2011, ജൂലൈ 15, വെള്ളിയാഴ്‌ച

സ്രഷ്ടാവും പരിപാലകനുമായ ദൈവം

സങ്കീർത്തനം 33 

1. നീതിമാന്മാരേ കർത്താവിൽ
                                ആനന്ദിക്കുവിൻ;
   സ്തോത്രം ആലപിക്കുന്നത് നീതിമാന്മാർക്കു
                                          യുക്തമാണല്ലോ.
2.       കിന്നരം കൊണ്ടു കർത്താവിനെ സ്തുതിക്കുവിൻ;
          പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു
                                         കീർത്തനമാലപിക്കുവിൻ.
3.  കർത്താവിന് ഒരു പുതിയ  കീർത്തനമാലപിക്കുവിൻ;
    ഉച്ചത്തിൽ ആർപ്പുവിളികളോടെ
                 വിദഗ്ദ്ധമായി തന്ത്രി മീട്ടുവിൻ.
4.       കർത്താവിന്റെ വചനം സത്യമാണ്;
          അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5. അവിടുന്ന് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
    കർത്താവിന്റെ  കാരുണ്യം കൊണ്ടു ഭൂമി
                                       നിറഞ്ഞിരിക്കുന്നു.
6.        കർത്താവിന്റെ  വചനത്താൽ ആകാശം 
                                                    നിർമ്മിക്കപ്പെട്ടു;
           അവിടുത്തെ കൽപ്പനയാൽ ആകാശഗോളങ്ങളും.
7. അവിടുന്ന് സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി;
    ആഴങ്ങളെ അവിടുന്ന് കലവറകളിൽ സംഭരിച്ചു.
8.        ഭൂമി മുഴുവൻ കർത്താവിനെ കർത്താവിനെ
                                                        ഭയപ്പെടട്ടെ!
           ഭൂവാസികൾ അവിടുത്തെ മുമ്പിൽ
                                          ഭയത്തോടെ നിൽക്കട്ടെ!
9. അവിടുന്ന് അരുളിച്ചെയ്തു; ലോകം ഉണ്ടായി;
    അവിടുന്ന് കൽപ്പിച്ചു; അത് സുസ്ഥാപിതമായി.
10.      കർത്താവ് ജനതകളുടെ ആലോചനകളെ
                                                  വ്യർത്ഥമാക്കുന്നു;
           അവരുടെ പദ്ധതികളെ അവിടുന്ന് 
                                             തകർക്കുന്നു.
11. കർത്താവിന്റെ  പദ്ധതികൾ ശാശ്വതമാണ്;
      അവിടുത്തെ ചിന്തകൾ തലമുറകളോളം 
                                                   നിലനിൽക്കുന്നു.
12.       കർത്താവ് ദൈവമായുള്ള ജനവും അവിടുന്ന് 
                    തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും
                                     ഭാഗ്യമുള്ളവരാണ്.
13. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് 
                             താഴേക്കു നോക്കുന്നു;
     അവിടുന്ന് എല്ലാ മനുഷ്യരേയും കാണുന്നു.
14.          തന്റെ സിംഹാസനത്തിൽ നിന്ന് അവിടുന്ന് 
                                               ഭൂവാസികളെ വീക്ഷിക്കുന്നു;
15. അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവൻ
                     അവരുടെ  പ്രവൃത്തികളെ നിരീക്ഷിക്കുന്നു.

16.         സൈന്യബാഹുല്യം കൊണ്ടു മാത്രം


                                     രാജാവ് രക്ഷ നേടുന്നില്ല;
              കരുത്തുകൊണ്ടു മാത്രം യോദ്ധാവ്
                                            മോചിതനാകുന്നില്ല.
17. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ
                             വ്യർത്ഥമാണ്;
      അതിന്റെ വലിയ ശക്തികൊണ്ട് അതിനു
                                   രക്ഷിക്കാൻ കഴിയുകയില്ല.
18.         ഇതാ! തന്നെ ഭയപ്പെടുന്നവരേയും തന്റെ 
                    കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരേയും
                          കർത്താവ്  കടാക്ഷിക്കുന്നു.
19. അവിടുന്ന് അവരുടെ പ്രാണനെ 
             മരണത്തിൽനിന്നു രക്ഷിക്കുന്നു;
      ക്ഷാമത്തിൽ അവരുടെ ജീവൻ 
                                           നിലനിർത്തുന്നു.
20.         നാം കർത്താവിനു വേണ്ടി കാത്തിരിക്കുന്നു;
              അവിടുന്നാണ് നമ്മുടെ സഹായവും പരിചയും.
21. നമ്മുടെ ഹൃദയം കർത്താവിൽ 
                                   സന്തോഷിക്കുന്നു;
      എന്തെന്നാൽ നമ്മൾ അവിടുത്തെ 
                 വിശുദ്ധനാമത്തിൽ ആശ്രയിക്കുന്നു.
22.          കർത്താവേ, അങ്ങയുടെ കാരുണ്യം 
                             ഞങ്ങളുടെ മേൽ ചൊരിയണമേ!
               ഞങ്ങൾ അങ്ങയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ