നിങ്ങളുടെ ഹൃദയം അസ്വസ്ഥതമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലമൊരുക്കിക്കഴിയുമ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം. തോമസ് പറഞ്ഞു; കർത്താവേ, നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞു കൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? ഈശോ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു് വരുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ നിങ്ങളവനെ അറിയുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു; കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക. ഞങ്ങൾക്കു് അതുമതി. ഈശോ പറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെക്കാണുന്നവൻ പിതാവിനെക്കാണുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല. പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്. ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്നു ഞാൻ പറയുന്നത് വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവൃത്തികൾ മൂലം വിശ്വസിക്കുവിൻ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയേക്കാൾ വലിയവയും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ
പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും.
(ജോൺ: 14. 1-14)