2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

രോഗിയുടെ രോദനം

സങ്കീര്‍ത്തനം 38

1. കർത്താവേ, അങ്ങയുടെ കോപത്തിൽ
            എന്നെ ശാസിക്കരുതേ!
    അങ്ങയുടെ ക്രോധത്തിൽ എന്നെ
                  ശിക്ഷിക്കരുതേ!
2.  അങ്ങയുടെ അസ്ത്രങ്ങൾ എന്നിൽ
                     ആഞ്ഞുതറച്ചിരിക്കുന്നു;
     അങ്ങയുടെ കരം എന്റെമേൽ
                          പതിച്ചിരിക്കുന്നു.
3. അങ്ങയുടെ രോഷം മൂലം എന്റെ
             ശരീരത്തിൽ സ്വസ്ഥതയില്ല;
    എന്റെ പാപം നിമിത്തം എന്റെ
            അസ്ഥികളിൽ ആരോഗ്യവുമില്ല.
4. എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കു മുകളിൽ
                   ഉയർന്നിരിക്കുന്നു;
    അത് എനിക്ക് താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5. എന്റെ ഭോഷത്തം മൂലം എന്റെ വൃണങ്ങൾ
               അഴുകി നാറുന്നു;
6. ഞാൻ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവൻ
            ഞാൻ വിലപിച്ചു കഴിയുന്നു.
7. എന്റെ അരക്കെട്ട് ജ്വരം കൊണ്ട് പൊള്ളുന്നു;
    എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8. ഞാൻ തീർത്തും ക്ഷീണിച്ചു തകർന്നിരിക്കുന്നു;
    ഹൃദയക്ഷോഭം നിമിത്തം ഞാൻ
                                നെടുവീർപ്പിടുന്നു.
9. കർത്താവേ, എന്റെ ആഗ്രഹങ്ങൾ
                          അങ്ങേയ്ക്കറിയാമല്ലോ;
    എന്റെ തേങ്ങൽ അങ്ങേയ്ക്ക് അജ്ഞാതമല്ല.
10. എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി
                    ക്ഷയിക്കുന്നു;
     കണ്ണുകളുടെ പ്രകാശവും എനിക്കു
               നഷ്ടപ്പെട്ടിരിക്കുന്നു.
11. എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരി
            നിമിത്തം എന്നിൽ നിന്ന് അകന്നുനിൽക്കുന്നു;
      ഉറ്റവർ അകന്നുമാറുന്നു;
12. എന്റെ ജീവനെ വേട്ടയാടുന്നവർ
                         കെണികളൊരുക്കുന്നു;
     എന്നെ ഉപദ്രവിക്കാനാഗ്രഹിക്കുന്നവർ
             വിനാശത്തെപ്പറ്റി സംസാരിക്കുന്നു;
     അവർ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.
13. ഞാൻ ബധിരനെപ്പോലെയാണ്; ഒന്നും
                   കേൾക്കുന്നില്ല;
     വാ തുറക്കാത്ത മൂകനെപ്പോലെയാണ് ഞാൻ.
14. ചെവി കേൾക്കാത്തവനെപ്പോലെയാണു ഞാൻ;
      ഞാൻ ഒരു മറുപടിയും പറയുന്നില്ല.
15. കർത്താവേ, അങ്ങേയ്ക്കു വേണ്ടിയാണു ഞാൻ
                     കാത്തിരിക്കുന്നത്;
      എന്റെ ദൈവമായ കർത്താവേ, അങ്ങാണ്
               എനിക്കുത്തരമരുളേണ്ടത്.
16. ഇതാണ് എന്റെ പ്രാർത്ഥന; എന്റെ കാൽ വഴുതുമ്പോൾ
          അഹങ്കരിക്കുന്നവർ എന്നെപ്രതി
      സന്തോഷിക്കാൻ ഇടയാക്കരുതേ!
17. ഇതാ ഞാൻ വീഴാറായിരിക്കുന്നു;
         വേദന എന്നെ വിട്ടുപിരിയുന്നില്ല.
18. ഞാൻ എന്റെ അകൃത്യങ്ങൾ ഏറ്റുപറയുന്നു;
      എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19. അകാരണമായി എന്റെ
          ശത്രുക്കളായിത്തീർന്നവർ ശക്തരാണ്;
      അന്യായമായി എന്നെ വെറുക്കുന്നവർ
                                         അനേകരത്രെ.
20. നന്മയ്ക്കു പ്രതിഫലമായി അവർ എന്നോടു
                    തിന്മ ചെയ്യുന്നു;
     ഞാൻ നന്മ ചെയ്യുന്നതു കൊണ്ടാണ് അവർ
              എന്റെ വിരോധികളായത്.
21. കർത്താവേ, എന്നെ കൈവിടരുതേ!
      എന്റെ ദൈവമേ, എന്നിൽ നിന്ന്
                                 അകന്നിരിക്കരുതേ!
22. എന്റെ രക്ഷയായ കർത്താവേ, എന്നെ
                    സഹായിക്കാൻ വേഗം  വരണമേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ