എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലേ, കേൾക്കുക. നിന്നെ സൃഷ്ടിക്കുകയും ഗർഭപാത്രത്തിൽ നിനക്കു രൂപം നൽകുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ. ഞാൻ തിരഞ്ഞെടുത്ത ജഷ്റൂനേ, നീ ഭയപ്പെടേണ്ടാ. വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്തു് അരുവികളും ഞാൻ ഒഴുക്കും. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെ മേൽ എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും. ജലത്തിൽ സസ്യങ്ങളും നദീതീരത്ത് അലരികളുംപോലെ അവർ തഴച്ചുവളരും. ഞാൻ കർത്താവിന്റേതാണെന്ന് ഒരുവൻ പറയും; മറ്റൊരുവൻ യാക്കോബിന്റെ നാമം സ്വീകരിക്കും; മൂന്നാമതൊരുവൻ സ്വന്തം കയ്യിൽ കർത്താവിനുള്ളവൻ എന്നു മുദ്രണം ചെയ്യുകയും ഇസ്രായേൽ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും. ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്കു സമനായി ആരുണ്ട്? അവൻ അത് ഉദ്ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങൾ ആദി മുതൽ അറിയിച്ചതാര്? ഇനി എന്തു സംഭവിക്കുമെന്ന് അവർ പറയട്ടെ! ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാൻ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ, നിങ്ങൾ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെ അറിവിലില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ