2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ആശ്വാസം ദൈവത്തിൽ മാത്രം

സങ്കീർത്തനം 62

1. ദൈവത്തിൽ മാത്രമാണ് 

                      എനിക്ക് ആശ്വാസം;
    അവിടുന്നാണ് എനിക്കു രക്ഷ നൽകുന്നത്.
2. അവിടുന്നു മാത്രമാണ് എന്റെ
                       അഭയശിലയും കോട്ടയും;
    ഞാൻ കുലുങ്ങി വീഴുകയില്ല.
3. ചരിഞ്ഞമതിലും ആടുന്നവേലിയും പോലുള്ള
                ഒരുവനെ തകർക്കാൻ
   നിങ്ങൾ എത്ര നാൾ ഒരുമ്പെടും?
4. അവന്റെ ഔന്നത്യത്തിൽ നിന്ന് അവനെ
          തള്ളിയിടാൻ മാത്രമാണ് അവർ
                                   ആലോചിക്കുന്നത്.
    അവർ വ്യാജത്തിൽ ആനന്ദിക്കുന്നു;
    അധരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു;
    ഹൃദയം കൊണ്ട് ശപിക്കുന്നു.
5. ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം;
    അവിടുന്നാണ് എനിക്കു പ്രത്യാശ
                നൽകുന്നത്.
6. അവിടുന്നു മാത്രമാണ് എന്റെ
                  അഭയശിലയും കോട്ടയും;
   എനിക്കു കുലുക്കം തട്ടുകയില്ല.
7. എന്റെ മോചനവും മഹിമയും
                              ദൈവത്തിലാണ്;
    എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

8. ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ;
    അവിടുത്തെ മുമ്പിൽ നിങ്ങളുടെ
                             ഹൃദയം തുറക്കുവിൻ;
    അവിടുന്നാണ് നമ്മുടെ സങ്കേതം.

9. മർത്ത്യൻ ഒരു നിശ്വാസം മാത്രം;
    വലിയവനും ചെറിയവനും
            ഒന്നുപോലെ മിഥ്യയാണ്;
    തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
    അവർ മുഴുവൻ ചേർന്നാലും
              ശ്വാസത്തേക്കാൾ  ലഘുവാണ്.
10. ചൂഷണത്തിൽ ആശ്രയിക്കരുത്;
     കവർച്ചയിൽ വ്യർത്ഥമായി ആശ വയ്ക്കരുത്;
     സമ്പത്തു വർദ്ധിച്ചാൽ അതിൽ
                                     മനസ്സു വയ്ക്കരുത്.
11. ദൈവം ഒരുപ്രാവശ്യം അരുളിച്ചെയ്തു;
      രണ്ടു പ്രാവശ്യം ഞാനതു കേട്ടു;
      ശക്തി ദൈവത്തിന്റെതാണ്.
12. കർത്താവേ, കാരുണ്യവും അങ്ങയുടേതാണ്;
      അവിടുന്ന് മനുഷ്യന് പ്രവൃത്തിയ്ക്കൊത്ത്
                    പ്രതിഫലം നൽകുന്നു.

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ദൈവം സുശക്തഗോപുരം

സങ്കീർത്തനം 61

1. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ!
    എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ!
2. ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ
          അതിർത്തിയിൽ നിന്ന് അവിടുത്തോടു
                    വിളിച്ചപേക്ഷിക്കുന്നു;
    എനിക്ക് അപ്രാപ്യമായ പാറയിൽ
                 എന്നെ കയറ്റിനിർത്തണമേ!
3. അങ്ങാണ് എന്റെ രക്ഷാകേന്ദ്രം;
    ശത്രുക്കൾക്കെതിരേയുള്ള സുശക്തഗോപുരം.
4. ഞാൻ അങ്ങയുടെ കൂടാരത്തിൽ
                      എന്നേയ്ക്കും വസിക്കട്ടെ!
    അങ്ങയുടെ ചിറകിൻകീഴിൻ ഞാൻ
                         സുരക്ഷിതനായിരിക്കട്ടെ!
5. ദൈവമേ, അങ്ങ് എന്റെ നേർച്ചകൾ സ്വീകരിച്ചു;
    അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള
              അവകാശം എനിക്കു നൽകി.
6. രാജാവിന് ദീർഘായുസ്സ് നൽകണമേ!
    അവന്റെ സംവൽസരങ്ങൾ തലമുറകളോളം
                  നിലനിൽക്കട്ടെ!
7. ദൈവസന്നിധിയിൽ അവൻ എന്നേയ്ക്കും
                    സിംഹാസനസ്ഥനായിരിക്കട്ടെ!
    അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
           അവനെ കാത്തുസൂക്ഷിക്കട്ടെ!
8. അപ്പോൾ ഞാൻ അവിടുത്തെ നാമത്തെ
         എന്നേയ്ക്കും പാടിപ്പുകഴ്ത്തും;
    അങ്ങനെ ഞാൻ എന്റെ നേർച്ച ദിനംതോറും
                               നിറവേറ്റും.

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ദൈവം എന്റെ ശക്തിദുർഗ്ഗം

സങ്കീര്‍ത്തനം 59

1. എന്റെ ദൈവമേ, ശത്രുക്കളുടെ കൈയിൽ നിന്ന്
              എന്നെ മോചിപ്പിക്കണമേ!
   എന്നെ എതിർക്കുന്നവനിൽ നിന്ന് എന്നെ
                       രക്ഷിക്കണമേ!
2. ദുഷ്ക്കർമ്മികളിൽ നിന്ന് എന്നെ വിടുവിക്കണമേ!
    രക്തദാഹികളിൽ നിന്ന് എന്നെ
                              കാത്തുകൊള്ളണമേ!
3. അതാ, അവർ എന്റെ ജീവനുവേണ്ടി
                                              പതിയിരിക്കുന്നു;
   ക്രൂരർ എനിക്കെതിരായി സംഘം ചേരുന്നു;
   കർത്താവേ, ഇത് എന്റെ അതിക്രമമോ
                                      പാപമോ നിമിത്തമല്ല.
4. എന്റെ തെറ്റു കൊണ്ടല്ല അവർ ഓടിയടുക്കുന്നത്;
    ഉണർന്നെഴുന്നേറ്റ് എന്റെ സഹായത്തിനു
                            വരണമേ!
    അങ്ങുതന്നെ കാണണമേ!
5. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
               അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്;
   ജനതകളെ ശിക്ഷിക്കാൻ അങ്ങ് ഉണരണമേ!
   വഞ്ചനയോടെ തിന്മ നിരൂപിക്കുന്നവരിൽ
                      ഒരുവനെയും വെറുതെ വിടരുതേ!
6. സന്ധ്യതോറും അവർ മടങ്ങി വരുന്നു;
    നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട്
         നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.
7. അവരുടെ വായ് അസഭ്യം ചൊരിയുന്നു;
    അവരുടെ അധരങ്ങൾ വാളാണ്;
    ആരുണ്ട് കേൾക്കാൻ എന്നവർ
             വിചാരിക്കുന്നു.
8. കർത്താവേ, അങ്ങ് അവരെ പരിഹസിക്കുന്നു;
    അവിടുന്ന് സകല ജനതകളെയും പുച്ഛിക്കുന്നു.
9. എന്റെ ബലമായവനേ, ഞാനങ്ങേയ്ക്കു സ്തുതിപാടും;
    ദൈവമേ, അങ്ങെനിക്കു കോട്ടയാണ്.
10. എന്റെ ദൈവം  കനിഞ്ഞ് എന്നെ
                   സന്ദർശിക്കും;
     എന്റെ ശത്രുക്കളുടെ പരാജയം കാണാൻ
                              അവിടുന്ന് എനിക്കിടയാക്കും.