2016, ജൂൺ 15, ബുധനാഴ്‌ച

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ

                                         സങ്കീർത്തനം 148 



1. കർത്താവിനെ സ്തുതിക്കുവിൻ; 
    ആകാശത്തുനിന്നു കർത്താവിനെ 
             സ്തുതിക്കുവിൻ;  ഉന്നതങ്ങളിൽ അവിടുത്തെ 
                             സ്തുതിക്കുവിൻ.
2. കർത്താവിന്റെ ദൂതന്മാരേ, അവിടുത്തെ
               സ്തുതിക്കുവിൻ; കർത്താവിന്റെ സൈന്യങ്ങളെ,
          അവിടുത്തെ സ്തുതിക്കുവിൻ; സൂര്യചന്ദ്രന്മാരേ,
                 അവിടുത്തെ സ്തുതിക്കുവിൻ.
3. മിന്നിത്തിളങ്ങുന്ന  നക്ഷത്രങ്ങളേ, അവിടുത്തെ 
                             സ്തുതിക്കുവിൻ;
    ഉന്നതവാനിടമേ കർത്താവിനെ സ്തുതിക്കുവിൻ.
4. ആകാശത്തിനു മേലുള്ള ജലസഞ്ചയമേ,
           അവിടുത്തെ സ്തുതിക്കുവിൻ.
5. അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.
     എന്തെന്നാൽ, അവിടുന്ന് കല്പ്പിച്ചു;
                      അവ സൃഷ്ടിക്കപ്പെട്ടു.
6. അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി;
    അലംഘനീയമായ അതിർത്തികൾ അവിടുന്ന് 
                     അവയ്ക്ക് നിശ്ചയിച്ചു.
7. ഭൂമിയിൽനിന്നു കർത്താവിനെ സ്തുതിക്കുവിൻ;
    കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,
               കർത്താവിനെ സ്തുതിക്കുവിൻ. 
8. അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും 
           അവിടുത്തെ കൽപന അനുസരിക്കുന്ന 
                 കൊടുംകാറ്റും കർത്താവിനെ  സ്തുതിക്കട്ട!
9. പർവതങ്ങളും മലകളും ഫലവൃക്ഷങ്ങളും 
                              ദേവദാരുക്കളും 
10. വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും 
                                           പറവകളും,
11. ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും 
                                ഭരണാധികാരികളും,
12. യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും 
13. കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ!
      അവിടുത്തെ നാമം മാത്രമാണ് സമുന്നതം;
      അവിടുത്തെ മഹത്വം ഭൂമിയും 
                    ആകാശത്തെയുംകാൾ ഉന്നതമാണ്.
14. അവിടുന്ന് തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പ് 
                            ഉയർത്തിയിരിക്കുന്നു;
      തന്നോടു ചേർന്നുനിൽക്കുന്ന ഇസ്രായേൽ ജനത്തിന്റെ 
                                     മഹത്വം തന്നെ.
      കർത്താവിനെ സ്തുതിക്കുവിൻ.
   

2016, ജൂൺ 13, തിങ്കളാഴ്‌ച

സർവശക്തനായ ദൈവം

                                                       സങ്കീർത്തനം 147


1.  കർത്താവിനെ സ്തുതിക്കുവിൻ;
     നമ്മുടെ ദൈവത്തിനു സ്തുതി പാടുന്നത്
                                 എത്ര ഉചിതം !
    കാരുണ്യവാനായ അവിടുത്തേക്ക്‌ സ്തുതി പാടുന്നത്
                               ഉചിതം തന്നെ.
2. കർത്താവ് ജറുസലേമിനെ പണിതുയർത്തുന്നു;
    ഇസ്രായേലിൽ നിന്നു ചിതറിപ്പോയവരെ
                                           അവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
3. അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും
         അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും  ചെയ്യുന്നു.
4. അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു;
    അവയോരോന്നിനും പേരിടുന്നു.
5. നമ്മുടെ കർത്താവ് വലിയവനും കരുത്തുറ്റവനുമാണ്;
    അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
6. കർത്താവ്‌ എളിയവരെ ഉയർത്തുന്നു;
                                               ദുഷ്ടരെ തറ പറ്റിക്കുന്നു.
7. കർത്താവിനു കൃതജ്ഞതാഗാനം
                 ആലപിക്കുവിൻ; കിന്നരം മീട്ടി
                     നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ.
8. അവിടുന്ന് വാനിടത്തെ മേഘം കൊണ്ടുമൂടുന്നു;
    ഭൂമിയ്ക്കായി അവിടുന്ന് മഴയൊരുക്കുന്നു;
    അവിടുന്ന് മലകളിൽ പുല്ലു മുളപ്പിക്കുന്നു.
9. മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
             അവിടുന്ന് ആഹാരം കൊടുക്കുന്നു.
10. പടക്കുതിരയുടെ ബലത്തിൽ അവിടുന്ന്
                         സന്തോഷിക്കുന്നില്ല;
     ഓട്ടക്കാരന്റെ ശീഘ്രതയിൽ അവിടുന്ന്
                      പ്രസാദിക്കുന്നില്ല.
11. തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ
               പ്രത്യാശ വെയ്ക്കുകയും ചെയ്യുന്നവരിലാണ്
                           കർത്താവ് പ്രസാദിക്കുന്നത്.
12. ജറുസലേമേ, കർത്താവിനെ സ്തുതിക്കുക;
     സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
13. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ
                               അവിടുന്ന് ബലപ്പെടുത്തുന്നു;
      നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
                                 അവിടുന്ന് അനുഗ്രഹിക്കുന്നു.
14. അവിടുന്ന് നിന്റെ അതിർത്തികളിൽ 
                                           സമാധാനം സ്ഥാപിക്കുന്നു;
      അവിടുന്ന് വിശിഷ്ടമായ ഗോതമ്പ് കൊണ്ട് 
                                                        നിന്നെ തൃപ്തയാക്കുന്നു.
15. അവിടുന്ന് ഭൂമിയിലേക്ക്‌ കല്പ്പന അയയ്ക്കുന്നു;
      അവിടുത്തെ വചനം പാഞ്ഞു വരുന്നു.
16. അവിടുന്ന് ആട്ടിൻരോമം പോലെ 
                                             മഞ്ഞുപെയ്യിക്കുന്നു;
      ചാരംപോലെ ഹിമധൂളി വിതറുന്നു.
17. അവിടുന്ന് അപ്പക്കഷണം പോലെ 
                                     ആലിപ്പഴം പൊഴിക്കുന്നു;
      അവിടുന്ന് അയയ്ക്കുന്ന തണുപ്പ് 
                                   ആർക്ക് സഹിക്കാനാകും ?  
18. അവിടുന്ന് കൽപന അയച്ച് 
                     അതിനെ ഉരുക്കിക്കളയുന്നു;
      അവിടുന്ന് കാറ്റിനെ അയയ്ക്കുമ്പോൾ 
                                                 ജലം ഒഴുകിപ്പോകുന്നു.
19.അവിടുന്ന് യാക്കോബിനു  തന്റെ കല്പ്പനയും 
      ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും 
                                വെളിപ്പെടുത്തുന്നു.
20. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് 
                             ഇങ്ങനെ ചെയ്തിട്ടില്ല.
      അവിടുത്തെ പ്രമാണങ്ങൾ അവർക്ക് അജ്ഞാതമാണ്.
      കർത്താവിനെ സ്തുതിക്കുവിൻ.

2016, ജൂൺ 10, വെള്ളിയാഴ്‌ച

കർത്താവ് മാത്രമാണ് രക്ഷകൻ

                     സങ്കീർത്തനം 146 

1. കർത്താവിനെ സ്തുതിക്കുവിൻ;
     എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
2. ആയുഷ്കാലമത്രയും  ഞാൻ കർത്താവിനെ 
                       സ്തുതിക്കും;     ജീവിതകാലം                                       മുഴുവൻ ഞാൻ എന്റെ ദൈവത്തിനു 
                                    കീർത്തനം പാടും.
3.രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത 
              മനുഷ്യപുത്രനിൽ ആശ്രയം വയ്ക്കരുത് .
4.അവൻ മണ്ണിലേക്കു മടങ്ങുന്നു;
   അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
5. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ 
     തന്റെ ദൈവമായ കർത്താവിൽ പ്രത്യാശ 
                         വയ്ക്കുന്നവൻ  ഭാഗ്യവാൻ.
6. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും 
               അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
    അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
7. മർദ്ദിതർക്ക് അവിടുന്ന് നീതി 
                                     നടത്തിക്കൊടുക്കുന്നു;
    വിശക്കുന്നവർക്ക് അവിടുന്ന് ആഹാരം 
                                  നൽകുന്നു;
    കർത്താവ്‌ ബന്ധിതരെ മോചിപ്പിക്കുന്നു.
8. കർത്താവ്‌ അന്ധരുടെ കണ്ണു തുറക്കുന്നു;
    അവിടുന്ന് നിലം പറ്റിയവരെ 
                                        എഴുന്നേൽപ്പിക്കുന്നു;
    അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു.
9. കർത്താവ്‌ പരദേശികളെ പാലിക്കുന്നു;
    വിധവകളെയും അനാഥരെയും 
                                                  സംരക്ഷിക്കുന്നു;
    എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്ന് 
                                          നാശത്തിലെത്തിക്കുന്നു.
10. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ,
      നിന്റെ ദൈവം തലമുറകളോളം വാഴും;
      കർത്താവിനെ സ്തുതിക്കുവിൻ. 

2016, മേയ് 31, ചൊവ്വാഴ്ച

കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തൻ

സങ്കീർത്തനം 145 

1. എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ 
                പുകഴ്ത്തും; ഞാൻ  അങ്ങയുടെ നാമത്തെ 
                                    എന്നേക്കും വാഴ്ത്തും.
2. അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും;
    അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.
3. കർത്താവ് വലിയവനും അത്യന്തം 
                                                     സ്തുത്യർഹനുമാണ്;
    അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്‌.
4. തലമുറ തലമുറയോട് അങ്ങയുടെ 
                             പ്രവൃത്തികളെ പ്രകീർത്തിക്കും;
    അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി 
                                    പ്രഘോഷിക്കും.
5. അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂർണ്ണമായ 
                       തേജസ്സിനെപ്പറ്റിയും അങ്ങയുടെ 
           അത്ഭുതപ്രവൃത്തികളെപ്പറ്റിയും ഞാൻ  ധ്യാനിക്കും.
6. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ 
             ശക്തിയെപ്പറ്റി മനുഷ്യർ പ്രഘോഷിക്കും;
    ഞാൻ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും.
7. അവിടുത്തെ സമൃദ്ധമായ നന്മയുടെ 
                      പ്രശസ്തി അവർ വിളിച്ചറിയിക്കും;
    അങ്ങയുടെ നീതിയെപ്പറ്റി അവർ ഉച്ചത്തിൽ പാടും.
8. കർത്താവ് കൃപാലുവും കരുണാമയനും 
                                  ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
9. കർത്താവ് എല്ലാവർക്കും നല്ലവനാണ്;
     തന്റെ സർവസൃഷ്ടികളുടെയും മേൽ അവിടുന്ന് 
                            കരുണ ചൊരിയുന്നു.
10. കർത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും 
                          അവിടുത്തേക്ക്‌ കൃതജ്ഞതയർപ്പിക്കും;
      അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും.
11. അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി 
                               അവർ സംസാരിക്കും;
      അവിടുത്തെ ശക്തിയെ അവർ വർണ്ണിക്കും.
12. അവിടുത്തെ ശക്തമായ  പ്രവൃത്തികളും 
      അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂർണ്ണമായ 
                    പ്രതാപവും മനുഷ്യമക്കളെ അവർ 
                                         അറിയിക്കും.
13. അവിടുത്തെ രാജത്വം ശാശ്വതമാണ്;
      അവിടുത്തെ ആധിപത്യം തലമുറകളോളം 
                           നിലനിൽക്കുന്നു;
     കർത്താവ് വാഗ് ദാനങ്ങളിൽ വിശ്വസ്തനും 
                പ്രവൃത്തികളിൽ കാരുണ്യവാനുമാണ്.
14. കർത്താവ് വീഴുന്നവരെ താങ്ങുന്നു; നിലം 
               പറ്റിയവരെ എഴുന്നേൽപ്പിക്കുന്നു.
15. എല്ലാവരും അങ്ങയിൽ ദൃഷ്ടി പതിച്ചിരിക്കുന്നു;
            അങ്ങ് അവർക്ക് യഥാസമയം 
                                          ആഹാരം കൊടുക്കുന്നു.
16. അവിടുന്ന് കൈതുറന്നു കൊടുക്കുന്നു;
              എല്ലാവരും സംതൃപ്തരാകുന്നു.
17. കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും 
                 അവിടുത്തെ പ്രവൃത്തികൾ 
                            കൃപാപൂർണ്ണവുമാണ്.
18. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്,
              ഹൃദയപരമാർഥതയോടെ
                                 വിളിച്ചപേക്ഷിക്കുന്നവർക്ക്,
              കർത്താവ്‌ സമീപസ്ഥനാണ്.
19. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് 
             സഫലമാക്കുന്നു;  അവിടുന്ന് അവരുടെ 
                            നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു.
20. തന്നെ സ്നേഹിക്കുന്നവരെ കർത്താവ്‌ 
            പരിപാലിക്കുന്നു; എന്നാൽ, സകല ദുഷ്ടരെയും         
                        അവിടുന്ന് നശിപ്പിക്കും.
21. എന്റെ വായ്‌ കർത്താവിന്റെ സ്തുതികൾ പാടും;
      എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ 
                                എന്നേക്കും വാഴ്തട്ടെ!  

കർത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത

സങ്കീർത്തനം 144


1. എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ !
    യുദ്ധം ചെയ്യാൻ എന്റെ കൈകളെയും പട പൊരുതാൻ 
                     എന്റെ  വിരലുകളെയും അവിടുന്ന് 
                                      പരിശീലിപ്പിക്കുന്നു.
2. അവിടുന്നാണ് എന്റെ അഭയശിലയും ദുർഗവും 
                                       ശക്തികേന്ദ്രവും;
    എന്റെ വിമോചകനും പരിചയുമായ അങ്ങയിൽ ഞാൻ                   
                                   ആശ്രയിക്കുന്നു;
    അവിടുന്ന് ജനതകളെ കീഴടക്കുന്നു .
3. കർത്താവേ, അവിടുത്തെ ചിന്തയിൽ വരാൻ 
                 മർത്ത്യന്  എന്തു മേന്മയുണ്ട് ?
    അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന്
                                എന്ത് അർഹതയുണ്ട് ?
4. മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്;
    അവന്റെ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽ 
                                  പോലെയാകുന്നു.
5. കർത്താവേ, അങ്ങ് ആകാശം ചായിച്ച് 
                         ഇറങ്ങി വരണമേ! 
    പർവതങ്ങളെ സ്പർശിക്കണമേ ! അവ പുകയട്ടെ!
6. ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ ..
    അസ്ത്രങ്ങളയച്ച് അവരെ ചിതറിക്കണമേ ..
7. ഉന്നതത്തിൽ നിന്ന് കൈനീട്ടി എന്നെ രക്ഷിക്കണമേ ..
    പെരുവെള്ളത്തിൽ നിന്ന്, ജനതകളുടെ കൈയിൽനിന്ന് 
                                     എന്നെ രക്ഷിക്കണമേ !
8.അവരുടെ നാവ് വ്യാജം പറയുന്നു;
   അവർ വലത്തുകൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.
9. ദൈവമേ, ഞാൻ അങ്ങേക്ക് പുതിയ കീർത്തനം പാടും;
    ദശതന്ത്രീനാദത്തോടെ ഞാനങ്ങയെ പുകഴ്ത്തും.
10. അങ്ങാണ് രാജാക്കന്മാർക്ക് വിജയം നൽകുകയും 
            അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും 
                                             ചെയ്യുന്നത്.
11. ക്രൂരമായ വാളിൽ നിന്ന് എന്നെ രക്ഷിക്കണമേ !
      ജനതകളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ !
      അവരുടെ നാവ് വ്യാജം പറയുന്നു;
      അവർ വലത്തുകൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.
12. ഞങ്ങളുടെ പുത്രന്മാർ മുളയിലേ തഴച്ചുവളരുന്ന 
                                             സസ്യം പോലെയും 
      ഞങ്ങളുടെ പുത്രിമാർ കൊട്ടാരത്തിനുവേണ്ടി 
               കൊത്തിയെടുത്ത സ്തംഭം പോലെയും ആയിരിക്കട്ടെ!
13. ഞങ്ങളുടെ അറപ്പുരകൾ എല്ലാത്തരം ധാന്യങ്ങളും 
                                   കൊണ്ടു നിറഞ്ഞിരിക്കട്ടെ!
     ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ വയലുകളിൽ 
               ആയിരങ്ങളും പതിനായിരങ്ങളുമായി പെരുകട്ടെ !
14.  ഞങ്ങളുടെ കന്നുകാലികൾ വന്ധ്യതയോ 
               അകാലപ്രസവമോ ഇല്ലാതെ വർദ്ധിക്കട്ടെ !
      ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം 
                                                                  കേൾക്കാതിരിക്കട്ടെ!
15. ഇപ്രകാരം അനുഗ്രഹം ലഭിച്ച ജനത ഭാഗ്യമുള്ളത്; 
            കർത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത്.          

2015, നവംബർ 18, ബുധനാഴ്‌ച

കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥന

സങ്കീർത്തനം 143 

1. കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ യാചന ശ്രവിക്കണമേ !
    അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് 
                                            ഉത്തരമരുളണമേ.
2. ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ !
    എന്തെന്നാൽ, ജീവിക്കുന്ന ഒരുവനും 
                         അങ്ങയുടെ മുൻപിൽ നീതിമാനല്ല.
3. ശത്രു എന്നെ പിന്തുടർന്നു; അവൻ എന്റെ ജീവനെ 
                         നിലത്തെറിഞ്ഞു തകർത്തു ;
    പണ്ടേ മരിച്ചവനെപ്പോലെ എന്നെ അവൻ 
                          ഇരുട്ടിൽ  തള്ളി.
4. ഞാൻ വിഷാദഗ്രസ്തനായിരിക്കുന്നു;
   എന്റെ ഹൃദയം നടുങ്ങുന്നു.
5. കഴിഞ്ഞ കാലങ്ങൾ  ഞാൻ ഓർക്കുന്നു;
    അവിടുന്ന് ചെയ്ത എല്ലാ കാര്യങ്ങളെയും പറ്റി 
                    ഞാൻ ധ്യാനിക്കുന്നു ;
   അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ച്  
                            ഞാൻ ചിന്തിക്കുന്നു.
6. ഞാൻ അങ്ങയുടെ നേർക്കു കരങ്ങൾ വിരിക്കുന്നു;
    ഉണങ്ങിവരണ്ട നിലം പോലെ എന്റെ ഹൃദയം 
                    അങ്ങേയ്ക്കായി ദാഹിക്കുന്നു .
7. കർത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ.
   ഇതാ, എന്റെ പ്രാണൻ പോകുന്നു !
  എന്നിൽനിന്നു മുഖം മറയ്ക്കരുരുതേ !
  മറച്ചാൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെയാകും.
8. പ്രഭാതത്തിൽ ഞാൻ അങ്ങയുടെ കാരുണ്യത്തെപ്പറ്റി 
                                കേൾക്കട്ടെ !
    എന്തെന്നാൽ,ഞാൻ അങ്ങയിലാണ് ആശ്രയിക്കുന്നത്. ഞാൻ 
                നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ !
    എന്തെന്നാൽ, എന്റെ ആത്മാവിനെ അങ്ങയുടെ 
                    സന്നിധിയിലേക്കാണ് ഞാൻ ഉയർത്തുന്നത്.
9. കർത്താവേ, ശത്രുക്കളിൽ നിന്ന് എന്നെ 
           മോചിപ്പിക്കണമേ! അഭയം തേടി ഞാൻ അങ്ങയുടെ 
                  സന്നിധിയിലേക്ക് ഓടിവന്നിരിക്കുന്നു.
10. അങ്ങയുടെ ഹിതം അനുവർത്തിക്കാൻ എന്നെ 
                             പഠിപ്പിക്കണമേ !
     എന്തെന്നാൽ, അവിടുന്നാണ് എന്റെ ദൈവം !
     അങ്ങയുടെ നല്ല ആത്മാവ് എന്നെ നിരപ്പുള്ള 
                         വഴിയിലൂടെ നയിക്കട്ടെ !
11. കർത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ ജീവൻ 
                            പരിപാലിക്കണമേ !
     അങ്ങയുടെ നീതിയാൽ എന്നെ ദുരിതത്തിൽ നിന്ന് 
                              മോചിപ്പിക്കണമേ !
12. കാരുണ്യവാനായ അങ്ങ് എന്റെ ശത്രുക്കളെ 
                         വിശ്ചേദിക്കണമേ !
      എന്റെ വൈരികളെ നശിപ്പിക്കണമേ !
     എന്തെന്നാൽ, ഞാൻ അങ്ങയുടെ ദാസനാണ്‌.

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പരിത്യക്തന്റെ പ്രാർത്ഥന

സങ്കീർത്തനം 142 - പരിത്യക്തന്റെ പ്രാർത്ഥന 

1. ഞാൻ ഉച്ചത്തിൽ കർത്താവിനെ            
                            വിളിച്ചപേക്ഷിക്കുന്നു;
    ശബ്ദമുയർത്തി കർത്താവിനോടു ഞാൻ   
                                    യാചിക്കുന്നു.
2. അവിടുത്തെ സന്നിധിയിൽ എന്റെ  
               ആവലാതികൾ ഞാൻ ചൊരിയുന്നു ;          
     എന്റെ ദുരിതങ്ങൾ അവിടുത്തെ മുൻപിൽ 
                      ഞാൻ നിരത്തുന്നു.
3. ഞാൻ തളരുമ്പോൾ എന്റെ വഴി അങ്ങ് 
                        അറിയുന്നു;
    ഞാൻ നടക്കുന്ന വഴിയിൽ അവർ എനിക്ക് 
                          കെണി വച്ചിരിക്കുന്നു.
4. വലത്തുവശത്തേക്കു നോക്കി ഞാൻ 
                 കാത്തിരിക്കുന്നു;
    എന്നാൽ, ആരും എന്നെ ശ്രദ്ധിക്കുന്നില്ല.
    ഒരു രക്ഷാകേന്ദ്രവും എനിക്ക് 
                              അവശേഷിക്കുന്നില്ല;
    ആരും എന്നെ പരിഗണിക്കുന്നുമില്ല.
5. കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
    അങ്ങാണ് എന്റെ അഭയം;
    ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ 
                 അവകാശം എന്നു ഞാൻ പറഞ്ഞു. 
6. എന്റെ നിലവിളി ശ്രദ്ധിക്കേണമേ;
    എന്തെന്നാൽ, ഞാൻ അങ്ങേയറ്റം 
                        തകർക്കപ്പെട്ടിരിക്കുന്നു;
    പീഡിപ്പിക്കുന്നവരിൽ നിന്ന് എന്നെ 
                        രക്ഷിക്കണമേ!
   അവർ എന്റെ ശക്തിക്കതീതരാണ്.
7. തടവറയിൽ നിന്ന് എന്നെ മോചിപ്പിക്കനണമേ;
    ഞാൻ അങ്ങയുടെ നാമത്തിനു 
                                     നന്ദി പറയട്ടെ;
   നീതിമാന്മാർ എന്റെ ചുറ്റും സമ്മേളിക്കും;
  എന്തെന്നാൽ, അവിടുന്ന് എന്നോടു 
                     ദയ കാണിക്കും.