2016, മേയ് 31, ചൊവ്വാഴ്ച

കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തൻ

സങ്കീർത്തനം 145 

1. എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ 
                പുകഴ്ത്തും; ഞാൻ  അങ്ങയുടെ നാമത്തെ 
                                    എന്നേക്കും വാഴ്ത്തും.
2. അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും;
    അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.
3. കർത്താവ് വലിയവനും അത്യന്തം 
                                                     സ്തുത്യർഹനുമാണ്;
    അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്‌.
4. തലമുറ തലമുറയോട് അങ്ങയുടെ 
                             പ്രവൃത്തികളെ പ്രകീർത്തിക്കും;
    അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി 
                                    പ്രഘോഷിക്കും.
5. അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂർണ്ണമായ 
                       തേജസ്സിനെപ്പറ്റിയും അങ്ങയുടെ 
           അത്ഭുതപ്രവൃത്തികളെപ്പറ്റിയും ഞാൻ  ധ്യാനിക്കും.
6. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ 
             ശക്തിയെപ്പറ്റി മനുഷ്യർ പ്രഘോഷിക്കും;
    ഞാൻ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും.
7. അവിടുത്തെ സമൃദ്ധമായ നന്മയുടെ 
                      പ്രശസ്തി അവർ വിളിച്ചറിയിക്കും;
    അങ്ങയുടെ നീതിയെപ്പറ്റി അവർ ഉച്ചത്തിൽ പാടും.
8. കർത്താവ് കൃപാലുവും കരുണാമയനും 
                                  ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
9. കർത്താവ് എല്ലാവർക്കും നല്ലവനാണ്;
     തന്റെ സർവസൃഷ്ടികളുടെയും മേൽ അവിടുന്ന് 
                            കരുണ ചൊരിയുന്നു.
10. കർത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും 
                          അവിടുത്തേക്ക്‌ കൃതജ്ഞതയർപ്പിക്കും;
      അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും.
11. അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി 
                               അവർ സംസാരിക്കും;
      അവിടുത്തെ ശക്തിയെ അവർ വർണ്ണിക്കും.
12. അവിടുത്തെ ശക്തമായ  പ്രവൃത്തികളും 
      അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂർണ്ണമായ 
                    പ്രതാപവും മനുഷ്യമക്കളെ അവർ 
                                         അറിയിക്കും.
13. അവിടുത്തെ രാജത്വം ശാശ്വതമാണ്;
      അവിടുത്തെ ആധിപത്യം തലമുറകളോളം 
                           നിലനിൽക്കുന്നു;
     കർത്താവ് വാഗ് ദാനങ്ങളിൽ വിശ്വസ്തനും 
                പ്രവൃത്തികളിൽ കാരുണ്യവാനുമാണ്.
14. കർത്താവ് വീഴുന്നവരെ താങ്ങുന്നു; നിലം 
               പറ്റിയവരെ എഴുന്നേൽപ്പിക്കുന്നു.
15. എല്ലാവരും അങ്ങയിൽ ദൃഷ്ടി പതിച്ചിരിക്കുന്നു;
            അങ്ങ് അവർക്ക് യഥാസമയം 
                                          ആഹാരം കൊടുക്കുന്നു.
16. അവിടുന്ന് കൈതുറന്നു കൊടുക്കുന്നു;
              എല്ലാവരും സംതൃപ്തരാകുന്നു.
17. കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും 
                 അവിടുത്തെ പ്രവൃത്തികൾ 
                            കൃപാപൂർണ്ണവുമാണ്.
18. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്,
              ഹൃദയപരമാർഥതയോടെ
                                 വിളിച്ചപേക്ഷിക്കുന്നവർക്ക്,
              കർത്താവ്‌ സമീപസ്ഥനാണ്.
19. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് 
             സഫലമാക്കുന്നു;  അവിടുന്ന് അവരുടെ 
                            നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു.
20. തന്നെ സ്നേഹിക്കുന്നവരെ കർത്താവ്‌ 
            പരിപാലിക്കുന്നു; എന്നാൽ, സകല ദുഷ്ടരെയും         
                        അവിടുന്ന് നശിപ്പിക്കും.
21. എന്റെ വായ്‌ കർത്താവിന്റെ സ്തുതികൾ പാടും;
      എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ 
                                എന്നേക്കും വാഴ്തട്ടെ!  

കർത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത

സങ്കീർത്തനം 144


1. എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ !
    യുദ്ധം ചെയ്യാൻ എന്റെ കൈകളെയും പട പൊരുതാൻ 
                     എന്റെ  വിരലുകളെയും അവിടുന്ന് 
                                      പരിശീലിപ്പിക്കുന്നു.
2. അവിടുന്നാണ് എന്റെ അഭയശിലയും ദുർഗവും 
                                       ശക്തികേന്ദ്രവും;
    എന്റെ വിമോചകനും പരിചയുമായ അങ്ങയിൽ ഞാൻ                   
                                   ആശ്രയിക്കുന്നു;
    അവിടുന്ന് ജനതകളെ കീഴടക്കുന്നു .
3. കർത്താവേ, അവിടുത്തെ ചിന്തയിൽ വരാൻ 
                 മർത്ത്യന്  എന്തു മേന്മയുണ്ട് ?
    അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന്
                                എന്ത് അർഹതയുണ്ട് ?
4. മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്;
    അവന്റെ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽ 
                                  പോലെയാകുന്നു.
5. കർത്താവേ, അങ്ങ് ആകാശം ചായിച്ച് 
                         ഇറങ്ങി വരണമേ! 
    പർവതങ്ങളെ സ്പർശിക്കണമേ ! അവ പുകയട്ടെ!
6. ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ ..
    അസ്ത്രങ്ങളയച്ച് അവരെ ചിതറിക്കണമേ ..
7. ഉന്നതത്തിൽ നിന്ന് കൈനീട്ടി എന്നെ രക്ഷിക്കണമേ ..
    പെരുവെള്ളത്തിൽ നിന്ന്, ജനതകളുടെ കൈയിൽനിന്ന് 
                                     എന്നെ രക്ഷിക്കണമേ !
8.അവരുടെ നാവ് വ്യാജം പറയുന്നു;
   അവർ വലത്തുകൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.
9. ദൈവമേ, ഞാൻ അങ്ങേക്ക് പുതിയ കീർത്തനം പാടും;
    ദശതന്ത്രീനാദത്തോടെ ഞാനങ്ങയെ പുകഴ്ത്തും.
10. അങ്ങാണ് രാജാക്കന്മാർക്ക് വിജയം നൽകുകയും 
            അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും 
                                             ചെയ്യുന്നത്.
11. ക്രൂരമായ വാളിൽ നിന്ന് എന്നെ രക്ഷിക്കണമേ !
      ജനതകളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ !
      അവരുടെ നാവ് വ്യാജം പറയുന്നു;
      അവർ വലത്തുകൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.
12. ഞങ്ങളുടെ പുത്രന്മാർ മുളയിലേ തഴച്ചുവളരുന്ന 
                                             സസ്യം പോലെയും 
      ഞങ്ങളുടെ പുത്രിമാർ കൊട്ടാരത്തിനുവേണ്ടി 
               കൊത്തിയെടുത്ത സ്തംഭം പോലെയും ആയിരിക്കട്ടെ!
13. ഞങ്ങളുടെ അറപ്പുരകൾ എല്ലാത്തരം ധാന്യങ്ങളും 
                                   കൊണ്ടു നിറഞ്ഞിരിക്കട്ടെ!
     ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ വയലുകളിൽ 
               ആയിരങ്ങളും പതിനായിരങ്ങളുമായി പെരുകട്ടെ !
14.  ഞങ്ങളുടെ കന്നുകാലികൾ വന്ധ്യതയോ 
               അകാലപ്രസവമോ ഇല്ലാതെ വർദ്ധിക്കട്ടെ !
      ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം 
                                                                  കേൾക്കാതിരിക്കട്ടെ!
15. ഇപ്രകാരം അനുഗ്രഹം ലഭിച്ച ജനത ഭാഗ്യമുള്ളത്; 
            കർത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത്.