിയടുക്കുന്ന സിംഹം പോലെ
      അവ എന്റെ നേരെ വാ പിളർന്നിരിക്കുന്നു.
14. ഒഴിച്ചുകളഞ്ഞ വെള്ളം പോലെയാണ് ഞാൻ;
                  സന്ധിബന്ധങ്ങൾ ഉലഞ്ഞിരിക്കുന്നു;
     എന്റെ ഹൃദയം മെഴുകു പോലെയായി;  എന്റെയുള്ളിൽ 
                           അത് ഉരുകിക്കൊണ്ടിരിക്കുന്നു.
15. എന്റെ അണ്ണാക്ക് ഓടിന്റെ കഷണം പോലെ
                                         വരണ്ടിരിക്കുന്നു;
     എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു; അവിടുന്ന് 
     എന്നെ മരണത്തിന്റെ പൂഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു.
16. നായ്ക്കൾ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധർമ്മികളുടെ 
             സംഘം എന്നെ വളഞ്ഞിരിക്കുന്നു;
     അവർ എന്റെ കൈകാലുകൾ കുത്തിത്തുളച്ചു.
17. എന്റെ അസ്ഥികൾ എനിക്ക് എണ്ണാവുന്ന വിധത്തിലായി;
     അവർ  എന്നെ തുറിച്ചുനോക്കുന്നു;
18. അവർ എന്റെ  വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു;
     എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു.
19. കർത്താവേ, അങ്ങ് അകന്നിരിക്കരുതേ!
     എനിക്കു തുണയായവനേ, എന്റെ സഹായത്തിനു
                   വേഗം വരണമേ!
20. എന്റെ ജീവനെ വാളിൽനിന്നു രക്ഷിക്കണമേ!
      എന്നെ നായുടെ പിടിയിൽ നിന്നു മോചിപ്പിക്കേണമേ!
21. സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ!
      കാട്ടുപോത്തത്തിന്റെ കൊമ്പുകളിൽനിന്ന്
                  മുറിവേറ്റ എന്നെ മോചിപ്പിക്കണമേ!
22. ഞാൻ അവിടുത്തെ  നാമം എന്റെ സഹോദരരോടു
                                    പ്രഘോഷിക്കും;
     സഭാമദ്ധ്യത്തിൽ ഞാൻ  അങ്ങയെ പുകഴ്ത്തും.
23. കർത്താവിന്റെ ഭക്തരേ, അവിടുത്തെ   സ്തുതിക്കുവിൻ;
     യാക്കോബിന്റെ സന്തതികളേ, അവിടുത്തെ 
                                            മഹത്വപ്പെടുത്തുവിൻ;
     ഇസ്രായേൽമക്കളേ, അവിടുത്തെ  സന്നിധിയിൽ 
                         ഭയത്തോടെ നിൽക്കുന്നവിൻ.
24. എന്തെന്നാൽ പീഡിതന്റെ കഷ്ടതകൾ അവിടുന്ന്  
           അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല;
     തന്റെ മുഖം അവനിൽ നിന്നു മറച്ചുമില്ല;
     അവൻ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്നു കേട്ടു.
25. മഹാസഭയിൽ ഞാൻ  അങ്ങയെ പുകഴ്ത്തും;
     അവിടുത്തെ ഭക്തരുടെ മുമ്പിൽ ഞാനെന്റെ 
                            നേർച്ചകൾ നിറവേറ്റും.
26. ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും; കർത്താവിനെ 
           അന്വേഷിക്കുന്നവർ അവിടുത്തെ പ്രകീർത്തിക്കും;
     അവർ എന്നും സന്തുഷ്ടരായി ജീവിക്കും.
27. ഭുമിയുടെ അതിർത്തികൾ കർത്താവിനെ 
         അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്ക്
                      തിരിയുകയും ചെയ്യും;
     എല്ലാ ജനതകളും അവിടുത്തെ സന്നിധിയിൽ
                 ആരാധനയർപ്പിക്കും.
28. എന്തെന്നാൽ രാജത്വം കർത്താവിന്റേതാണ്;
     അവിടുന്ന് എല്ലാ ജനതകളേയും ഭരിക്കുന്നു.
29. ഭൂമിയിലെ അഹങ്കാരികൾ അവിടുത്തെ      
                                         മുമ്പിൽ കുമ്പിടും;
     ജീവൻ പിടിച്ചുനിർത്താനാവാതെ പൊടിയിലേക്കു
                                                    മടങ്ങുന്നവർ
     അവിടുത്തെ മുമ്പിൽ  പ്രണമിക്കും.
30. പുരുഷാന്തരങ്ങൾ അവിടുത്തെ സേവിക്കും;
      അവർ ഭാവിതലമുറയോട് കർത്താവിനെപ്പറ്റി പറയും.
31. ജനിക്കാനിരിക്കുന്ന തലമുറയോട് കർത്താവാണ്
         മോചനം നേടിത്തന്നത് എന്നവർ ഉദ്ഘോഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ