2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ദൈവമാതാവിന്റെ വിലാപം - പുത്തൻപാന


സർവ്വരേയും വിധിക്കുന്ന 
                സർവ്വസൃഷ്ടിസ്ഥിതിനാഥാ
സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്രാ !
      കാരണം കൂടാതെ നിന്നെ 
                   കൊലചെയ്യാൻ വൈരിവൃന്ദം
      കാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്രാ !  
പിന്നെ ഹേറോദേസു പക്കൽ, 
                നിന്നെയവർ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ !  
പിന്നെയധികാരിപക്കൽ 
                 നിന്നെയവൻ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ !  
എങ്കിലും നീയൊരുത്തർക്കും 
                സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്കെന്തിതു പുത്രാ !  
പ്രാണനുള്ളോനെന്നു ചിത്തേ
                സ്മരിക്കാതെ വൈരമോടെ
തൂണുതന്മേൽ കെട്ടിനിന്നെയടിച്ചോ പുത്രാ !  
ആളുമാറി അടിച്ചയ്യോ
              ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ !  
ഉള്ളിലുള്ള വൈരമോടെ
              യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവച്ചു തറച്ചോ പുത്രാ !  
തലയെല്ലാം മുറിഞ്ഞയ്യോ
                  ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ !  
തലതൊട്ടങ്ങടിയോളം 
              തൊലിയില്ല മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ !  
നിൻതിരുമേനിയിൻ ചോര
              കുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നു പുത്രാ !  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ