ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടേയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടേയും ആത്മാവ്. അവൻ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണു കൊണ്ടു കാണുന്നതുകൊണ്ടോ ചെവി കൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല. ദരിദ്രരെ അവൻ ധർമ്മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവൻ നീതിപൂർവം വർത്തിക്കും. ആജ്ഞാദണ്ഡു കൊണ്ട് അവൻ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്തതയും കൊണ്ട് അവൻ അരമുറുക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടു കൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കർത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ