ദൈവമാതാവിന്റെ വ്യാകുല പ്രലാപം
അമ്മകന്യാമണി തന്റെ
നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും.
ദുഃഖമൊക്കെ പറവാനോ
വാക്കു പോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചുകൊൾവാൻ
ബുദ്ധിയും പോരാ...
എന്മനോവാക്കിൻവശംപോൽ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കങ്കിൽ പറയാമൽപ്പം...
സർവ്വമാനുഷർക്കു വന്ന സർവ്വദോഷോത്തരത്തിനായ്
സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടു കണ്ട
സർവ്വദുഃഖം നിറഞ്ഞമ്മ പുത്രനെ നോക്കി...
കുന്തമമ്പ് വെടി ചങ്കിൽ-
ക്കൊണ്ടപോലെ മനം വാടി
തൻതിരുക്കാൽ കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽനിന്നും ചിന്തി വീഴും കണ്ണുനീരാൽ
എന്തു ചൊല്ലാവതു ദുഃഖം
പറഞ്ഞാലൊക്കാ...
അന്തമറ്റ സർവ്വനാഥൻ തൻതിരുക്കൽപ്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം...
എൻമകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ..
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ...
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ...
ആദമാദി നരവർഗ്ഗം ഭീതി കൂടാതെ പിഴച്ചു
ഹേതുവതിന്നുത്തരം നീ ചെയ്തിതോ പുത്രാ...
നന്നുനന്നു നരരക്ഷ
നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു
വിധിച്ചോ പുത്രാ...
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ, മുന്നമേ നീ മരിച്ചോ പുത്രാ...
വാർത്തമുമ്പേയറിയിച്ചു
യാത്ര നീയെന്നോടുചൊല്ലി
ഗാത്രദത്തം മാനുഷർക്കു യാത്ര നീയെന്നോടുചൊല്ലി
കൊടുത്തോ പുത്രാ....
മാനുഷർക്ക് നിൻപിതാവ്
മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു
കേണിതോ പുത്രാ....
ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോരവിയർത്തു നീ കുളിച്ചോ പുത്രാ....
വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ....
ഭൂമിദോഷ വലഞ്ഞാറെ
സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിച്ചോ പുത്രാ....
ഇങ്ങനെ നീ മാനുഷർക്ക്
മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്രാ....
വേല നീയിങ്ങനെചെയ്തു
കൂലി സമ്മാനിപ്പതിന്നായ്
കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്രാ....
ഒത്തപോലെ ഒറ്റി കള്ളൻ മുത്തിനിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ....
എത്രനാളായ് നീയവനെ,
വളർത്തു പാലിച്ച നീചൻ
ശത്രുകൈയിൽ വിറ്റു നിന്നെ
കൊടുത്തോ പുത്രാ....
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നൽകായിരുന്നയ്യോ
ചതിച്ചോ പുത്രാ....
ചോരനെപ്പോലെ പിടിച്ചു,
ക്രൂരമോടെ കരംകെട്ടി
ധീരതയോടവർ നിന്നെയടിച്ചോ പുത്രാ....
പിന്നെ ഹന്നാൻതന്റെ മുന്നിൽവെച്ചുനിന്റെ കവിളിന്മേൽ
മന്നിലേക്കു നീചപാപിയടിച്ചോ പുത്രാ....
പിന്നെ ന്യായം വിധിപ്പാനായ്
ചെന്നു കയ്യേപ്പാടെ മുമ്പിൽ
നിന്ദ ചെയ്തു നിന്നെ നീചൻ
വിധിച്ചോ പുത്രാ !
Fr. John Ernst |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ