ഏശയ്യാ 43: 1-5
"യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവ് അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ട, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ കടന്നു പോകുമ്പോൾ ഞാൻ നിന്നോടു കൂടെയുണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. ഞാൻ നിന്റെ ദൈവമായ കർത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാൻ കൊടുത്തു. നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാൻ നൽകുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്."
ഏശയ്യാ 43: 14-21
"നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾക്കു വേണ്ടി ഞാൻ ബാബിലോണിലേക്ക് ആളയയ്ക്കുകയും എല്ലാ പ്രതിബന്ധങ്ങളും തകർക്കുകയും ചെയ്യും. കൽദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും. ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കർത്താവാണ് ഞാൻ. സമുദ്രത്തിൽ വഴി വെട്ടുന്നവനും പെരുവെള്ളത്തിൽ പാതയൊരുക്കുന്നവനും രഥം, കുതിര, സൈന്യം, പടയാളികൾ എന്നിവ കൊണ്ടുവരുന്നവനുമായ കർത്താവ് അരുളിച്ചെയ്യുന്നു:
എഴുന്നേൽക്കാനാവാതെ ഇതാ അവർ കിടക്കുന്നു. അവർ പടുതിരി പോലെ അണഞ്ഞുപോകും. കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കയോ വേണ്ടാ.
ഇതാ, ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ? ഞാൻ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും. വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. എന്നെ സ്തുതിച്ചു പ്രകീർത്തിക്കാൻ ഞാൻ സൃഷ്ടിച്ചു തെരഞ്ഞെടുത്ത ജനത്തിന് ദാഹജലം നൽകാൻ മരുഭൂമിയിൽ ജലവും വിജനദേശത്ത് നദികളും ഞാൻ ഒഴുക്കി."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ