2011, ജൂലൈ 28, വ്യാഴാഴ്‌ച

സങ്കീർത്തനം 36 - ജീവന്റെ ഉറവ

1. ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തോട്
                        പാപം മന്ത്രിക്കുന്നു;
    അവന്റെ നോട്ടത്തിൽ ദൈവഭയത്തിനു
                                                സ്ഥാനമില്ല.
2.       തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ 

                    വെറുക്കപ്പെടുകയോ  ഇല്ലെന്ന് 
                                അവൻ അഹങ്കരിക്കുന്നു.
3. അവന്റെ വായിൽ നിന്നു വരുന്ന വാക്ക്
                       ദുഷ്ക്കർമ്മവും വഞ്ചനയുമാണ്;
    വിവേകവും നന്മയും അവന്റെ 

                    പ്രവൃത്തികളിൽ നിന്ന്
                          അപ്രത്യക്ഷമായിരിക്കുന്നു.
4.          കിടക്കയിൽ അവൻ ദ്രോഹാലോചന 

                            നടത്തുന്നു;
             അവൻ ദുർമാർഗ്ഗത്തിൽ ചരിക്കുന്നു;
             തിന്മയെ അവൻ വെറുക്കുന്നില്ല.
5. കർത്താവേ! അങ്ങയുടെ കാരുണ്യം
                   ആകാശത്തോളം എത്തുന്നു;
    വിശ്വസ്തത മേഘങ്ങൾ വരെയും.
6.         അങ്ങയുടെ നീതി ഗിരിശൃംഗങ്ങൾ പോലെയും
            അങ്ങയുടെ വിധികൾ അത്യഗാധങ്ങൾ
                                      പോലെയുമാണ്.
            കർത്താവേ, മനുഷ്യനെയും മൃഗത്തേയും
                                            അവിടുന്ന് രക്ഷിക്കുന്നു.
7. ദൈവമേ, അങ്ങയുടെ  കാരുണ്യം
                                        എത്ര അമൂല്യം!
    മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ
                      തണലിൽ അഭയം തേടുന്നു.
8.        അവർ അങ്ങയുടെ ഭവനത്തിലെ
                                   സമൃദ്ധിയിൽ നിന്നു
           വിരുന്നുണ്ട് തൃപ്തിയടയുന്നു;
            അവിടുത്തെ ആനന്ദധാരയിൽ നിന്ന്
                        അവർ പാനം ചെയ്യുന്നു.
9. അങ്ങിലാണ് ജീവന്റെ ഉറവ; അങ്ങയുടെ
          പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം.
10.        അങ്ങയെ അറിയുന്നവർക്ക് അങ്ങയുടെ
                      കാരുണ്യവും നിഷ്ക്കളങ്കഹൃദയർക്ക്
            അങ്ങയുടെ രക്ഷയും തുടർന്നു നൽകണമേ!
11. അഹങ്കാരത്തിന്റെ പാദങ്ങൾ എന്റെമേൽ
                                        പതിക്കാതിരിക്കട്ടെ!
        ദുഷ്ടരുടെ കൈകൾ എന്നെ
                                 ആട്ടിയോടിക്കാതിരിക്കട്ടെ!
12.         തിന്മ ചെയ്യുന്നവർ അവിടെത്തന്നെ
                                  വീണുകിടക്കുന്നു;
              എഴുന്നേൽക്കാനാവാത്ത വിധം
                      അവർ വീഴ്ത്തപ്പെട്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ