2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

വെളിച്ചമേ നയിച്ചാലും

സങ്കീര്‍ത്തനം 43

1. ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ!
   അധർമ്മികൾക്കെതിരേ എനിക്കുവേണ്ടി
                  വാദിക്കണമേ!
   വഞ്ചകരും നീതിരഹിതരുമായവരിൽ നിന്ന്
         എന്നെ മോചിപ്പിക്കണമേ!
2. ദൈവമേ, ഞാൻ അഭയം തേടിയിരിക്കുന്നത്
                അങ്ങയിലാണല്ലോ;
   അങ്ങെന്നെ പുറംതള്ളിയതെന്തുകൊണ്ട്?
   ശത്രുവിന്റെ പീഡനം മൂലം എനിക്കു
           വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്?
3. അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ!
                   അവ എന്നെ നയിക്കട്ടെ!
   അവിടുത്തെ വിശുദ്ധഗിരിയിലേക്കും നിവാസത്തിലേക്കും
              അവ എന്നെ നയിക്കട്ടെ!
4. അപ്പോൾ ഞാൻ ദൈവത്തിന്റെ
              ബലിപീഠത്തിങ്കലേക്കു ചെല്ലും.
   എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ.
   ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ടു്
               അങ്ങയെ ഞാൻ സ്തുതിക്കും.
5. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
    നീ എന്തിനു നെടുവീർപ്പിടുന്നു?
    ദൈവത്തിൽ പ്രത്യാശ വയ്ക്കുക.
    എന്റെ സഹായവും ദൈവവുമായ അവിടുത്തെ

                         ഞാൻ വീണ്ടും പുകഴ്ത്തും.

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ദൈവത്തിനു വേണ്ടി ദാഹിക്കുന്നു

സങ്കീർത്തനം 42
1. നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ
        ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
2.എന്റെ ഹൃദയം  ദൈവത്തിനായി ദാഹിക്കുന്നു;
   ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. 
   എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
              അവിടുത്തെ കാണാൻ കഴിയുക!
3. രാപ്പകൽ കണ്ണീർ എന്റെ ഭക്ഷണമായി;
    എവിടെ നിന്റെ ദൈവം എന്ന് ഓരോരുത്തർ
            നിരന്തരം എന്നോടു ചോദിച്ചു.
4. ജനക്കൂട്ടത്തോടൊപ്പം ഞാൻ പോയി;
    ദേവാലയത്തിലേക്കു ഞാനവരെ
                ഘോഷയാത്രയായി നയിച്ചു;
    ആഹ്ളാദാരവും കൃതജ്ഞതാഗീതങ്ങളും
                          ഉയർന്നു;
    ജനം ആർത്തുല്ലസിച്ചു;
    ഹൃദയം  പൊട്ടിക്കരയുമ്പോൾ ഞാൻ
                ഇതെല്ലാം ഓർക്കുന്നു.
5. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
    നീ എന്തിനു നെടുവീർപ്പിടുന്നു?
    ദൈവത്തിൽ പ്രത്യാശ വയ്ക്കുക.
    എന്റെ സഹായവും ദൈവവുമായ അവിടുത്തെ
          ഞാൻ വീണ്ടും പുകഴ്ത്തും.

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

രോഗശയ്യയിൽ ആശ്വാസം

1. ദരിദ്രരോടു ദയ തോന്നുന്നവൻ
               ഭാഗ്യവാൻ;
    കഷ്ടതയുടെ നാളുകളിൽ അവനെ
            കർത്താവ് രക്ഷിക്കും.
2. കർത്താവ് അവനെ പരിപാലിക്കുകയും
          അവന്റെ ജീവൻ സംരക്ഷിക്കുകയും ചെയ്യും.
    അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും;
    അവിടുന്ന് അവനെ ശത്രുക്കൾക്ക്
                                   വിട്ടുകൊടുക്കയില്ല.
3. കർത്താവ് അവനു രോഗശയ്യയിൽ
                                   ആശ്വാസം പകരും;
    അവിടുന്ന് അവനു രോഗശാന്തി നൽകും.
4. ഞാൻ പറഞ്ഞു; കർത്താവേ, എന്നോടു
             കൃപ തോന്നേണമേ,
    എന്നെ സുഖപ്പെടുത്തണമേ!
    ഞാൻ അങ്ങേയ്ക്കെതിരായി പാപം
               ചെയ്തുപോയി.
5. എന്റെ ശത്രുക്കൾ എന്നെക്കുറിച്ച്
                        ദുഷ്ടതയോടെ പറയുന്നു;
     അവൻ എപ്പോൾ മരിക്കും? അവന്റെ
                     നാമം എപ്പോൾ ഇല്ലാതാകും?
6. എന്നെക്കാണാൻ വരുന്നവൻ
                    പൊള്ളവാക്കുകൾ പറയുന്നു;
     എന്നാൽ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;
     അവർ പുറത്തിറങ്ങി അതു 

                                പറഞ്ഞുപരത്തുന്നു.
7. എന്നെ വെറുക്കുന്നവർ ഒന്നുചേർന്ന്
                  എന്നെക്കുറിച്ച് പിറുപിറുക്കുന്നു;
    അവർ എന്നെ അങ്ങേയറ്റം ദ്രോഹിക്കാൻ
                          വട്ടംകൂട്ടുന്നു.
8. മാരകമായ വ്യാധി അവനെ
                       പിടികൂടിയിരിക്കുന്നു;
    അവൻ ഇനി എഴുന്നേൽക്കുകയില്ല
                            എന്നവർ പറയുന്നു.

  9. ഞാൻ വിശ്വസിച്ചവനും എന്റെ
          ഭക്ഷണത്തിൽ പങ്കുചേർന്നവനുമായ
    എന്റെ പ്രാണസ്നേഹിതൻ പോലും
                                എനിക്കെതിരായി.
    കുതികാലുയർത്തിയിരിക്കുന്നു.
10. കർത്താവേ, എന്നോടു കൃപ തോന്നേണമേ!
     എന്നെ എഴുന്നേൽപ്പിക്കണമേ!
     ഞാൻ അവരോടു പകരം ചോദിക്കട്ടെ!
11. എന്റെ ശത്രു എന്റെമേൽ വിജയം നേടിയില്ല;
      അതിനാൽ അവിടുന്ന് എന്നിൽ
           പ്രസാദിച്ചിരിക്കുന്നു എന്നു ഞാനറിയുന്നു.
12. എന്നാൽ എന്റെ നിഷ്ക്കളങ്കത നിമിത്തം
      അവിടുന്ന് എന്റെ താങ്ങുകയും
      എന്നേക്കുമായി അങ്ങയുടെ സന്നിധിയിൽ
             ഉറപ്പിച്ചു നിർത്തുകയും ചെയ്തു.
13. ഇസ്രായേലിന്റെ ദൈവമായ കർത്താവ്
               എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ!
           ആമേൻ, ആമേൻ.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ദൈവമേ വൈകരുതേ

സങ്കീര്‍ത്തനം 40  

1. ഞാന്‍ ക്ഷമാപൂര്‍വ്വം 
                കര്‍ത്താവിനെ കാത്തിരുന്നു;
    അവിടുന്ന് ചെവി ചായിച്ച്‌ 
                       എന്റെ നിലവിളി കേട്ടു.
2.         ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും 
                      കുഴഞ്ഞ ചേറ്റില്‍ നിന്നും
            അവിടുന്ന് എന്നെ കര കയറ്റി;
           എന്റെ പാദങ്ങള്‍ പാറയില്‍ 
                           ഉറപ്പിച്ചു;
           കാല്‍വെയ്പ്പുകള്‍ സുരക്ഷിതമാക്കി. 
3. അവിടുന്ന് ഒരു പുതിയ ഗാനം എന്റെ
                       അധരങ്ങളില്‍ നിക്ഷേപിച്ചു; 
   നമ്മുടെ ദൈവത്തിന് ഒരു  സ്തോത്രഗീതം. 
   പലരും കണ്ടു ഭയപ്പെടുകയും കര്‍ത്താവില്‍ 
                 ശരണം വെയ്ക്കുകയും ചെയ്യും. 
4.       കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ 
                          ഭാഗ്യവാന്‍;
          വഴിതെറ്റി വ്യാജദേവന്മാരെ 
               അനുഗമിക്കുന്ന അഹങ്കാരികളിലേക്ക്
                        അവന്‍ തിരിയുന്നില്ല.  
5. ദൈവമേ, അങ്ങ് എത്ര അത്ഭുതങ്ങള്‍ 
              ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു!
    ഞങ്ങളുടെ കാര്യത്തില്‍ അങ്ങ്  
                  എത്ര ശ്രദ്ധാലുവായിരുന്നു!
    അങ്ങേക്ക് തുല്യനായി ആരുമില്ല. 
    ഞാന്‍ അവയെ വിവരിക്കാനും 
         പ്രഘോഷിക്കാനും തുനിഞ്ഞാല്‍ 
     അവ അസംഖ്യമാണല്ലോ.
6.       ബലികളും കാഴ്ചകളും അവിടുന്ന്
                   ആഗ്രഹിക്കുന്നില്ല;
         എന്നാല്‍ അവിടുന്ന് എന്റെ കാതുകള്‍ 
                         തുറന്നുതന്നു;
         ദഹന ബലിയും പാപപരിഹാരബലിയും
                 അവിടുന്ന്   ആവശ്യപ്പെട്ടില്ല.
7. അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ 
               ഞാന്‍ വരുന്നു;  
    പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി 
                എഴുതിയിട്ടുണ്ട്.
8.         എന്റെ ദൈവമേ, അങ്ങയുടെ ഹിതം 
                     നിറവേറ്റുകയാണ് 
                                 എന്റെ സന്തോഷം;              
             അങ്ങയുടെ നിയമം 
                         എന്റെ ഹൃദയത്തിലുണ്ട്. 
9. ഞാന്‍ മഹാസഭയില്‍ 
         വിമോചനത്തിന്റെ സന്തോഷവാര്‍ത്ത 
                               അറിയിച്ചു;
    കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ 
    ഞാന്‍ എന്റെ അധരങ്ങളെ 
                  അടക്കിനിര്‍ത്തിയില്ല.

10.       അവിടുത്തെ രക്ഷാകരമായ സഹായത്തെ
                  ഞാൻ ഹൃദയത്തിൽ ഒളിച്ചുവച്ചിട്ടില്ല;
            അങ്ങയുടെ വിശ്വസ്തതയെയും 
                      രക്ഷയെയും പറ്റി
                                  ഞാൻ സംസാരിച്ചു.
            അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
                 മഹാസഭയിൽ ഞാൻ  മറച്ചുവച്ചില്ല.
11. കർത്താവേ, അങ്ങയുടെ കാരുണ്യം 
                എന്നിൽ നിന്നു       
                        പിൻവലിക്കരുതേ!
      അവിടുത്തെ സ്നേഹവും വിശ്വസ്തതയും 
                   എന്നെ  സംരക്ഷിക്കട്ടെ!
12.        എണ്ണമറ്റ അനർത്ഥങ്ങൾ എന്നെ 
                           ചുറ്റിയിരിക്കുന്നു;
             എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധം 
                   എന്റെ  ദുഷ്കൃത്യങ്ങൾ 
                             എന്നെപ്പൊതിഞ്ഞു;
             അവ എന്റെ തലമുടിയിഴകളേക്കാൾ
                            അധികമാണ്.
13. കർത്താവേ, എന്നെ മോചിപ്പിക്കാൻ
                 കനിവുണ്ടാകണമേ!
      കർത്താവേ, എന്നെ സഹായിക്കാൻ
                   വേഗം വരേണമേ!
14.         എന്റെ ജീവൻ അപഹരിക്കാൻ 
                          ശ്രമിക്കുന്നവർ
               ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ!
              എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവർ
                  അപമാനിതരായി പിന്തിരിയട്ടെ!
15. ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചു
                     പറയുന്നവർ
      ലജ്ജ കൊണ്ട് സ്തബ്ധരാകട്ടെ!
16.        അങ്ങയെ അന്വേഷിക്കുന്നവർ 
                             അങ്ങയിൽ
                 സന്തോഷിച്ചുല്ലസിക്കട്ടെ!
             അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർ
             കർത്താവ് വലിയവനാണെന്ന്
                      നിരന്തരം ഉദ്ഘോഷിക്കട്ടെ!
17. ഞാൻ  ദരിദ്രനും പാവപ്പെട്ടവനുമാണ്;
      എങ്കിലും കർത്താവിന് എന്നെപ്പറ്റി
                  കരുതലുണ്ട്;
      അങ്ങെന്റെ സഹായകനും 
                             വിമോചകനുമാണ്;
      എന്റെ ദൈവമേ, വൈകരുതേ!

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മനുഷ്യന്‍ നിഴല്‍ മാത്രം

 സങ്കീര്‍ത്തനം 39
1. ഞാൻ പറഞ്ഞു: നാവു കൊണ്ടു പാപം
            ചെയ്യാതിരിക്കാൻ ഞാൻ
                        എന്റെ വഴികൾ ശ്രദ്ധിക്കും;
    എന്റെ മുമ്പിൽ ദുഷ്ടർ ഉള്ളിടത്തോളം കാലം
                നാവിനു ഞാൻ കടിഞ്ഞാണിടും.
2.          ഞാൻ മൂകനും നിശ്ശബ്ദനുമായിരുന്നു;
             എന്റെ നിശ്ശബ്ദത നിഷ്ഫലമായി,
             എന്റെ സങ്കടം വർദ്ധിച്ചു കൊണ്ടേയിരുന്നു.
3. എന്റെ ഉള്ളിൽ ഹൃദയം തപിച്ചു;
    ഞാൻ ചിന്തിച്ചപ്പോൾ അതു കത്തിജ്ജ്വലിച്ചു;
    ഞാൻ സംസാരിച്ചു;
4.         കർത്താവേ, അവസാനമെന്തെന്നും
            എന്റെ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും
                        എന്നെ അറിയിക്കണമേ!
            എന്റെ ജീവിതം എത്ര ക്ഷണികമാണെന്ന്
                                  ഞാനറിയട്ടെ!
5. ഇതാ, അവിടുന്ന് എന്റെ ദിവസങ്ങൾ
         ഏതാനും അംഗുലം മാത്രമാക്കിയിരിക്കുന്നു;
   എന്റെ ജീവിതകാലം അങ്ങയുടെ ദൃഷ്ടിയിൽ
               ശൂന്യപ്രായമായിരിക്കുന്നു.
   മനുഷ്യൻ ഒരു നിശ്വാസം മാത്രം!
6.        മനുഷ്യൻ നിഴൽ മാത്രമാണ്;
              അവന്റെ ബദ്ധപ്പാട് വെറുതെയാണ്;
          മനുഷ്യൻ സമ്പാദിച്ചു കൂട്ടുന്നു; ആരനുഭവിക്കുമെന്ന്
                               അവൻ അറിയുന്നില്ല.
7. കർത്താവേ, ഞാൻ  എന്താണു് കാത്തിരിക്കേണ്ടത്?
    എന്റെ പ്രത്യാശ അങ്ങയിലാണല്ലോ.
8        എന്റെ എല്ലാ അതിക്രമങ്ങളിലും നിന്ന് എന്നെ
                              മോചിപ്പിക്കണമേ!
          എന്നെ ഭോഷന്റെ നിന്ദയ്ക്കു പാത്രമാക്കരുതേ!
9. ഞാൻ  ഊമനാണ്; ഞാനെന്റെ വാ തുറക്കുന്നില്ല;
    അവിടുന്നാണല്ലോ ഇതു വരുത്തിയത്.
10.      ഇനിയും എന്നെ പ്രഹരിക്കരുതേ!
           അവിടുത്തെ അടിയേറ്റ് ഞാൻ തളർന്നിരിക്കുന്നു.
11. പാപം നിമിത്തം മനുഷ്യനെ അങ്ങ് ശിക്ഷിക്കുമ്പോൾ,
      അവനു പ്രിയങ്കരമായതിനെയെല്ലാം
            അവിടുന്ന് കീടത്തെപ്പോലെ നശിപ്പിക്കുന്നു.
       മനുഷ്യൻ ഒരു നിശ്വാസം മാത്രം!
12.       കർത്താവേ, എന്റെ പ്രാർത്ഥന
                                      കേൾക്കണമേ!
           എന്റെ നിലവിളി ചെവിക്കൊള്ളണമേ!
           ഞാൻ കണ്ണീരൊഴുക്കുമ്പോൾ അങ്ങ്
                   അടങ്ങിയിരിക്കരുതേ!
           ഞാനങ്ങേയ്ക്ക് അൽപ്പനേരത്തേക്കു മാത്രമുള്ള
                                  അതിഥിയാണ്;
          എന്റെ പിതാക്കന്മാരെപ്പോലെ ഞാനും
                      ഒരു പരദേശിയാണ്.
13. ഞാൻ മറഞ്ഞില്ലാതാകുന്നതിനു മുമ്പ്,
                          സന്തോഷമെന്തെന്നറിയാൻ
      എന്നിൽ നിന്നു ദൃഷ്ടി പിൻവലിക്കണമേ!

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട


നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട;
ഒരുദിവസം കൊണ്ട് എന്തു സംഭവിക്കാമെന്ന്
           നീ അറിയുന്നില്ല.
ആത്മപ്രശംസ ചെയ്യരുത്,
മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ;
അന്യന്റെ നാവാണ്, നിന്റേതല്ല
       അതു ചെയ്യേണ്ടത്.
കല്ലിനു ഭാരമുണ്ട്; മണലിനും ഭാരമുണ്ട്;
എന്നാൽ, ഭോഷന്റെ പ്രകോപനം
     ഇവ രണ്ടിനെയുംകാൾ ഭാരമുള്ളതത്രേ.

ക്രോധം ക്രൂരമാണ്; കോപം
      അനിയന്ത്രിതമാണ്;
എന്നാൽ അസൂയയെ നേരിടാൻ
     ആർക്കാണു കഴിയുക?
തുറന്ന കുറ്റപ്പെടുത്തലാണ് നിഗൂഡമായ
        സ്നേഹത്തെക്കാൾ മെച്ചം;
സ്നേഹിതൻ മുറിപ്പെടുത്തുന്നത് ആത്മാർത്ഥത
                  നിമിത്തമാണ്;
ശത്രുവാകട്ടെ നിന്നെ തെരുതെരെ
     ചുംബിക്കുക മാത്രം ചെയ്യുന്നു.
ഉണ്ടു നിറഞ്ഞവനു തേൻ പോലും
           മടുപ്പുളവാക്കുന്നു;
വിശക്കുന്നവന് കയ്പും മധുരമായി തോന്നുന്നു.


(സുഭാഷിതങ്ങൾ 27: 1 - 7)

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

സുഭാഷിതങ്ങൾ - 11

കള്ളത്രാസ് കർത്താവ് വെറുക്കുന്നു;
ന്യായമായ തൂക്കം അവിടുത്തെ
                        സന്തോഷിപ്പിക്കുന്നു.
 അഹങ്കാരത്തിന്റെ പിന്നാലെ
                             അപമാനമുണ്ട്;
വിനയമുള്ളവരോടു കൂടെ ജ്ഞാനവും.
സത്യസന്ധരുടെ വിശ്വസ്തത
                അവർക്കു വഴികാട്ടുന്നു;
വഞ്ചകരുടെ വക്രത 

           അവരെ നശിപ്പിക്കുന്നു.
ക്രോധത്തിന്റെ ദിനത്തിൽ
        സമ്പത്തു പ്രയോജനപ്പെടുകയില്ല.
നീതി മരണത്തിൽ നിന്നു 

                       മോചിപ്പിക്കുന്നു;
നിഷ്ക്കളങ്കന്റെ നീതി അവനെ
                 നേർവഴിക്കു നടത്തുന്നു;
ദുഷ്ടൻ തന്റെ ദുഷ്ടത നിമിത്തം 

                                 നിപതിക്കുന്നു.
സത്യസന്ധരുടെ നീതി അവരെ
                                  മോചിപ്പിക്കുന്നു;
ദുഷ്ടരെ അവരുടെ അത്യാഗ്രഹം
                              അടിമകളാക്കുന്നു.
ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കും;
അധർമ്മിയുടെ പ്രതീക്ഷ
                    വ്യർത്ഥമായിത്തീരും.
നീതിമാൻ ദുരിതത്തിൽ നിന്ന്
                   മോചിപ്പിക്കപ്പെടുന്നു;
ദുഷ്ടൻ അതിൽ കുടുങ്ങുകയും ചെയ്യുന്നു.


(സുഭാഷിതങ്ങൾ - 11:1- 8)

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

രോഗിയുടെ രോദനം

സങ്കീര്‍ത്തനം 38

1. കർത്താവേ, അങ്ങയുടെ കോപത്തിൽ
            എന്നെ ശാസിക്കരുതേ!
    അങ്ങയുടെ ക്രോധത്തിൽ എന്നെ
                  ശിക്ഷിക്കരുതേ!
2.  അങ്ങയുടെ അസ്ത്രങ്ങൾ എന്നിൽ
                     ആഞ്ഞുതറച്ചിരിക്കുന്നു;
     അങ്ങയുടെ കരം എന്റെമേൽ
                          പതിച്ചിരിക്കുന്നു.
3. അങ്ങയുടെ രോഷം മൂലം എന്റെ
             ശരീരത്തിൽ സ്വസ്ഥതയില്ല;
    എന്റെ പാപം നിമിത്തം എന്റെ
            അസ്ഥികളിൽ ആരോഗ്യവുമില്ല.
4. എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കു മുകളിൽ
                   ഉയർന്നിരിക്കുന്നു;
    അത് എനിക്ക് താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5. എന്റെ ഭോഷത്തം മൂലം എന്റെ വൃണങ്ങൾ
               അഴുകി നാറുന്നു;
6. ഞാൻ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവൻ
            ഞാൻ വിലപിച്ചു കഴിയുന്നു.
7. എന്റെ അരക്കെട്ട് ജ്വരം കൊണ്ട് പൊള്ളുന്നു;
    എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8. ഞാൻ തീർത്തും ക്ഷീണിച്ചു തകർന്നിരിക്കുന്നു;
    ഹൃദയക്ഷോഭം നിമിത്തം ഞാൻ
                                നെടുവീർപ്പിടുന്നു.
9. കർത്താവേ, എന്റെ ആഗ്രഹങ്ങൾ
                          അങ്ങേയ്ക്കറിയാമല്ലോ;
    എന്റെ തേങ്ങൽ അങ്ങേയ്ക്ക് അജ്ഞാതമല്ല.
10. എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി
                    ക്ഷയിക്കുന്നു;
     കണ്ണുകളുടെ പ്രകാശവും എനിക്കു
               നഷ്ടപ്പെട്ടിരിക്കുന്നു.
11. എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരി
            നിമിത്തം എന്നിൽ നിന്ന് അകന്നുനിൽക്കുന്നു;
      ഉറ്റവർ അകന്നുമാറുന്നു;
12. എന്റെ ജീവനെ വേട്ടയാടുന്നവർ
                         കെണികളൊരുക്കുന്നു;
     എന്നെ ഉപദ്രവിക്കാനാഗ്രഹിക്കുന്നവർ
             വിനാശത്തെപ്പറ്റി സംസാരിക്കുന്നു;
     അവർ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.
13. ഞാൻ ബധിരനെപ്പോലെയാണ്; ഒന്നും
                   കേൾക്കുന്നില്ല;
     വാ തുറക്കാത്ത മൂകനെപ്പോലെയാണ് ഞാൻ.
14. ചെവി കേൾക്കാത്തവനെപ്പോലെയാണു ഞാൻ;
      ഞാൻ ഒരു മറുപടിയും പറയുന്നില്ല.
15. കർത്താവേ, അങ്ങേയ്ക്കു വേണ്ടിയാണു ഞാൻ
                     കാത്തിരിക്കുന്നത്;
      എന്റെ ദൈവമായ കർത്താവേ, അങ്ങാണ്
               എനിക്കുത്തരമരുളേണ്ടത്.
16. ഇതാണ് എന്റെ പ്രാർത്ഥന; എന്റെ കാൽ വഴുതുമ്പോൾ
          അഹങ്കരിക്കുന്നവർ എന്നെപ്രതി
      സന്തോഷിക്കാൻ ഇടയാക്കരുതേ!
17. ഇതാ ഞാൻ വീഴാറായിരിക്കുന്നു;
         വേദന എന്നെ വിട്ടുപിരിയുന്നില്ല.
18. ഞാൻ എന്റെ അകൃത്യങ്ങൾ ഏറ്റുപറയുന്നു;
      എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19. അകാരണമായി എന്റെ
          ശത്രുക്കളായിത്തീർന്നവർ ശക്തരാണ്;
      അന്യായമായി എന്നെ വെറുക്കുന്നവർ
                                         അനേകരത്രെ.
20. നന്മയ്ക്കു പ്രതിഫലമായി അവർ എന്നോടു
                    തിന്മ ചെയ്യുന്നു;
     ഞാൻ നന്മ ചെയ്യുന്നതു കൊണ്ടാണ് അവർ
              എന്റെ വിരോധികളായത്.
21. കർത്താവേ, എന്നെ കൈവിടരുതേ!
      എന്റെ ദൈവമേ, എന്നിൽ നിന്ന്
                                 അകന്നിരിക്കരുതേ!
22. എന്റെ രക്ഷയായ കർത്താവേ, എന്നെ
                    സഹായിക്കാൻ വേഗം  വരണമേ!

അയൽക്കാരനോടുള്ള കടമകൾ

നിന്നെ വിശ്വസിച്ചു പാർക്കുന്ന
       അയൽക്കാരനെ ദ്രോഹിക്കാൻ
                ആലോചിക്കരുത്;
നിനക്ക് ഉപദ്രവം ചെയ്യാത്തവനുമായി
              കലഹിക്കരുത്.
അക്രമിയുടെ വളർച്ചയിൽ അസൂയപ്പെടുകയോ
     അവന്റെ മാർഗ്ഗം അവലംബിക്കുകയോ അരുത്.
ദുർമാർഗ്ഗികളെ കർത്താവ് വെറുക്കുന്നു;
സത്യസന്ധരോട് അവിടുന്ന്
           സൗഹൃദം പുലർത്തുന്നു.
ദുഷ്ടരുടെ ഭവനത്തിന്മേൽ കർത്താവിന്റെ
          ശാപം പതിക്കുന്നു;
എന്നാൽ നീതിമാന്മാരുടെ ഭവനത്തെ
      അവിടുന്ന് അനുഗ്രഹിക്കുന്നു.


(സുഭാഷിതങ്ങൾ 3:25 - 34) 

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സുഭാഷിതങ്ങൾ

1. സത്കീർത്തി വലിയ സമ്പത്തിനേക്കാൾ
               അഭികാമ്യമാണ്;
   ദയ സ്വർണ്ണത്തേയും വെള്ളിയേയുംകാൾ
              വിലയേറിയതാണ്.
2  ധനികരും ദരിദ്രരും ഒരു കാര്യത്തിൽ
                തുല്യരാണ്;
    ഇരുകൂട്ടരേയും സൃഷ്ടിച്ചത് കർത്താവാണ്.
3. ജ്ഞാനി ആപത്തു കണ്ടറിഞ്ഞ്
          ഒഴിഞ്ഞു പോകുന്നു;
    അൽപ്പബുദ്ധി മുമ്പോട്ടു പോയി
          ദുരന്തം വരിക്കുന്നു.
4. വിനയത്തിനും ദൈവഭക്തിക്കുമുള്ള
               പ്രതിഫലം,
    സമ്പത്തും ജീവനും ബഹുമതിയുമാണ്.


(സുഭാഷിതങ്ങൾ 22: 1- 4)

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വിശുദ്ധ അന്തോനീസും അവിശ്വാസിയുടെ കഴുതയും


അത്ഭുതപ്രവർത്തകനാണ് പാദുവായിലെ വിശുദ്ധ അന്തോനീസ്. അദ്ദേഹം പ്രവർത്തിച്ച  അനേകം അത്ഭുതങ്ങളിൽ ഒന്നാണ് താഴെക്കൊടുക്കുന്നത്.
ഫ്രാൻസിസ് അസീസി പുണ്യവാന്റെ സമകാലീനനും അദ്ദേഹത്തിന്റെ സന്യാസ സഭാംഗവുമായിരുന്നല്ലോ വിശുദ്ധ അന്തോനീസ്. ഫ്രാൻസിസ് അസീസി പുണ്യവാൻ
കൽപ്പിച്ചതനുസരിച്ച് അദ്ദേഹം സുവിശേഷ പ്രചരണത്തിനായി ഇറ്റലിയിലെ റിമിനി എന്ന പട്ടണത്തിലെത്തി. അവിടെ പ്രവർത്തിച്ചിരുന്ന ഇടത്തൂട്ടുകാരുമായി അദ്ദേഹത്തിനു് എതിരിടേണ്ടിവന്നു.
റിമിനിയിൽ അവിശ്വാസിയായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ പരിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യം പരസ്യമായി നിഷേധിച്ചു. വി.അന്തോനീസ് അയാളുമായി ഒരു ധാരണയുണ്ടാക്കി.  അയാളുടെ ആത്മരക്ഷയായിരുന്നു വിശുദ്ധന്റെ ലക്ഷ്യം. അയാളുടെ കഴുതയെ മൂന്നുദിവസം പട്ടിണിയിടണമെന്നും അതിനടുത്ത ദിവസം അതിനെ എല്ലാവരും കാൺകെ മൈതാനത്തേക്കു കൊണ്ടുവരണമെന്നും  അവിടെ വിശുദ്ധൻ കരങ്ങളിൽ പരിശുദ്ധ കുർബാനയും വഹിച്ചുകൊണ്ടു കാത്തുനിൽക്കുമെന്നും അതിനെതിർവശത്ത് കഴുതയ്ക്കുള്ള ഭക്ഷ്യവിഭവങ്ങൾ കരുതിവയ്ക്കണമെന്നും പറഞ്ഞേർപ്പാടാക്കി. കഴുത ഭക്ഷണം ഉപേക്ഷിച്ച് പരിശുദ്ധ കുർബാനയ്ക്കു മുമ്പിൽ മുട്ടുമടക്കിയാൽ അവിശ്വാസിയായ  മനുഷ്യൻ പരിശുദ്ധ
കുർബാനയിലെ യേശുസാന്നിധ്യം വിശ്വസിക്കണമെന്നതായിരുന്നു ധാരണ.
വിശുദ്ധൻ ആ മൂന്നുദിവസവും ഉപവസിച്ചു പ്രാർത്ഥിച്ചു. നാലാംനാൾ നിശ്ചിതസമയത്ത് പരിശുദ്ധ കുർബാനയും കരങ്ങളിൽ വഹിച്ച് അദ്ദേഹം മൈതാനത്തിലെത്തി. വിശന്നുവലഞ്ഞിരിക്കുന്ന കഴുതയുമായി എതിരാളിയുമെത്തി. വിജയം തനിക്കു തന്നെയെന്ന് അയാൾക്കു തീർച്ചയുണ്ടായിരുന്നു. അതിനാൽ വിചിത്രമായ ഈ മൽസരം കാണാൻ ധാരാളമാളുകളേയും അയാൾ ക്ഷണിച്ചു വരുത്തിയിരുന്നു. കാണികൾ വീർപ്പടക്കി നിന്നു. കഴുതയെ ഭക്ഷണമിരിക്കുന്നിടത്തേക്കു നയിച്ചെങ്കിലും ആ ജീവി വിശുദ്ധനു നേരെ തിരിഞ്ഞ് മുട്ടുമടക്കുകയും അതിന്റെ സ്രഷ്ടാവിനെ നമിക്കുകയും  ചെയ്തു. മുപ്പതു വർഷത്തോളം അവിശ്വാസിയായി ജീവിച്ച ആ മനുഷ്യൻ ഈ സംഭവത്തോടെ മാനസാന്തരപ്പെട്ടു.

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ദാനധർമ്മം

ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതു പോലെ
ദാനധർമ്മം പാപത്തിനു പരിഹാരമാണ്.
നന്മയ്ക്കു പകരം നന്മ ചെയ്യുന്നവൻ
സ്വന്തം ഭാവി ഉറപ്പിരിക്കുന്നു;
വീഴ്ച ഉണ്ടാകുമ്പോൾ
അവനു സഹായം ലഭിക്കും.

(പ്രഭാഷകൻ 3:31-32)

നീതിമാനും ദുഷ്ടനും

സങ്കീർത്തനം 37

1. ദുഷ്ടനെക്കണ്ട് നീ അസ്വസ്ഥനാകേണ്ട;
    ദുഷ്ക്കർമ്മികളോട്
                     അസൂയപ്പെടുകയും വേണ്ട.
2.       അവർ പുല്ലുപോലെ പെട്ടെന്ന്
                                 ഉണങ്ങിപ്പോകും;
          സസ്യം പോലെ വാടുകയും ചെയ്യും.
3. ദൈവത്തിൽ വിശ്വാസമർപ്പിച്ച്
                       നന്മ ചെയ്യുക;
    അപ്പോൾ ഭൂമിയിൽ സുരക്ഷിതനായി
                           വസിക്കാം.
4.        കർത്താവിൽ ആനന്ദിക്കുക;
           അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ
                             സാധിച്ചു തരും.
5. നിന്റെ ജീവിതം കർത്താവിനു
                ഭരമേൽപ്പിക്കുക;
    കർത്താവിൽ വിശ്വാസമർപ്പിക്കുക;
    അവിടുന്ന് നോക്കിക്കൊള്ളും.
6.          അവിടുന്ന്  പ്രകാശം പോലെ
                     നിനക്കു നീതി നടത്തിത്തരും;
             മദ്ധ്യാഹ്നം പോലെ നിന്റെ അവകാശവും.
7. കർത്താവിന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക;
    ക്ഷമാപൂർവ്വം അവിടുത്തെ കാത്തിരിക്കുക;

     ദുഷ്ടമാർഗ്ഗം അവലംബിച്ച്
            അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട്
                   അസ്വസ്ഥനാകേണ്ട.
8.          കോപത്തിൽനിന്ന് അകന്നു നിൽക്കുക;
             ക്രോധം വെടിയുക; പരിഭ്രമിക്കാതിരിക്കുക;
             അത് തിന്മയിലേക്കു മാത്രമേ നയിക്കൂ.
9. ദുഷ്ടർ വിഛേദിക്കപ്പെടും;
    കർത്താവിനെ കാത്തിരിക്കുന്നവർ
           ഭൂമി കൈവശമാക്കും.