2011, ജൂലൈ 2, ശനിയാഴ്‌ച

കൃതജ്ഞതാഗാനം

1. കര്‍ത്താവേ, ഞാനങ്ങയെ 
     പാടിപ്പുകഴ്ത്തും, അവിടുന്നെന്നെ രക്ഷിച്ചു;
    എന്റെ ശത്രു എന്റെമേല്‍ 
        വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
2. എന്റെ ദൈവമായ കര്‍ത്താവേ, 
        ഞാനങ്ങയോടു നിലവിളിച്ചപേക്ഷിച്ചു
    അവിടുന്ന് എന്നെ 
                സുഖപ്പെടുത്തുകയും ചെയ്തു.
3. കര്‍ത്താവേ, അവിടുന്ന് എന്നെ
           പാതാളത്തില്‍ നിന്നു കര കയറ്റി;
    മരണഗര്‍ത്തത്തില്‍ 
                പതിച്ചവരുടെ ഇടയില്‍ നിന്ന്‌
        എന്നെ ജീവനിലേക്ക് ആനയിച്ചു.
4. കര്‍ത്താവിന്റെ വിശുദ്ധരെ, അവിടുത്തെ 
             പാടിപ്പുകഴ്ത്തുവിന്‍;
    അവിടുത്തെ പരിശുദ്ധ നാമത്തിനു 
        കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5. എന്തെന്നാല്‍ അവിടുത്തെ കോപം 
               നിമിഷ നേരത്തേക്കെ ഉള്ളു;
     അവിടുത്തെ പ്രസാദം 
        ആജീവനാന്തം നിലനില്‍ക്കുന്നു;
    രാത്രിയില്‍ വിലാപമുണ്ടായേക്കാം;
    എന്നാല്‍ പ്രഭാതത്തോടെ 
       സന്തോഷത്തിന്റെ വരവായി.
6. ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന്
        ഐശ്വര്യകാലത്ത് ഞാന്‍ പറഞ്ഞു;
7. കര്‍ത്താവേ, അങ്ങയുടെ കാരുണ്യം 
        എന്നെ ശക്തമായ പര്‍വതത്തെപ്പോലെ 
               ഉറപ്പിച്ചിരുന്നു;
    അങ്ങ് മുഖം മറച്ചപ്പോള്‍ ഞാന്‍ 
                 പരിഭ്രമിച്ചുപോയി.
8. കര്‍ത്താവേ, അങ്ങയോടു ഞാന്‍ 
                  നിലവിളിച്ചു; 
    ഞാന്‍ കര്‍ത്താവിനോടു യാചിച്ചു.
9. ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ 
       എന്റെ മരണം കൊണ്ട് എന്തുഫലം?
    ധൂളി അങ്ങയെ വാഴ്ത്തുമോ?
     അത് അങ്ങയുടെ വിശ്വസ്തതയെ 
                      പ്രഘോഷിക്കുമോ?
10. കര്‍ത്താവേ, എന്റെ യാചന കേട്ട് 
            എന്നോട് കരുണ തോന്നേണമേ!
       കര്‍ത്താവേ, അവിടുന്നെന്നെ 
                                സഹായിക്കണമേ!
11. അവിടുന്ന് എന്റെ വിലാപത്തെ 
                  ആനന്ദനൃത്തമാക്കി മാറ്റി;
      അവിടുന്നെന്നെ ചാക്കുവസ്ത്രമഴിച്ച്
                     ആനന്ദമണിയിച്ചു.
12. ഞാന്‍ മൗനം പാലിക്കാതെ 
                  അങ്ങയെ പാടിപ്പുകഴ്ത്തും;
      ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് 
             എന്നും നന്ദി പറയും.
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ